മുസ്ലിം ലീഗ് സംഘടന തെരഞ്ഞെടുപ്പിലേക്ക്
text_fieldsകോഴിക്കോട്: ഒരുമാസം നീണ്ട അംഗത്വ കാമ്പയിൻ പൂർത്തിയാക്കി മുസ്ലിംലീഗ് സംഘടന തെരഞ്ഞെടുപ്പിലേക്ക്. ഡിസംബർ ഒന്നുമുതൽ തുടങ്ങുന്ന ശാഖ കമ്മിറ്റി തെരഞ്ഞെടുപ്പ് 31ന് സമാപിക്കും. തുടർന്ന് പഞ്ചായത്ത്, മണ്ഡലം, ജില്ല ഭാരവാഹികളെ തെരഞ്ഞെടുക്കും. മാർച്ച് 10ന് ദേശീയ കൗൺസിൽ യോഗം ചെന്നെയിൽ ചേരുന്നതിനുമുമ്പ് പുതിയ സംസ്ഥാന കമ്മിറ്റിയും നിലവിൽവരുംവിധമാണ് തെരഞ്ഞെടുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്.
തെരഞ്ഞെടുപ്പിൽ ഭാരവാഹികളുടെ പാനൽ അവതരണം കർശനമായി വിലക്കിയിട്ടുണ്ട്. പരമാവധി സമവായത്തിലൂടെ ഭാരവാഹികളെ കണ്ടെത്തണമെന്നും അനിവാര്യഘട്ടത്തിൽ മാത്രം തെരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് റിട്ടേണിങ് ഓഫിസർമാർക്ക് നൽകിയ നിർദേശം.
ഒരാൾക്ക് ഒരു പദവി എന്നത് കർശനമായി നടപ്പാക്കും. ലീഗിൽ മുഖ്യപദവി വഹിക്കുന്നവർക്ക് പോഷക സംഘടനകളുടെ മുഖ്യ ഭാരവാഹിത്വം വഹിക്കാനാകില്ല. സ്ഥാനങ്ങളുടെ എണ്ണവും നിജപ്പെടുത്തി. പ്രസിഡന്‍റ്, ജനറൽ സെക്രട്ടറി, ട്രഷറർ പദവികൾ കഴിഞ്ഞാൽ ശാഖതലത്തിൽ രണ്ട് വൈസ് പ്രസിഡന്‍റുമാരും രണ്ട് സെക്രട്ടറിമാരും മാത്രമാണുണ്ടാവുക.
പഞ്ചായത്തിൽ സഹഭാരവാഹികളുടെ എണ്ണം മൂന്നുവീതവും മണ്ഡലത്തിൽ നാലുവീതവും ജില്ലയിൽ അഞ്ചുവീതവുമായിരിക്കും. സംസ്ഥാന കമ്മിറ്റിയിൽ എട്ട് സഹഭാരവാഹികളാണുണ്ടാവുക. ചില ജില്ലകളിൽ പ്രാദേശിക വിഭാഗീയത രൂക്ഷമായതിനാലാണ് പാനൽ അവതരണം പൂർണമായും വിലക്കിയത്.
ആദ്യമായി ഓൺലൈനിലൂടെ നടത്തിയ അംഗത്വ കാമ്പയിൻ സമ്പൂർണ വിജയമാണെന്നാണ് പാർട്ടി വിലയിരുത്തൽ. മുമ്പ് പല ജില്ലകളിലും വ്യാജ അംഗത്വം വ്യാപകമായിരുന്നു. അംഗങ്ങളുടെ എണ്ണമനുസരിച്ച് കൗൺസിലർമാരെ തെരഞ്ഞെടുക്കുന്ന രീതിയായതിനാൽ പരമാവധി അംഗങ്ങളെ ഉണ്ടാക്കാനായിരുന്നു ശ്രമം.
ഓൺലൈനിൽ ആധാർ നമ്പർ ഉപയോഗിച്ച് മാത്രമേ അംഗങ്ങളെ ചേർക്കാനാകൂ എന്നതിനാൽ കൃത്രിമത്വം ഇല്ലാതായി.നവംബർ 30ന് അംഗത്വവിതരണം പൂർത്തിയായെങ്കിലും അപ്ലോഡ് ചെയ്യാൻ ഡിസംബർ 15 വരെ സമയം നീട്ടിക്കൊടുത്തിട്ടുണ്ട്. ഇക്കാലയളവിൽ പുതിയ അംഗങ്ങളെ ചേർക്കാനാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.