കോൺഗ്രസിനെതിരെ ലീഗ് മുഖപത്രം; 'അനിശ്ചിതത്വം പാർട്ടിക്കും പ്രതിപക്ഷത്തിനും പ്രയോജനകരമല്ല'
text_fieldsകോഴിക്കോട്: കോൺഗ്രസ് ദേശീയ അധ്യക്ഷനെയും കേരളത്തിൽ പ്രതിപക്ഷ നേതാവിനെയും തെരഞ്ഞെടുക്കാൻ വൈകുന്നതിനെതിരെ രൂക്ഷ വിമർശനവുമായി മുസ് ലിം ലീഗ് മുഖപത്രം ചന്ദ്രിക. എ.ഐ.സി.സിയെയും കെ.പി.സി.സിയെയും 'അനിശ്ചിതത്വത്തിന്‍റെ വില' എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് വിമർശിക്കുന്നത്. പാർട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിന്‍റെ അനിശ്ചിതത്വം പാർട്ടിക്കും പ്രതിപക്ഷത്തിനും പ്രയോജനകരമല്ലെന്ന് മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.
ഏറെ നാളായി കോൺഗ്രസിനകത്ത് മുതിർന്ന ദേശീയ നേതാക്കൾ പരസ്പരം ഭിന്നത തുറന്നു പറയുന്നു. നേതൃത്വത്തിനെതിരെ 23 മുതിർന്ന നേതാക്കൾ ഉൾപ്പെടെ പ്രത്യേക ഗ്രൂപ്പ് പരസ്യമായി രംഗത്തുവന്നു. ഇവരിൽ മുൻ കേന്ദ്ര മന്ത്രിമാരും രാജ്യസഭാംഗങ്ങളുമായിരുന്ന ഗുലാം നബി ആസാദും കപിൽ സിബലും ഉൾപ്പെടുന്നു. ഭരണവിരുദ്ധ വികാരം കത്തിനിൽക്കുമ്പോൾ ഗുലാം നബി ആസാദ് പ്രധാനമന്ത്രിയെ പ്രകീർത്തിച്ചത് പ്രതിപക്ഷ ധർമ്മത്തിനും ജനാധിപത്യത്തിനും നിരക്കുന്നതല്ലെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.
മെയ് 24നും 25നും നിയമസഭ ചേരാനിരിക്കെ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാനുള്ള ചർച്ചകൾ നടന്നുവരുന്നതായാണ് റിപ്പോർട്ട്. പിണറായി വിജയൻ പുതുമുഖങ്ങളെ അണിനിരത്തിയാണ് തുടർഭരണം പിടിച്ചതെന്ന് പറയുമ്പോൾ അത് വർഷങ്ങൾക്ക് മുമ്പേ ജില്ലാ അധ്യക്ഷന്മാരുടെ കാര്യത്തിൽ കോൺഗ്രസ് നടപ്പാക്കിയതാണ്.
ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലും കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും യുവ-പുതുനിരയെയാണ് കോൺഗ്രസ് ജനങ്ങൾക്ക് മുമ്പിൽ അണിനിരത്തിയത്. എന്നാൽ, താഴേത്തട്ടിലുള്ള പ്രവർത്തനം വേണ്ടത്ര ശോഭിക്കുന്നില്ലെന്ന പരാതികൾക്ക് പരിഹാരമുണ്ടാക്കണം. അതിന് മാതൃക കാട്ടേണ്ടത് നേതൃതലത്തിലാണെന്നും മുഖപ്രസംഗം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.