വർഗീയ ഭീഷണിക്കെതിരെ മതേതര കക്ഷികൾ ഒന്നിക്കണം -മുസ്ലിം ലീഗ്
text_fieldsചെന്നൈ: മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി പ്രതിനിധി സമ്മേളനത്തിന് ഹൈദരലി തങ്ങൾ നഗരിയിൽ (കലൈവാണർ അരംഗം) ഉജ്ജ്വല തുടക്കം. തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി പാർട്ടി കേരള പ്രസിഡന്റും ദേശീയ രാഷ്ട്രീയ കാര്യസമിതി ചെയർമാനുമായ പാണക്കാട് സാദിഖലി തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.
രാജ്യത്ത് മതേതരത്വം ഭീഷണി നേരിടുന്ന സാഹചര്യത്തിൽ മതേതര കക്ഷികൾ ഐക്യപ്പെടേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ പാരമ്പര്യവും ഐക്യവും തകർക്കുന്നതിനെതിരെ ഒറ്റകെട്ടായ പ്രതിഷേധം ഉയരണം. ഇതിന് മുസ്ലിം ലീഗിന്റെ പൂർണ പിന്തുണയുണ്ടാകും. തമിഴ്നാട് ഇതിന് മാതൃകയാണ്. എല്ലാ സമൂഹത്തിലും ഭൂരിപക്ഷവും ന്യൂനപക്ഷവുമുണ്ട്. ഭൂരിപക്ഷം ന്യൂനപക്ഷത്തിന്റെ അവകാശങ്ങൾ വകവെച്ചു കൊടുക്കുമ്പോൾ മാത്രമേ ജനാധിപത്യം സാർഥകമാകൂ. ആ അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് ലീഗിന്റെ പ്രയത്നം. ന്യൂനപക്ഷങ്ങളും ദലിതരും രാജ്യത്ത് ഭീഷണി നേരിടുകയാണ്.
എന്തിന്, രാഷ്ട്രീയ പാർട്ടികൾക്ക് പോലും പ്രവർത്തന സ്വാതന്ത്ര്യമില്ല. റെയ്ഡും ഭീഷണിയുമാണ് എവിടെയും. ഈ സാഹചര്യത്തിൽ മതേതരത്വം സംരക്ഷിക്കാൻ ഭിന്നതകൾ മാറ്റിവെച്ച് രംഗത്തിറങ്ങണമെന്നും തങ്ങൾ ആഹ്വാനം ചെയ്തു. ലീഗ് ദേശീയ പ്രസിഡന്‍റ് പ്രഫ. കെ.എം. ഖാദർ മൊയ്തീൻ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗിന്റെ പ്രവർത്തനം മുസ്ലിംകൾക്കു വേണ്ടി മാത്രമല്ലെന്നും മുഴുവൻ ജനവിഭാഗങ്ങൾക്കുമായാണെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി കർമപദ്ധതി വിശദീകരിച്ചു. ‘മതേതര ഇന്ത്യയുടെ ശാക്തീകരണത്തിന് രാഷ്ട്രീയ പാർട്ടികളുടെ പങ്ക്’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.