സർക്കാറിനെതിരെ പ്രത്യക്ഷ സമരമുഖം തുറക്കാൻ മുസ്ലിം ലീഗ്
text_fieldsകോഴിക്കോട്: സർക്കാറിനെതിരായ പ്രതിഷേധം കനപ്പിക്കാൻ മുസ്ലിം ലീഗ്. സി.പി.എമ്മുമായി രഹസ്യധാരണയെന്ന ആരോപണങ്ങൾക്ക് തടയിടാൻ പ്രത്യക്ഷ സമരപരിപാടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ബുധനാഴ്ച തിരുവനന്തപുരത്ത് യൂത്ത് ലീഗിന്റെ സെക്രട്ടേറിയറ്റ് മാർച്ച് ആസൂത്രണം ചെയ്തത്. മാർച്ചിനെതിരായ പൊലീസ് അതിക്രമം അനുകൂലമാക്കി കൂടുതൽ ശക്തമായ പ്രതിഷേധങ്ങളിലേക്ക് കടക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായാണ് പഞ്ചായത്ത് തലത്തിൽ ലീഗ് നേരിട്ട് പ്രതിഷേധ സംഗമങ്ങൾ നടത്തുന്നത്. ലീഗിന്റെ പ്രതിഷേധ പരിപാടികളെത്തുടർന്ന് യൂത്ത്ലീഗും തുടർ പ്രക്ഷോഭം ആസൂത്രണംചെയ്യുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ‘മാധ്യമ’ത്തോട് പറഞ്ഞു.
മുസ്ലിം ലീഗിനെ മുൻനിർത്തി സി.പി.എം നേതൃത്വം അഴിച്ചുവിട്ട പ്രചാരണം ലീഗ് പ്രവർത്തകരിൽ ഉൾപ്പെടെ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. ലീഗിനോടുള്ള സി.പി.എമ്മിന്റെ അനുകൂല സമീപനം സംബന്ധിച്ച് ആദ്യം ഇ.പി. ജയരാജനും പിന്നീട് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനുമാണ് പ്രസ്താവനകൾ നടത്തിയത്. നേരത്തെ ആഭിമുഖ്യം പുലർത്തിയിരുന്ന ക്രൈസ്തവ സഭാനേതൃത്വം ഇപ്പോൾ മുഖംതിരിക്കുന്ന സാഹചര്യത്തിൽ, ലോക്സഭ തെരഞ്ഞെടുപ്പ് മുൻനിർത്തി മുസ്ലിം വോട്ടുകൾ അനുകൂലമാക്കുകയെന്ന ലക്ഷ്യത്തോടെ സി.പി.എം ഒരുക്കിയ തന്ത്രമാണെന്ന തിരിച്ചറിവാണ് പൊടുന്നനെ സർക്കാറിനെതിരെ പ്രത്യക്ഷസമരത്തിന് ഇറങ്ങാൻ പാർട്ടിയെ പ്രേരിപ്പിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
നേരത്തെ വിഷയാധിഷ്ഠിതമായി നടത്തിയിരുന്ന സമരം ജനവിരുദ്ധ നയങ്ങൾക്കെതിരായ സമരമായി പരിണാമം പ്രാപിച്ചതിനുപിന്നിൽ സി.പി.എം തന്ത്രത്തിന്റെ മുനയൊടിക്കലാണ്. ഇതോടെ എൽ.ഡി.എഫിൽ ചേക്കേറണമെന്ന് ഉള്ളിൽ താൽപര്യപ്പെടുന്ന ചില നേതാക്കളുടെ മേൽ മറുവിഭാഗത്തിന് ശക്തമായ ആധിപത്യം സ്ഥാപിക്കാനുമായി.
വഖഫ്, ജെൻഡർ ന്യൂട്രാലിറ്റി, പാഠ്യപദ്ധതി പരിഷ്കരണം തുടങ്ങി സാമുദായിക വിഷയങ്ങൾക്കപ്പുറം സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കെതിരായ സമരമായി ലീഗ് പ്രതിഷേധം പൊടുന്നനെ മാറിയത് കോൺഗ്രസ് നേതൃത്വത്തിനും ആശ്വാസമായി. ജോസ് കെ. മാണി വിഭാഗത്തിനൊപ്പം മുസ്ലിം ലീഗും എൽ.ഡി.എഫിലേക്ക് മാറിയാൽ മലബാറിൽ യു.ഡി.എഫിന്റെ അടിത്തറ ഇളകുമെന്ന സി.പി.എം കണക്കുകൂട്ടൽ കോൺഗ്രസിനെയും ആശങ്കപ്പെടുത്തിയിരുന്നു. സെക്രട്ടേറിയറ്റ് മാർച്ചിൽ പൊലീസ് നടത്തിയ അക്രമത്തോടെ സമരം ശക്തിപ്പെടുത്താൻ ലീഗ് നിർബന്ധിതമായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.