കെ.എൻ.എ. ഖാദറിനോട് വിശദീകരണം തേടി മുസ്ലിം ലീഗ്
text_fieldsമലപ്പുറം: ആർ.എസ്.എസുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുത്തതിന് മുൻ എം.എൽ.എ അഡ്വ. കെ.എൻ.എ ഖാദറിൽനിന്ന് മുസ്ലിം ലീഗ് വിശദീകരണം തേടി. കേസരി ഓഫിസിൽ നടന്ന പരിപാടിയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടതായി ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം അറിയിച്ചു.
നേരത്തെ, കെ.എന്‍.എ. ഖാദറിനെതിര പരോക്ഷ വിമർശനവുമായി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ആരെങ്കിലും വിളിച്ചാൽ അപ്പോൾ തന്നെ പോകേണ്ട ആവശ്യമില്ലെന്ന് സാദിഖലി തങ്ങൾ വ്യക്തമാക്കി. നമ്മുക്ക് അങ്ങോട്ടു പോകുവാൻ പറ്റുമോ എന്ന് ആദ്യം ചിന്തിക്കണം. എവിടേക്ക് പോകുമ്പോഴും വരുമ്പോഴും ഇക്കാര്യം നോക്കണം. സാമുദായികവും രാജ്യ സ്നേഹപരവും സാമൂഹ്യപരവുമായ പ്രത്യേകതകൾ നോക്കേണ്ടി വരും. അല്ലാതെ ആരെങ്കിലും വിരുന്നിന് വിളിച്ചാൽ അപ്പോൾ തന്നെ പോകേണ്ട കാര്യം മുസ് ലിം ലീഗുകാരെ സംബന്ധിച്ച് ഇല്ലെന്നും സാദിഖലി തങ്ങൾ ചൂണ്ടിക്കാട്ടി.
ആർ.എസ്.എസ് ആഭിമുഖ്യത്തിൽ കോഴിക്കോട് ചാലപ്പുറത്തെ 'കേസരി'യില്‍ നടത്തിയ സ്‌നേഹബോധി സാംസ്‌കാരിക സമ്മേളനത്തിലാണ് ലീഗ് ദേശീയ സമിതി അംഗവും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും മുന്‍ എം.എല്‍.എയുമായ കെ.എൻ.എ ഖാദര്‍ പങ്കെടുത്തത്. ആർ.എസ്.എസ് ദേശീയ നേതാവും ബൗദ്ധികാചാര്യനുമായ ജെ. നന്ദകുമാര്‍ ഉൾപ്പെടെ സംബന്ധിച്ച പരിപാടിയായിരുന്നു അത്. ചടങ്ങിൽ ഖാദറിനെ ജെ. നന്ദകുമാര്‍ പൊന്നാട അണിയിച്ച് സ്വീകരിച്ചിരുന്നു.
അതേസമയം, ഖാദര്‍ ആർ.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തതില്‍ ലീഗിൽ അതൃപ്തി പുകയുന്നുണ്ട്. സംഭവം പാര്‍ട്ടി നയത്തിന് എതിരാണെന്ന് എം.കെ. മുനീര്‍ പ്രതികരിച്ചു. പാര്‍ട്ടി ഉന്നതാധികാര സമിതിയുടെ അനുമതിയില്ലാതെയാണ് ഖാദര്‍ പരിപാടിയില്‍ പങ്കെടുത്തതെന്ന് മുനീർ പറഞ്ഞു. വിഷയം പാര്‍ട്ടി പരിശോധിക്കുമെന്ന് ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ എം.സി. മായിന്‍ ഹാജിയും വ്യക്തമാക്കി.
സംഭവം വിവാദമായതോടെ സാംസ്‌കാരിക പരിപാടിയായതിനാലാണ് പങ്കെടുത്തതെന്നും മതസൗഹാര്‍ദത്തെ കുറിച്ചാണ് സംസാരിച്ചതെന്നും വിശദീകരിച്ച് കെ.എന്‍.എ. ഖാദര്‍ രംഗത്തെത്തിയിരുന്നു. ഇത് സാംസ്കാരിക പരിപാടിയാണെന്ന് മനസിലാക്കിയാണ് പങ്കെടുത്തതെന്നാണ് ഖാദർ പറയുന്നത്. സാംസ്കാരിക പരിപാടികൾക്ക് മുൻപും പോയിട്ടുണ്ട്. ലീഗ് സംസ്ഥാനത്തെമ്പാടും എല്ലാ മതങ്ങളെയും വിളിച്ചുകൂട്ടി പരിപാടി നടത്താറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.