ഡൽഹി പ്രതിഷേധം തുടങ്ങും മുമ്പ് മുഖ്യമന്ത്രിയെ സന്ദർശിച്ച് ലീഗ് പ്രതിനിധി
text_fieldsന്യൂഡൽഹി: മോദി സർക്കാർ നയങ്ങൾക്കെതിരെ എൽ.ഡി.എഫിന്‍റെ ഡൽഹി പ്രതിഷേധം തുടങ്ങാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് മുസ് ലിം ലീഗ് പ്രതിനിധി. ലീഗ് എം.പിയായ പി.വി. അബ്ദുൽ വഹാബ് ആണ് കേരള ഹൗസിലെത്തി പിണറായിയെ കണ്ടത്.
ഡൽഹി പ്രതിഷേധത്തിന് പിന്തുണ അറിയിക്കാനാണോ സന്ദർശനമെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കും ലീഗ് എം.പി പ്രതികരിച്ചു. എൽ.ഡി.എഫിന്‍റെ ഡൽഹി സമരത്തിന് ലീഗിന്‍റെ പിന്തുണയില്ലെന്ന് അബ്ദുൽ വഹാബ് വ്യക്തമാക്കി. ഡൽഹിയിൽ മുഖ്യമന്ത്രി എത്തിയപ്പോൾ മര്യാദയുടെ ഭാഗമായാണ് സന്ദർശിച്ചതെന്ന് അബ്ദുൽ വഹാബ് ചൂണ്ടിക്കാട്ടി.
അതേസമയം, ബി.ജെ.പിയിതര സംസ്ഥാന സർക്കാറുകൾക്ക് കൂച്ചുവിലങ്ങിടാൻ ശ്രമിക്കുന്ന മോദി സർക്കാർ നയങ്ങൾക്കെതിരെ ഇടതു മുന്നണിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ ജന്തർമന്തറിൽ പ്രതിഷേധം തുടങ്ങി.
ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, നാഷണൽ കോൺഫറസ് നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുല്ല, ഡി.എം.കെ പ്രതിനിധി മന്ത്രി ത്യാഗരാജൻ, ഡി.എം.കെ എം.പി തിരുച്ചി ശിവ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ, സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുള്ളവർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
കേരള ഹൗസിൽ നിന്ന് കാൽനടയായാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിസഭാംഗങ്ങളും എം.പിമാരും എം.എൽ.എമാരും ജന്തർമന്തറിലെ വേദിയിലെത്തിയത്. ബി.ജെ.പി നേരിട്ടോ പങ്കാളിത്തത്തോടെയോ ഭരിക്കുന്ന 17 സംസ്ഥാനങ്ങളോട് ലാളനയും മറ്റിടങ്ങളിൽ പീഡനവും എന്ന കേന്ദ്ര സമീപനത്തിനെതിരെയാണ് പ്രതിഷേധം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.