ലീഗ് ബന്ധം: കാർമേഘങ്ങൾ നീക്കി സമസ്ത നേതാക്കളുടെ 'നയപ്രഖ്യാപനം'
text_fieldsമലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത, മുസ്ലിം ലീഗ് അണികൾക്കിടയിൽ ഉടലെടുത്ത ഭിന്നതകളും ആശയക്കുഴപ്പങ്ങളും നീക്കി സമസ്ത മലപ്പുറം ജില്ല സുവർണ ജൂബിലി സമ്മേളനം. സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾതന്നെ ഇരു സംഘടനകളും തമ്മിലെ ബന്ധത്തിൽ ഒരു ഉലച്ചിലും സംഭവിച്ചിട്ടില്ലെന്നും അതിനുള്ള ശ്രമങ്ങൾ വിലപ്പോവില്ലെന്നും വ്യക്തമാക്കി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, അബ്ദുസ്സമദ് സമദാനി എം.പി തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിൽ ആയിരുന്നു ജിഫ്രി തങ്ങളുടെ 'നയപ്രഖ്യാപനം'.
സമസ്തയും ലീഗും തമ്മിൽ അഭേദ്യമായ ബന്ധമാണ്. സമസ്തയോട് അനുഭാവം പുലർത്തുന്ന സുന്നി നേതാക്കളാണ് കുഞ്ഞാലിക്കുട്ടിയും സമദാനിയുമെല്ലാം. സമസ്തയിൽ എല്ലാ രാഷ്ട്രീയ പാർട്ടിക്കാരുമുണ്ട്. കൂടുതലും ലീഗുകാരാണ്. ലീഗിലുമുണ്ട് മുജാഹിദുകളടക്കം വിവിധ സംഘടനകളിൽപെട്ടവർ. ഭരിക്കുന്നവരുമായി നല്ല ബന്ധം പുലർത്താറുണ്ട് സമസ്ത.
എന്നുകരുതി പരമ്പരാഗതമായി തുടരുന്ന ആഭിമുഖ്യങ്ങൾ മാറ്റില്ല. അങ്ങനെയൊരു സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല. പുത്തനാശയക്കാരുടെ പരിപാടികളിൽ പ്രസംഗിക്കാൻ പോയി അത് വിജയിപ്പിച്ചുകൊടുക്കുന്ന പണി സുന്നികൾ ചെയ്യരുത്. ആശയാദർശങ്ങൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നവർക്ക് സംഘടനയിൽ സ്ഥാനമില്ലെന്നും അവരെ പുറത്താക്കുമെന്നും ജിഫ്രി തങ്ങൾ കൂട്ടിച്ചേർത്തു.
സമസ്ത ലീഗിന്റെതാണെന്നും ലീഗ് സമസ്തയുടെതാണെന്നും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാരും വ്യക്തമാക്കി. ചെറിയ ഭിന്നതകളെ വലുതാക്കി ആഘോഷമാക്കാൻ പുറത്ത് ചിലർ കാത്തിരിക്കുന്നുണ്ടെന്നും അവർക്ക് ഇരയിട്ടുകൊടുക്കരുതെന്നും എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡൻറുകൂടിയായ സാദിഖലി തങ്ങൾ വ്യക്തമാക്കി. പണ്ഡിതരും നേതാക്കളും യോജിച്ച് മുന്നോട്ടുപോവുകയെന്നത് പരമ്പരാഗതായി തുടരുന്ന നയമാണെന്നും സമുദായത്തിന്റെ മുന്നേറ്റത്തിൽ ഏറ്റവും വലിയ പങ്കുവഹിച്ച സംഘടനയാണ് സമസ്തയെന്നും കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.