'മുസ്ലീംലീഗുകാര്‍ ഈ ദിവസം വർഷങ്ങളോളം ഓര്‍ത്തുവെക്കും, ഉറപ്പ്'; കൊലപാതകത്തിന് മുമ്പ് പ്രതിയുടെ സ്റ്റാറ്റസ്
text_fieldsകണ്ണൂര്‍: മൻസൂറിന്‍റെ കൊലപാതകം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് സി.പി.എം പ്രവർത്തകൻ വാട്‌സാപ്പില്‍ പങ്കുവെച്ച സ്റ്റാറ്റസ് പുറത്തുവന്നു. 'മുസ്ലീംലീഗുകാര്‍ ഈ ദിവസം വര്‍ഷങ്ങളോളം ഓര്‍ത്തുവെക്കും, ഉറപ്പ്' എന്നാണ് ഇയാള്‍ വാട്‌സാപ്പില്‍ പങ്കുവെച്ച സ്റ്റാറ്റസ്. സംഭവത്തിൽ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.
അതേസമയം, പാനൂരിലേത് സി.പി.എം. നടത്തിയ ആസൂത്രിത കൊലപാതകമാണെന്നും ഓപ്പണ്‍വോട്ട് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും എം.എസ്.എഫ് സംസ്ഥാന ട്രഷറര്‍ നജാഫ് ആരോപിച്ചു. രാവിലെ ബൂത്തില്‍ ഓപ്പണ്‍വോട്ടിന് സഹായിക്കുന്നവരെ സി.പി.എമ്മുകാര്‍ തടഞ്ഞു. വെട്ടേറ്റ മുഹ്‌സിന്‍ ലീഗിന്‍റെ ബൂത്ത് ഏജന്‍റായിരുന്നു. പിന്നീട് പ്രശ്‌നം അവസാനിച്ചെങ്കിലും ഉച്ചയോടെ സി.പി.എം ഭീഷണി സ്റ്റാറ്റസ് വാട്‌സാപ്പിലൂടെ പുറത്തുവന്നു. ഇതേക്കുറിച്ച് പൊലീസിനെ അറിയിച്ചെങ്കിലും പൊലീസ് ഗൗരവമായി എടുത്തില്ലെന്നും നജാഫ് മാധ്യമങ്ങളോട് പറഞ്ഞു. അക്രമിസംഘത്തില്‍ ഇരുപതിലധികം പേരുണ്ടെന്നും ഇവരെല്ലാം സമീപപ്രദേശങ്ങളിലുള്ളവരാണെന്നും നജാഫ് പറഞ്ഞു.
ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് മന്‍സൂറിന് നേരേ ആക്രമണമുണ്ടായത്. വീടിന് മുന്നില്‍വെച്ച് ബോംബെറിഞ്ഞ ശേഷമാണ് മന്‍സൂറിനെ അക്രമികള്‍ വെട്ടിവീഴ്ത്തിയത്. സഹോദരന്‍ മുഹ്‌സിനും വെട്ടേറ്റു. പരിക്കേറ്റ ഇരുവരെയും ആദ്യം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മന്‍സൂറിന്‍റെ നില ഗുരുതരമായതിനാല്‍ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ബുധനാഴ്ച ഒരു മണിയോടെയാണ് മൻസൂർ മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.