മുസ്ലിം ലീഗ് ബന്ധം; സമസ്തയിൽ ഭിന്നത രൂക്ഷം
text_fieldsമലപ്പുറം: മുസ്ലിം ലീഗുമായുള്ള ബന്ധത്തെ ചൊല്ലി സമസ്തയിൽ ഭിന്നത രൂക്ഷമാകുന്നു. സമൂഹമാധ്യമങ്ങളിൽ അണികളുടെ പോര് കനക്കുന്നതിനിടെ നേതാക്കൾ പരസ്യവിമർശനവുമായി രംഗത്തെത്തി. സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ മൗലിക നയനിലപാടുകളിൽ അടുത്തിടെയായി വ്യതിയാനം വരുന്നതായും പഴയ നിലപാടുകളിലേക്ക് തിരിച്ചുപോകണമെന്നും ബുധനാഴ്ച മുശാവറ അംഗം നടത്തിയ തുറന്നുപറച്ചിൽ ഇതിന്റെ ഭാഗമാണ്.
ദാറുൽഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റി വൈസ് ചാൻസലറും സമസ്ത മുശാവറ അംഗവുമായ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വിയാണ് സമസ്ത നേതൃത്വത്തിനെതിരെ പരസ്യപ്രസ്താവനയുമായി രംഗത്തുവന്നത്.
മതനിഷേധികൾക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ച പാരമ്പര്യമാണ് സമസ്തയുടേതെന്നും കഴിഞ്ഞ ദിവസം ദുബൈയിൽ നടന്ന ചടങ്ങിൽ സമസ്തയുടെ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ പങ്കെടുത്ത പരിപാടിയിൽ നിരീശ്വരവാദിയായ ഒരാൾക്ക് ‘തക്ബീർ’ വിളിച്ചത് മൗഢ്യമായ നടപടിയാണെന്നും അദ്ദേഹം മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിൽ വിമർശിച്ചു. സമസ്തയുടെ ആശയാദർശങ്ങൾ മുശാവറയിൽ രൂപപ്പെടുന്നതാണ്. അത് ആരുടെയെങ്കിലും വ്യക്തിപരമായ താൽപര്യങ്ങളോ വീക്ഷണങ്ങളോ അടിസ്ഥാനമാക്കി ഉരുത്തിരിയുന്നതല്ല. നേതൃത്വം നയം തിരുത്തണമെന്നും മുശാവറയിൽ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗുമായി പാരമ്പര്യമായുള്ള ബന്ധത്തിന് വിള്ളൽ വീഴാൻ പാടില്ല. സമസ്തയും ലീഗും സമരസപ്പെട്ടുപോകേണ്ട സംഘടനകളാണ്. ഇരു സംഘടനകളുടെയും സംഘടിത നീക്കങ്ങളിലൂടെ മാത്രമേ ഇന്ത്യ പോലുള്ള മതേതര രാജ്യത്ത് മുന്നോട്ടുപോവാനാവൂ എന്നും ബഹാഉദ്ദീൻ നദ്വി വ്യക്തമാക്കി.
സമസ്തയിൽ ലീഗിനെയും പാണക്കാട് കുടുംബത്തെയും അനുകൂലിക്കുന്ന വിഭാഗവും എതിർക്കുന്നവരും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കുകയാണ്. അതിന്റെ ഭാഗമാണ് ബഹാഉദ്ദീൻ നദ്വിയുടെ തുറന്നുപറച്ചിൽ. ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം ഭിന്നത നേതാക്കളുടെ പരസ്യപ്രസ്താവനകളിൽ പ്രതിഫലിക്കാൻ തുടങ്ങിയിട്ടുണ്ട്.
പി.കെ. കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം ലീഗ് സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷം നടത്തിയ പ്രസ്താവനകളും സുപ്രഭാതം പത്രത്തിന്റെ ദുബൈ എഡിഷൻ ഉദ്ഘാടനച്ചടങ്ങിൽനിന്ന് ലീഗ് നേതൃത്വം വിട്ടുനിന്നുവെന്ന ആരോപണവുമെല്ലാം ഭിന്നത രൂക്ഷമാക്കിയിട്ടുണ്ട്.
സുപ്രഭാതത്തിന്റെ പബ്ലിഷർ കൂടിയാണ് ഡോ. ബഹാഉദ്ദീൻ നദ്വി. അദ്ദേഹം തന്നെയാണ് പത്രം സംഘടിപ്പിച്ച ചടങ്ങിനെ രൂക്ഷമായി വിമർശിച്ചിരിക്കുന്നത്. പൊന്നാനി ലോക്സഭ മണ്ഡലത്തിൽ ലീഗ് സ്ഥാനാർഥിയെ തോൽപിക്കാൻ സമസ്തയിലെ ഒരു വിഭാഗം പ്രവർത്തിച്ചെന്ന കടുത്ത പരാതി ലീഗിനുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിൽ സമസ്തയുടെ പത്രം ലീഗിനെ വേദനിപ്പിച്ചെന്ന് കുഞ്ഞാലിക്കുട്ടി തുറന്നുപറയുകയും ചെയ്തു. തെരഞ്ഞെടുപ്പുഫലം വന്നാൽ പ്രശ്നം രൂക്ഷമാകുമെന്നാണ് സൂചന.
ബഹാഉദ്ദീൻ നദ്വിയോട് സമസ്ത വിശദീകരണം തേടി
കോഴിക്കോട്: സുപ്രഭാതം എഡിറ്ററും പബ്ലിഷറും സമസ്തയുടെ കേന്ദ്ര മുശാവറ അംഗവുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വിയോട് സമസ്ത വിശദീകരണം തേടി.
സുപ്രഭാതത്തിന് നയവ്യതിയാനമുണ്ടായെന്ന് ചാനലുകളിൽ നദ്വിയുടെ പ്രതികരണം വന്ന സംഭവത്തിൽ രണ്ടു ദിവസത്തിനകം നേതൃത്വത്തിന് വിശദീകരണം നൽകണമെന്നാണ് നിർദേശം. സുപ്രഭാതത്തിന് നയംമാറ്റം സംഭവിച്ചെന്നും പത്രത്തിന്റെ ഗള്‍ഫ് എഡിഷന് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാത്തത് അതിനാലാണെന്നും അദ്ദേഹം പറഞ്ഞെന്നാണ് വാർത്ത വന്നത്.
വ്യക്തിപരമായ കാഴ്ചപ്പാടുകള്‍ക്ക് സംഘടനയില്‍ പ്രസക്തിയില്ല. മതനിരാസ പ്രവര്‍ത്തനങ്ങളോടുള്ള കാഴ്ചപ്പാടിന് മാറ്റങ്ങള്‍ കാണുന്നു. സുപ്രഭാതം ഗള്‍ഫ് എഡിഷന് ഉദ്ഘാടന ചടങ്ങ് ഇതിന് തെളിവാണ്. മതനിഷേധികള്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചിരുന്നതാണ്. പരസ്പരം സഹകരിച്ചായിരുന്നു മുസ്ലിം ലീഗും സമസ്തയും മുന്നോട്ടുപോയിരുന്നത്. സഹസഞ്ചാരമാണ് സമൂഹത്തിന് ആവശ്യമെന്നും നദ്വി പ്രതികരിച്ചിരുന്നു. ഇക്കാര്യത്തിലാണ് നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.