ഖമറുദ്ദീനും ഷാജിക്കുമെതിരായ കേസുകൾ നേരിടാൻ ലീഗ്
text_fieldsമലപ്പുറം: എം.എൽ.എമാരായ എം.സി. ഖമറുദ്ദീൻ, കെ.എം. ഷാജി എന്നിവർക്കെതിരായ കേസുകൾ നിയമപരമായും രാഷ്ട്രീയമായും നേരിടാൻ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു. അറസ്റ്റിലായ ഖമറുദ്ദീൻ രാജിവെക്കേണ്ടെന്ന നിലപാട് നേതൃത്വം ആവർത്തിച്ചു.
സ്വർണകടത്ത്, മയക്കുമരുന്ന് കടത്ത്, ഡോളർ കയറ്റുമതി തുടങ്ങി ഗുരുതര കേസുകളിൽ കുടുങ്ങി നട്ടംതിരിയുന്ന പിണറായി സർക്കാർ ശ്രദ്ധ തിരിച്ചുവിടാനാണ് നിസ്സാര കാര്യങ്ങളിൽ കേസെടുത്ത് അറസ്റ്റ് പോലുള്ള നടപടികളിലേക്ക് തിരിയുന്നതെന്ന് നേതൃത്വം വിലയിരുത്തി. പ്രതികാരം തീർക്കാനാണ് വിജിലൻസ് അന്വേഷണമെന്നും പ്രബുദ്ധ ജനം ഇത് തിരിച്ചറിയുമെന്നും പാർട്ടി കരുതുന്നു.
യു.ഡി.എഫ് നേതാക്കൾക്കെതിരായ നടപടിക്കൊണ്ടൊന്നും ഇടതുപക്ഷം രക്ഷപ്പെടില്ലെന്നും വരുന്ന തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി ലഭിക്കുമെന്നും യോഗം വിലയിരുത്തി. അതേസമയം, ഇ.ഡി അന്വേഷണത്തിനെതിരെ ലീഗ് ആക്ഷേപമുന്നയിച്ചില്ല. അങ്ങനെയൊരു നിലപാട് സ്വീകരിച്ചാൽ സി.പി.എം വാദം അംഗീകരിക്കുന്നതിന് തുല്യമാവുമെന്നതിനാലാണ് പരസ്യമായി പ്രതികരിക്കാത്തത്. സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിൽ ശനിയാഴ്ച രാവിലെയായിരുന്നു യോഗം.
ഇ.ഡിയുടെ ചോദ്യം ചെയ്യലിന് വിധേയനായ കെ.എം. ഷാജി എം.എൽ.എയെ യോഗത്തിലേക്ക് വിളിപ്പിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് അദ്ദേഹം നൽകിയ വിശദീകരണത്തിൽ സമിതി തൃപ്തരാണ്. എം.എൽ.എമാർക്കെതിരെ കേസുകൾ ചർച്ച ചെയ്തതായി യോഗശേഷം പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു.
ജനശ്രദ്ധ തിരിച്ചുവിടാനാണ് ലീഗ് എം.എൽ.എമാരെ പ്രതികളാക്കി അറസ്റ്റ് ചെയ്ത് ജയിലിലിടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേസുകൾ കെട്ടിച്ചമക്കുകയാണ്. അധികാരമൊഴിയാൻ പോകുന്ന സർക്കാറാണ് അസാധാരണ നടപടികളെടുക്കുന്നത്. മുമ്പുണ്ടാവാത്ത രീതിയാണിത്. വിജിലൻസിനെ ഉപയോഗിച്ച് ഒരു ഡസൻ എം.എൽ.എമാർക്കെതിരെ കേസെടുക്കുമെന്നാണ് എ. വിജയരാഘവനെ പോലുള്ളവരുടെ ഭീഷണി. തെരഞ്ഞെടുപ്പിൽ 25 ലക്ഷം അധികം ചെലവഴിച്ചു, ബിസിനസ് പൊളിഞ്ഞപ്പോൾ നിക്ഷേപം തിരിച്ചുനൽകിയില്ല തുടങ്ങിയ നിസ്സാര സംഭവങ്ങളുടെ പേരിലാണിത്. കേസുകൾക്ക് മുന്നിൽ പതറുന്ന പാർട്ടിയല്ല ലീഗ്. എൽ.ഡി.എഫ്, യു.ഡി.എഫ് കേസുകളിൽ ആനയും ഉറുമ്പും തമ്മിലുള്ള വ്യത്യാസമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇ.ടി. മുഹമ്മദ് ബഷീർ, കെ.പി.എ. മജീദ്, സാദിഖലി ശിഹാബ് തങ്ങൾ, പി.വി. വഹാബ്, എം.കെ. മുനീർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.