ഗോപിനാഥിന്‍റെ രാജി ഒറ്റപ്പെട്ട സംഭവം; പ്രശ്നങ്ങൾ കോൺഗ്രസ് പരിഹരിക്കും -മുസ് ലിം ലീഗ്
text_fieldsമലപ്പുറം: പാലക്കാട്ടെ മുതിർന്ന കോൺഗ്രസ് നേതാവ് എ.വി. ഗോപിനാഥിന്‍റെ രാജി ഒറ്റപ്പെട്ട സംഭവമെന്ന് മുസ് ലിം ലീഗ്. കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആ പാർട്ടിക്ക് സാധിക്കുമെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ഒരു മാറ്റത്തിനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. ഇതിന്‍റെ ഭാഗമായി കെ.പി.സി.സി അധ്യക്ഷനും നിയമസഭ കക്ഷിനേതാവും മാറി. ഡി.സി.സി പ്രസിഡന്‍റുമാരെ മാറ്റാനുള്ള തീരുമാനം ഹൈക്കമാൻഡിന്‍റെ അനുമതിയോടെ നടപ്പാക്കി. പുതിയ സാഹചര്യത്തെ നേരിടാൻ പുതിയ ശക്തിയുമായി മുന്നോട്ടുവരുന്നത് പ്രോത്സാഹിപ്പിക്കണം.
രാഷ്ട്രീയ പാർട്ടിയെ സംബന്ധിച്ചടത്തോളം അഭിപ്രായ വ്യത്യാസം സ്വാഭാവികമാണ്. കോൺഗ്രസിൽ അത് നേരത്തെയും ഉണ്ടായിട്ടുണ്ട്. കോൺഗ്രസിന്‍റെ ആഭ്യന്തര കാര്യമാണത്. മറ്റൊരു പാർട്ടിയിലെ പ്രശ്നങ്ങളിൽ ഇടപെടേണ്ട കാര്യം മുസ് ലിം ലീഗിനില്ല. യു.ഡി.എഫിന് അനുകൂലമായ രീതിയിൽ കാര്യങ്ങൾ മാറി വരും.
സ്ഥാനമാനങ്ങൾ പങ്കുവെക്കുന്നതിനുള്ള തർക്കമല്ലേ ഉള്ളത്. സ്ഥാനമാനങ്ങൾക്ക് വേണ്ടിയുള്ള പരക്കംപ്പാച്ചിൽ ജനങ്ങൾ അംഗീകരിക്കില്ല. ആശയപരമോ നയപരമോ ആയ അഭിപ്രായ വ്യത്യാസങ്ങളില്ലല്ലോ എന്നും പി.എം.എ സലാം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.