മുസ്‍ലിം ലീഗ് അംഗത്വ വിതരണം നവംബർ ഒന്നുമുതൽ
text_fieldsമലപ്പുറം: നവംബർ ഒന്നുമുതൽ 30 വരെ അംഗത്വ വിതരണം നടത്താൻ സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ മലപ്പുറത്ത് ചേർന്ന മുസ്‍ലിം ലീഗ് സംസ്ഥാന പ്രവർത്തകസമിതി യോഗം തീരുമാനിച്ചു. തുടർന്ന് ശാഖ, പഞ്ചായത്ത്, ജില്ല കമ്മിറ്റികളെ തെരഞ്ഞെടുക്കും. ലീഗ് സ്ഥാപകദിനമായ മാർച്ച് 10ന് സംസ്ഥാന കമ്മിറ്റി നിലവിൽ വരുമെന്നും നേതാക്കൾ അറിയിച്ചു. സംസ്ഥാന പ്രസിഡന്‍റ് കഴിഞ്ഞാൽ 21 അംഗ സെക്രേട്ടറിയറ്റ്, 100 അംഗ പ്രവർത്തകസമിതി, 5000 പേരടങ്ങുന്ന സംസ്ഥാന കൗൺസിൽ എന്നിവ നിലവിൽ വരും. സംസ്ഥാനത്ത് 24 ലക്ഷം പേർ പാർട്ടിയിൽ അംഗങ്ങളാണ്.
മലബാറിൽ പ്ലസ് ടു, ബിരുദ പ്രവേശനത്തിന് സീറ്റ് ലഭിക്കാതെ നിരവധി വിദ്യാർഥികൾ ബുദ്ധിമുട്ടുകയാണ്. നിരവധി തവണ സംസ്ഥാന സർക്കാറിന് പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല. ആയിരക്കണക്കിന് കുട്ടികൾ പുറത്തുനിൽക്കുമ്പോൾ വിദൂര വിദ്യാഭ്യാസവും നിർത്തലാക്കി. ഓപൺ സർവകലാശാല പ്രവർത്തനസജ്ജമായിട്ടില്ല. ഇതിനെതിരെ പാർട്ടിയുടെ യുവജന-വിദ്യാർഥി സംഘടനകൾ രക്ഷിതാക്കളെ മുൻനിർത്തി പ്രതിഷേധം സംഘടിപ്പിക്കും. 2018ൽ ആരംഭിച്ച ജെൻഡർ ക്ലബിന്‍റെ രേഖ കുടുംബശ്രീ മിഷനാണ് തയാറാക്കിയത്. ലൈംഗിക അരാജകത്വത്തിനും നാസ്തിക ചിന്തകൾക്കും ഇത് വഴിവെക്കുന്നു. ഇത് സംസ്ഥാന സർക്കാർ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.
തെരുവുനായ് ശല്യം നേരിടാൻ സംസ്ഥാന സർക്കാറിന് പ്രായോഗികനടപടി സ്വീകരിക്കാൻ കഴിയുന്നില്ല. യോഗങ്ങൾ മാത്രമാണ് നടക്കുന്നത്. കടിയേറ്റവർക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ തയാറാകണമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി (ഇൻ ചാർജ്) പി.എം.എം. സലാം പറഞ്ഞു.
ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ആമുഖപ്രഭാഷണം നടത്തി. പി.എം.എ. സലാം സ്വാഗതം പറഞ്ഞു. ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി, ഉന്നതാധികാര സമിതി അംഗങ്ങളായ കെ.പി.എ. മജീദ് എം.എൽ.എ, ഡോ. എം.കെ. മുനീർ എം.എൽ.എ, വി.കെ. ഇബ്രാഹിംകുഞ്ഞ്, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.