സാമുദായിക രാഷ്ട്രീയത്തിലേക്ക് തിരിച്ചുനടന്ന് മുസ്ലിം ലീഗ്
text_fieldsകോഴിക്കോട്: സാമുദായിക രാഷ്ട്രീയത്തിൽ തങ്ങളുടെ പഴയ നിലപാടിലേക്ക് മുസ്ലിം ലീഗിെൻറ തിരിച്ചുപോക്ക്. ഇടക്കാലത്ത് സാമുദായിക രാഷ്ട്രീയ നിലപാടുകളിൽ സ്വീകരിച്ച അഴകൊഴമ്പൻ നയം പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്ന വിലയിരുത്തലിൽ, ഇനി അനുരഞ്ജനം വേണ്ടെന്ന സംസ്ഥാന കമ്മിറ്റി യോഗത്തിെൻറ തീരുമാനമാണ് കഴിഞ്ഞദിവസം കോഴിക്കോട് നടന്ന ലീഗിെൻറ വഖഫ് സംരക്ഷണ റാലിയിൽ പ്രതിഫലിച്ചത്. റാലിയിൽ സംസാരിച്ച ഭൂരിഭാഗം നേതാക്കളും മത, സാമുദായികതയിൽ ഊന്നിയതാണ് ഇപ്പോൾ വിമർശനവിധേയമാകുന്നത്. എന്നാൽ, സി.പി.എം വിമർശനത്തോട് അതേ നാണയത്തിൽ തിരിച്ചടിച്ച് തങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ലീഗ് നേതൃത്വം.
ലീഗിെൻറ വഖഫ് സംരക്ഷണ റാലി പ്രതീക്ഷിച്ചതിലും വിജയമായിരുന്നു. എന്നാൽ, പാർട്ടി സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായിയുടെ ഭാഗത്തുനിന്ന് മന്ത്രി മുഹമ്മദ് റിയാസിനെതിരായുണ്ടായ വ്യക്തി അധിക്ഷേപം റാലിയുടെ നിറംകെടുത്താനിടയാക്കി. ഉന്നതാധികാര സമിതി അംഗം സാദിഖലി തങ്ങൾ തന്നെ വിവാദ പ്രസംഗത്തിൽ ഖേദപ്രകടനം നടത്തേണ്ടിവന്നു. പക്ഷേ, വ്യക്തി അധിക്ഷേപത്തിനപ്പുറം സി.പി.എമ്മിനോടുള്ള പ്രത്യയശാസ്ത്ര നിലപാടിലൂന്നിയ നേതാക്കളുടെ കടന്നാക്രമണമാണ് സി.പി.എമ്മിനെയും മുഖ്യമന്ത്രിയെയും പ്രകോപിപ്പിച്ചത്. ഇത് ആൾക്കൂട്ടമുണ്ടാക്കിയ ആവേശമല്ലെന്നും തീരുമാനിച്ചുറച്ച നിലപാടാണെന്നും വ്യക്തമാക്കുന്നതാണ് ലീഗ് നേതാക്കളുടെ മുഖ്യമന്ത്രിയുടെ വിമർശനത്തോടുള്ള പ്രതികരണം.
സാമുദായിക രാഷ്ട്രീയമാണ് ലീഗിെൻറ അടിത്തറ. ഇതിൽനിന്നുള്ള വ്യതിചലനം പാർട്ടിക്ക് വൻ ക്ഷീണമുണ്ടാക്കിയതായാണ് കഴിഞ്ഞ സംസ്ഥാന കമ്മിറ്റിയിലുണ്ടായ വിലയിരുത്തൽ. യു.ഡി.എഫിന് അധികാരമുണ്ടായ സമയത്തും, വർഗീയ ആരോപണം ഭയന്ന് സമുദായത്തിെൻറ അവകാശങ്ങൾ നിറവേറ്റുന്നതിൽ ലീഗ് പുറംതിരിഞ്ഞുനിൽക്കുന്നതായ ആക്ഷേപം സമുദായത്തിനകത്തുണ്ടായിരുന്നു. കോൺഗ്രസിെൻറയും കേരള കോൺഗ്രസിെൻറയും അതൃപ്തി ക്ഷണിച്ചുവരുത്തേണ്ടെന്ന നിലപാടായിരുന്നു നേതൃത്വത്തിന്. ഈ നിലപാട് മറ്റു ചില ന്യൂനപക്ഷ പാർട്ടികൾക്കും സംഘടനകൾക്കും വളമാകുന്നതായി പാർട്ടിക്കുള്ളിലും വിമർശനമുണ്ടായെങ്കിലും നേതൃത്വം മുഖവിലക്കെടുത്തില്ല. സാമുദായിക ധ്രുവീകരണ ആക്ഷേപമുയരുമെന്ന കരുതലും സൂക്ഷ്മതയുമാണെന്ന ന്യായീകരണമായിരുന്നു പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കൾ പറഞ്ഞത്.
എന്നാൽ, തുടർച്ചയായി രണ്ടാം തവണയും അധികാരത്തിന് പുറത്തുനിൽക്കേണ്ട സാഹചര്യമുണ്ടായത് പാർട്ടിക്കുള്ളിൽ അനുരഞ്ജന രാഷ്ട്രീയം വീണ്ടും ചർച്ചയാക്കി. സാദിഖലി തങ്ങൾ ഉൾപ്പെടെയുള്ള ഭൂരിഭാഗം നേതാക്കളും ഇക്കാര്യത്തിൽ കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനൊപ്പമുണ്ടായില്ല. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിച്ച സമിതി, പ്രഥമ കാര്യമായി നിർദേശിച്ചത് സാമുദായിക വിഷയങ്ങൾക്ക് പരിഗണന നൽകണമെന്നതായിരുന്നു. ന്യൂനപക്ഷത്തിെൻറ അതിജീവന രാഷ്ട്രീയം ഏറെ വെല്ലുവിളികൾ നേരിടുേമ്പാൾ അതിനോട് മുഖംതിരിക്കുന്നത് കാലിനടിയിലെ മണ്ണ് ചോർത്തുമെന്ന വിലയിരുത്തലിൽനിന്നാണ് വീണ്ടും സി.എച്ച്. മുഹമ്മദ് കോയ അടക്കമുള്ളവരുടെ ഉറച്ച നിലപാടുകളിലേക്ക് പാർട്ടിയെ തിരിച്ചുനടത്തുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വഖഫ് വിഷയം പാർട്ടി ഏറ്റെടുത്തതും ഇക്കാര്യങ്ങൾ മുൻനിർത്തിയാണ്. ഇതിനിടയിൽ വരുന്ന വർഗീയ ആരോപണങ്ങൾ പാർട്ടി മുഖവിലക്കെടുക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.