സമസ്തയിൽ 90 ശതമാനവും മുസ്ലിം ലീഗുകാർ. ഇരുകൂട്ടരും തമ്മിൽ ഒരു പ്രശ്നവുമില്ല -മുസ്ലീംലീഗ് പാലക്കാട് ജില്ല പ്രസിഡന്‍റ്
text_fieldsമുസ്ലിം ലീഗ് പാലക്കാട് ജില്ല കമ്മിറ്റി, കെ.എം.സി.സി ജിദ്ദ പാലക്കാട് ജില്ല കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു
ജിദ്ദ: സമസ്തയിൽ 90 ശതമാനവും മുസ്ലിംലീഗ് പ്രവർത്തകരാണെന്നും ലീഗും സമസ്തയും തമ്മിൽ നിലവിൽ ഒരു പ്രശ്നവുമില്ലെന്നും പാലക്കാട് ജില്ല മുസ്ലീംലീഗ് പ്രസിഡന്റ് മരക്കാർ മൗലവി മാരായമംഗലം. ജിദ്ദയിൽ കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടിയും സംഘടനയും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണെന്നാണ് ഇരു വിഭാഗത്തിലെയും അംഗങ്ങളുടെ പൊതുവികാരം. താൻ നിലവിൽ അഞ്ച് മഹല്ലുകളിലെ ഭാരവാഹിയാണ്. അതോടൊപ്പം ലീഗ് പ്രസിഡന്റുമാണ്. നേതൃതലത്തിലും മറ്റും പലരും ഇങ്ങിനെയുള്ളവരാണ്. ലീഗിനെതിരെ സമസ്തയിൽ നിന്നും നേരെ തിരിച്ചുമെല്ലാമുള്ള ചില പ്രസ്താവനകൾ കേവലം വ്യക്തിപരമായ അഭിപ്രായങ്ങൾ മാത്രമാണെന്നും അതൊന്നും ഇരു കൂട്ടരും തമ്മിലുള്ള ബന്ധത്തിന് വിള്ളലുണ്ടാക്കാൻ കാരണമാവില്ലെന്നും അദ്ദേഹം പറഞ്ഞു.
2025 സെപ്റ്റംബർ 26, 27 തീയതികളിൽ ലീഗ് പാലക്കാട് ജില്ലാ സമ്മേളനം കോട്ട മൈതാനിയിൽ വെച്ച് നടക്കും. സമ്മേളനത്തിലെ പ്രധാനമായ ഒരു അജണ്ട മുസ്ലിം സമുദായ സംഘടനകൾ തമ്മിലും വിവിധ മതസമൂഹങ്ങൾ തമ്മിലുമുള്ള ഐക്യവും സാഹോദര്യവുമാണ്. ഇതിനായി എല്ലാ മുസ്ലിം സംഘടനാ നേതാക്കളെയും പങ്കെടുപ്പിച്ചു കൊണ്ട് പ്രത്യേകം ഉലമാ, ഉമറാ സമ്മേളനവും മറ്റു മതനേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ട് പ്രത്യേക സമ്മേളനവും സംഘടിപ്പിക്കും. പാലക്കാട് ജില്ലാ ഗ്ലോബൽ കെ.എം.സി.സി സമ്മേളനം, വനിത, യുവജന, വിദ്യാർത്ഥി സമ്മേളനങ്ങൾ എന്നിവയും വെവ്വേറെ സംഘടിപ്പിക്കും.
2,500 ഓളം വൈറ്റ് ഗാർഡുകൾ അടക്കം 50,000 ആളുകളെ അണിനിരത്തി കൊണ്ടുള്ള കൂറ്റൻ പ്രകടനവും സമ്മേളനത്തിൽ നടക്കും. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ശാഖാ സമ്മേളങ്ങൾ മെയ് മാസത്തിലും പഞ്ചായത്ത് സമ്മേളനങ്ങൾ ജൂൺ മാസത്തിലും മണ്ഡലം സമ്മേളനങ്ങൾ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലും നടക്കും. ജില്ലാ സമ്മേളനത്തിനായുള്ള കൊടിമരം കരിങ്കല്ലത്താണിയിൽ നിന്നും പതാക പുതുനഗരത്ത് നിന്നും എത്തിക്കും. സമ്മേളനത്തിന്റെ ഭാഗമായി വാഹനജാഥയും ഉണ്ടായിരിക്കുമെന്നും രക്കാർ മൗലവി മാരായമംഗലം പറഞ്ഞു.
കെ.എം.സി.സി ജിദ്ദ പാലക്കാട് ജില്ലാ കമ്മിറ്റി നാളെ (വെള്ളി) 'ലിഡറാസ്ഗോ' എന്ന പേരിൽ ഏകദിന ലീഡേഴ്സ് ക്യാമ്പ് സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. ഹരാസാത്ത് അൽ ബുർജ് വില്ലയിൽ നടക്കുന്ന പരിപാടിയിൽ മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി, മുസ്ലിംലീഗ് പാലക്കാട് ജില്ലാ ഭാരവാഹികൾ, കെ.എം.സി.സി, സൗദി നാഷനൽ, ജിദ്ദ സെൻട്രൽ കമ്മിറ്റി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. മുസ്ലീംലീഗ് പാലക്കാട് ജില്ല ജനറൽ സെക്രട്ടറി അഡ്വ. ടി.എ സിദ്ദീഖ്, ട്രഷറർ പി.ഇ.എ സലാം മാസ്റ്റർ, കെ.എം.സി.സി ജിദ്ദ പാലക്കാട് ജില്ല കമ്മിറ്റി ചെയർമാൻ ടി.പി ഷുഹൈബ്, പ്രസിഡന്റ് ഹബീബുള്ള പട്ടാമ്പി, ജനറൽ സെക്രട്ടറി കുഞ്ഞിമുഹമ്മദ് കോട്ടോപ്പാടം, ട്രഷറർ ഷഹീൻ തച്ചമ്പാറ, ഓർഗനൈസിംഗ് സെക്രട്ടറി യൂസഫലി തിരുവേഗപ്പുറ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.