സാദിഖലി തങ്ങളുടെ നിലപാടിൽ വിയർത്ത് മുസ്ലിം ലീഗ്
text_fieldsകോഴിക്കോട്: രാമക്ഷേത്ര വിഷയത്തിൽ പാർട്ടി അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വിവാദ പരാമർശത്തിൽ വിയർത്ത് മുസ്ലിം ലീഗ്. പാർട്ടിയിലെ മറ്റേതെങ്കിലും നേതാവാണ് ഇത്തരം പരാമർശം നടത്തിയതെങ്കിൽ അതിനെ തള്ളിപ്പറഞ്ഞ് രക്ഷപ്പെടാമായിരുന്നു.
എന്നാൽ, ലീഗിന്റെ അവസാന വാക്കെന്ന് വിശേഷിപ്പിക്കപ്പെടുന്ന സാദിഖലി തങ്ങൾ തന്നെ ബാബരി മസ്ജിദ് ഭൂമിയിലെ രാമക്ഷേത്രത്തെ നിരുപാധികം അംഗീകരിക്കും വിധം പ്രസ്താവന നടത്തിയതിനെ എങ്ങനെ ന്യായീകരിക്കണമെന്നറിയാതെ കുഴങ്ങുകയാണ് നേതാക്കളും പ്രവർത്തകരും. വിശദീകരണവുമായി രംഗത്തുവന്ന ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി സാദിഖലി തങ്ങളെ ശക്തമായി പിന്തുണച്ചു.
പാർട്ടി അധ്യക്ഷനെ മറ്റൊരാൾ തിരുത്തുക എന്നത് ലീഗ് ചരിത്രത്തിൽ ഇല്ലാത്ത കാര്യമായതിനാൽ പ്രസ്താവനയെക്കുറിച്ച് സാദിഖലി തങ്ങൾ തന്നെ വിശദീകരിക്കുകയേ നിർവാഹമുള്ളൂവെന്നാണ് മറ്റു മുതിർന്ന നേതാക്കൾ പറയുന്നത്.
ബാബരി മസ്ജിദ് ഭൂമിയിൽ പണിതുയർത്തിയ, രാജ്യത്തെ ബഹുഭൂരിപക്ഷവും ആദരിക്കുന്ന രാമക്ഷേത്രം ഒരു യാഥാർഥ്യമായതിനാൽ അതിൽ പ്രതിഷേധിക്കേണ്ട കാര്യമില്ലെന്ന സാദിഖലി തങ്ങളുടെ പ്രസ്താവന ഗ്യാൻവാപി മസ്ജിദിൽ പൂജ തുടങ്ങിയ പശ്ചാത്തലത്തിലാണ് പുറത്തുവരുന്നത്.
ഇതുസംബന്ധിച്ച് സമുദായത്തിനകത്ത് ശക്തമായ ചർച്ച നടക്കുമ്പോൾത്തന്നെ സാധാരണ ലീഗ് പ്രവർത്തകർ സമൂഹ മാധ്യമങ്ങളിലൂടെ രോഷം പരസ്യമാക്കുന്നു.
ബഹുഭൂരിപക്ഷം ആദരിക്കുന്ന ക്ഷേത്രമാണത് എന്നു പറഞ്ഞതിനെതിരെ ഹിന്ദു സമൂഹത്തിൽ നിന്നുള്ളവർത്തന്നെ രൂക്ഷ വിമർശനമുയർത്തിയതും ശ്രദ്ധേയമായി. യാഥാർഥ്യമായ രാമക്ഷേത്രവും നിർമാണത്തിലിരിക്കുന്ന ബാബരി മസ്ജിദും ഇന്ത്യയുടെ മതേതരത്വം ശക്തിപ്പെടുത്തുമെന്ന സാദിഖലി തങ്ങളുടെ പ്രസ്താവന എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണെന്ന ചോദ്യവും അവർ ഉയർത്തുന്നു.
ഇത്രയൊക്കെ വിവാദമായിട്ടും പറഞ്ഞത് തിരുത്തിപ്പറയാൻ സാദിഖലി തങ്ങൾ തയാറായിട്ടില്ല. ബാബരി മസ്ജിദ് തകർത്ത സമയത്ത് പാണക്കാട് ശിഹാബ് തങ്ങൾ സ്വീകരിച്ച നിലപാട് ചൂണ്ടിക്കാട്ടിയാണ് കുഞ്ഞാലിക്കുട്ടി സാദിഖലി തങ്ങളെ പിന്തുണച്ചത്.
എന്നാൽ, അന്നത്തെ ലീഗ് നിലപാട് കടുത്ത വിമർശനങ്ങൾക്കിടയാക്കിയതാണ്. അന്ന് കേന്ദ്രം ഭരിച്ചത് നരസിംഹറാവു സർക്കാറായിരുന്നതിനാൽ കോൺഗ്രസ് ലീഗിന്റെ നിലപാടിനെ മുക്തകണ്ഠം പ്രശംസിച്ചതൊഴിച്ചാൽ പൊതുസമൂഹത്തിൽനിന്ന് രൂക്ഷ വിമർശനമാണുണ്ടായത്. ഇപ്പോഴത്തെ ലീഗ് നിലപാടിനെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കോൺഗ്രസും മാത്രമാണ് പിന്തുണച്ചത്.
ലീഗും സമസ്തയിലെ ഒരുവിഭാഗവും തമ്മിലെ കൊമ്പുകോർക്കലിനിടെ പുറത്തുവന്ന സാദിഖലി തങ്ങളുടെ പ്രസ്താവനക്കെതിരെ സമസ്തക്കകത്തെ ലീഗ് വിരുദ്ധ വിഭാഗവും രൂക്ഷ വിമർശനമുയർത്തുന്നുണ്ട്. സാദിഖലി തങ്ങളുടെ വിവാദ പ്രസ്താവനക്കു പിന്നാലെ, ഗ്യാൻവാപി മസ്ജിദിൽ പൂജ അനുവദിച്ചതിനെതിരെ സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളും ജന. സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്ലിയാരും സംയുക്ത പ്രസ്താവന ഇറക്കിയതും ശ്രദ്ധേയമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.