കോട്ടക്കൽ നഗരസഭയിൽ ലീഗിന് ഭരണനഷ്ടം; വിമത പുതിയ അധ്യക്ഷ
text_fieldsകോട്ടക്കൽ: മുസ്ലിംലീഗിന്റെ ഉരുക്കുകോട്ടയെന്നറിയപ്പെടുന്ന കോട്ടക്കലിൽ ലീഗിന് നഗരസഭ ഭരണം നഷ്ടമായി. എൽ.ഡി.എഫ് പിന്തുണയോടെ വിമതനീക്കം നടത്തിയ മുസ്ലിം ലീഗിലെ മുഹ്സിന പൂവൻമഠത്തിൽ നഗരസഭ ചെയർപേഴ്സനായും പി.പി. ഉമ്മർ വൈസ് ചെയർമാനുമായി. മുഹ്സിനക്ക് 15 വോട്ടും ലീഗ് നേതൃത്വം നിർദേശിച്ച ഡോ. ഹനീഷക്ക് 13 വോട്ടും ലഭിച്ചു. ഡോ. ഹനീഷയുടെ പേര് പാറൊളി റംല നിർദേശിച്ചു. കൗൺസിലർ ചെരട മുഹമ്മദലി പിന്താങ്ങി. ഇതോടെ ഡിവിഷൻ 12ലെ ലീഗ് കൗൺസിലറായ മുഹ്സിനയെ കെ.പി.എ റാഷിദ് നിർദേശിച്ചു. പി.പി. ഉമ്മർ പിന്തുണച്ചതോടെ തെരഞ്ഞെടുപ്പിലേക്ക് നീങ്ങി. മുൻ ചെയർപേഴ്സൻ ബുഷ്റ ഷബീറിന് നിരുപാധികം പിന്തുണ നൽകിയിരുന്ന മുൻ വൈസ് ചെയർമാൻ പി.പി. ഉമ്മർ, കെ.പി.എ റാഷിദ്, ഇ.പി. റഫീഖ്, കെ. മുഹമ്മദാലി, പി. മറിയാമു എന്നിവരും എൽ.ഡി.എഫിലെ ഒമ്പതുപേരും മുഹ്സിനക്ക് വോട്ട് ചെയ്തു. ഇതോടെ 13നെതിരെ 15 വോട്ടിന് മുഹ്സിനയെ വിജയിയായി പ്രഖ്യാപിച്ചു. ഉച്ചക്ക് ശേഷമായിരുന്നു ഉപാധ്യക്ഷ തെരഞ്ഞെടുപ്പ്.
ബി.ജെ.പിയുടെ രണ്ടംഗങ്ങൾ വിട്ടുനിന്നു. നഗരസഭ അധ്യക്ഷയായിരുന്ന ബുഷ്റ ഷബീർ നേരത്തേ കൗൺസിലർ സ്ഥാനം രാജിവെച്ചിരുന്നു. ഡിവിഷൻ രണ്ടിലെ കൗൺസിലർക്ക് അയോഗ്യത വന്നതിനെ തുടർന്ന് ഇവർക്കും വോട്ട് ഉണ്ടായിരുന്നില്ല. തുടർച്ചയായി കൗൺസിൽ യോഗത്തിൽ പങ്കെടുക്കാത്തതിനെ തുടർന്നാണ് അയോഗ്യത.
വർഷങ്ങളായുള്ള ലീഗിലെ വിഭാഗീയതയാണ് ലീഗ് നേതൃത്വത്തെ ഞെട്ടിച്ച് പുതിയ തലത്തിലേക്ക് നീങ്ങിയത്. മൂന്നു വർഷത്തോളം കോട്ടക്കലിനെ നയിച്ച ബുഷ്റയോടും പി.പി. ഉമ്മറിനോടും സ്ഥാനങ്ങൾ രാജിവെക്കാൻ ലീഗ് ജില്ല നേതൃത്വം ആവശ്യപ്പെട്ടിരുന്നു.
പുതിയ അധ്യക്ഷന്മാരായി ഹനീഷ, ചെരട മുഹമ്മദലി എന്നിവരെ നിർദേശിക്കുകയും ചെയ്തു. എന്നാൽ, നേതൃത്വത്തെ ഞെട്ടിച്ച് ബുഷ്റ അധ്യക്ഷ സ്ഥാനവും കൗൺസിലർ സ്ഥാനവും രാജിവെച്ചു. പ്രതിസന്ധി ഉടലെടുത്തതോടെ എല്ലാ കൗൺസിലർമാരിൽ നിന്നും നേതൃത്വം വിപ്പ് വാങ്ങി. പാർട്ടി നിർദേശിച്ചവർക്ക് വോട്ട് രേഖപ്പെടുത്തണമെന്നായിരുന്നു ആവശ്യം. ഇതാണ് ഇപ്പോൾ ലംഘിക്കപ്പെട്ടത്.
തെരഞ്ഞെടുപ്പിന് പിന്നാലെ ഇരുവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മാസങ്ങളായി ലീഗിലെ ഒരു വിഭാഗം ഭരണസമിതിയെ ഹൈജാക്ക് ചെയ്യുകയാണെന്നും പാർട്ടിക്ക് വിവരങ്ങൾ കൈമാറിയിരുന്നെന്നും എൽ.ഡി.എഫ് അംഗങ്ങളുടെ നേതൃത്വത്തിൽ നടന്ന വാർത്തസമ്മേളനത്തിൽ മുഹ്സിനയും പി.പി. ഉമ്മറും ആരോപിച്ചു. സംഘർഷ സാധ്യതയെ തുടർന്ന് വൻ പൊലീസ് സന്നാഹമാണ് കോട്ടക്കലിൽ എത്തിയിരുന്നത്. നിലവിലെ കക്ഷിനില. ആകെ സീറ്റ് -32, ലീഗ് -21, സി.പി.എം -9, ബി.ജെ.പി -2.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.