നായക വിയോഗ വേദനയിൽ ലീഗിന് 75
text_fieldsമലപ്പുറം: ന്യൂനപക്ഷ രാഷ്ട്രീയ മുദ്രാവാക്യവുമായി ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് 75ാം വയസ്സിലേക്ക് കടന്നു. 1948 മാർച്ച് 10ന് മദ്രാസിലെ രാജാജി ഹാളിൽ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്‍റെ നേതൃത്വത്തിൽ രൂപവത്കരിച്ച ലീഗ്, സ്വാതന്ത്ര്യാനന്തര ഇന്ത്യക്കൊപ്പം സഞ്ചരിച്ചു.
ഏറെ വെല്ലുവിളികളും പ്രതിസന്ധികളും കടന്ന് മുന്നോട്ടുപോയ പാർട്ടിക്ക് ഇന്ന് കേരളത്തിലും തമിഴ്നാട്ടിലും മാത്രമാണ് കാര്യമായ വേരുകളുള്ളത്. കേരളത്തിന്‍റെ മുഖ്യമന്ത്രി പദത്തിൽ ലീഗുകാരനായ സി.എച്ച്. മുഹമ്മദ് കോയ അവരോധിക്കപ്പെട്ടതാണ് പ്രസ്ഥാനത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ നേട്ടം. 2004 മുതൽ 14 വരെ കേന്ദ്രമന്ത്രി പദം വഹിച്ച് ഇ. അഹമ്മദും ചരിത്രത്തിന്‍റെ ഭാഗമായി. സംസ്ഥാന അധ്യക്ഷനായിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണംമൂലം സ്ഥാപകദിന പരിപാടികൾ മാർച്ച് 13ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്.
കേരളത്തിന് പുറത്ത് ചില സംസ്ഥാനങ്ങളിലും ലീഗിന് നിയമസഭ, പാർലമെന്‍റ് അംഗങ്ങളും ഭരണപങ്കാളിത്തവുമൊക്കെയുണ്ടായിരുന്ന കാലമുണ്ടായിരുന്നു.
നിലവിൽ ഒരു രാജ്യസഭാംഗവും മൂന്ന് ലോക്സഭാംഗങ്ങളും 15 നിയമസഭ സാമാജികരുമാണുള്ളത്. മുഹമ്മദ് ഇസ്മായിൽ സാഹിബായിരുന്നു ആദ്യ ദേശീയ അധ്യക്ഷൻ. തുടർന്ന് അബ്ദുറഹിമാൻ ബാഫഖി തങ്ങൾ, ഇബ്രാഹിം സുലൈമാൻ സേട്ട്, ജി.എം. ബനാത്ത് വാല, ഇ. അഹമ്മദ് എന്നിവരും പ്രസിഡന്‍റുമാരായി.
കെ.എം. ഖാദർ മൊയ്തീനാണ് ഇപ്പോൾ ദേശീയ തലത്തിൽ പാർട്ടിയെ നയിക്കുന്നത്. കേരളത്തിൽ അബ്ദുറഹിമാൻ ബാഫഖി തങ്ങൾ, പി.എം.എസ്.എ പൂക്കോയ തങ്ങൾ, മുഹമ്മദലി ശിഹാബ് തങ്ങൾ, ഹൈദരലി ശിഹാബ് തങ്ങൾ എന്നിവർ അധ്യക്ഷപദവിയിലിരുന്നു. ഹൈദരലി തങ്ങളുടെ മരണത്തോടെ കഴിഞ്ഞദിവസം സാദിഖലി തങ്ങൾ നായകത്വം ഏറ്റെടുത്തു. സുലൈമാൻ സേട്ട് ഒഴിച്ചുള്ള ദേശീയ, സംസ്ഥാന അധ്യക്ഷർക്കെല്ലാം മരണംവരെ പദവിയിൽ തുടരാൻ നിയോഗമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.