തദ്ദേശ തെരഞ്ഞെടുപ്പ്: മുന്നണിക്ക് പുറത്തെ സംഘടനകളുമായി സഹകരിച്ചു നീങ്ങുമെന്ന് മുസ്ലിം ലീഗ്
text_fieldsകോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പാക്കാൻ യു.ഡി.എഫിന് പുറത്തുള്ള സംഘടനകളുമായി യോജിച്ച് നീങ്ങാൻ മുസ്ലിം ലീഗ് തീരുമാനം. സംസ്ഥാന കമ്മിറ്റി കീഴ്ഘടകങ്ങൾക്ക് അയച്ച സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
യു.ഡി.എഫുമായി സഹകരിക്കാൻ തയാറുള്ളവരും സഹകരിപ്പിക്കാൻ പറ്റുന്നതുമായ സംഘടനകളുമായോ വിഭാഗങ്ങളുമായോ നീക്കുപോക്കുകൾ നടത്താമെന്നും ആവശ്യമുള്ളിടത്ത് പൊതുസ്വതന്ത്രരെ നിർത്തി വിജയം ഉറപ്പുവരുത്തേണ്ടതാണെന്നും സർക്കുലറിലുണ്ട്. വിജയസാധ്യത കുറഞ്ഞ പഞ്ചായത്ത്,-നഗരസഭകളിൽ കക്ഷിരാഷ്ട്രീയത്തിനതീതമായി ജനകീയ മുന്നണിക്ക് രൂപംനൽകി മത്സരിക്കണമെന്നും സർക്കുലർ നിർദേശിക്കുന്നു. എന്തുവിലകൊടുത്തും വിജയം ഉറപ്പാക്കണമെന്നാണ് നിർദേശം.
ജനകീയ മുന്നണി തീരുമാനം സി.പി.എമ്മിനെതിരായ തന്ത്രമായാണ് കരുതുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുകളിലൊക്കെയും മലബാർ മേഖലയിൽ ശക്തികുറഞ്ഞ ഇടങ്ങളിൽ സി.പി.എം ഈ തന്ത്രമാണ് ആവിഷ്കരിച്ചത്. വികസന മുന്നണിയെന്നും ജനകീയ മുന്നണിയെന്നുമൊക്കെ പേരിട്ട് സ്വതന്ത്ര ചിഹ്നങ്ങളിൽ സ്ഥാനാർഥിയെ നിർത്തി രാഷ്ട്രീയ ശത്രുക്കൾക്കെതിരെ വിജയം വരിക്കാനാണ് ഈ തന്ത്രം സി.പി.എം സ്വീകരിച്ചുവന്നത്. ലീഗും സി.പി.എമ്മിെൻറ എതിരാളികളും ഇത്തരം കൂട്ടുകെട്ടിനെ സാമ്പാർ മുന്നണിയെന്നാണ് കളിയാക്കാറുള്ളത്. ഈ തന്ത്രമാണ് ഇത്തവണ ലീഗ് പയറ്റാൻ ഉദ്ദേശിക്കുന്നത്. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മിക്കയിടങ്ങളിലും ഇടതുമുന്നണിയുമായി സഹകരിച്ച വെൽഫെയർ പാർട്ടിയെ ഇത്തവണ യു.ഡി.എഫിനൊപ്പം നിർത്താൻ മുസ്ലിം ലീഗിൽ ചർച്ച നടക്കുന്നുണ്ട്. ലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് ഇക്കാര്യം തുറന്നുപറയുകയും ചെയ്തു.
തെരഞ്ഞെടുപ്പിന് ലീഗ് പൂർണ സജ്ജം; സഹകരിക്കുന്നത് ചർച്ചയിൽ –കുഞ്ഞാലിക്കുട്ടി
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിന് മുസ്ലിം ലീഗ് പൂർണ സജ്ജമാണെന്നും വെൽെഫയർ പാർട്ടി ഉൾപ്പെടെ പാർട്ടികളുമായി സഹകരിക്കുന്നത് ചർച്ചയിലുണ്ടെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. തദ്ദേശ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ ലീഗ് പുറത്തിറക്കിയ സർക്കുലറിനെക്കുറിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടര്‍മാരെ ചേര്‍ക്കുന്ന കാര്യങ്ങളിലെല്ലാം ഓരോ ഘട്ടത്തിലും പാര്‍ട്ടി ഇടപെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് നിര്‍ദേശങ്ങളിലും മറ്റ് ഒരുക്കങ്ങള്‍ നടത്തുന്നതിനുമെല്ലാം മുന്നിലുള്ള പാര്‍ട്ടി ലീഗ് തന്നെയാണ്. പാർട്ടിയിൽ ഒരു തരത്തിലുള്ള പ്രശ്നങ്ങളുമിെല്ലന്നും യു.ഡി.എഫിന് പുറത്തുള്ള ആളുകളുമായും സഹകരണമുണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം യു.ഡി.എഫിേൻറതായിരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.