ജില്ല കമ്മിറ്റി തീരുമാനം നടപ്പാക്കുന്നില്ലെന്ന്; മുസ്ലിം ലീഗ് കമ്മിറ്റികളിൽ ചേരിതിരിവ്
text_fieldsവെള്ളിമാട്കുന്ന്: ഭാരവാഹികൾ തമ്മിലെ തർക്കവും കുതികാൽവെട്ടും കാരണം മുസ്ലിം ലീഗ് കമ്മിറ്റിയിൽ ചേരിപ്പോര് രൂക്ഷം. ഉൾപ്പോര് മൂർധന്യത്തിലെത്തിയതോടെ ജില്ല കമ്മിറ്റിയുടെ തീരുമാനം മണ്ഡലം കമ്മിറ്റി കാറ്റിൽപറത്തുകയാണെന്ന് പരാതി. മൂഴിക്കൽ ശാഖ കമ്മിറ്റി പിരിച്ചുവിട്ട മണ്ഡലം കമ്മിറ്റിക്കെതിരെ ലഭിച്ച പരാതികളുടെ അന്വേഷണത്തെ തുടർന്നുള്ള ജില്ല കമ്മിറ്റിയുടെ തീരുമാനം നടപ്പാക്കാത്തതാണ് പരസ്യപ്രസ്താവനയിലേക്കും രഹസ്യ നോട്ടീസ് വിതരണത്തിലേക്കും നീളുന്നത്.
ശാഖ കമ്മിറ്റിയിലെ അണിയറ നീക്കങ്ങളും കുടിപ്പകയും മൂലം മാസങ്ങൾക്കുമുമ്പ് രണ്ടുവിഭാഗങ്ങൾ തമ്മിലെ അഴിമതിയാരോപണവും ചളിവാരിയെറിയലും െപാലീസ് സ്റ്റേഷനിൽ പരാതിയിൽ കലാശിക്കുകയായിരുന്നു. ശാഖ കമ്മിറ്റിയിലെ അഭിപ്രായ വ്യത്യാസങ്ങളും നിസ്സംഗതയും ശ്രദ്ധയിൽപെടുത്തിയ പരാതികളും മൂഴിക്കൽ ശാഖ കമ്മിറ്റി പിരിച്ചുവിട്ട മണ്ഡലം കമ്മിറ്റിക്കെതിരെ കിട്ടിയ പരാതികളും ജില്ല കമ്മിറ്റി പരിശോധിച്ചു.
പരിഹരിക്കാൻ നിയോഗിച്ച സബ്കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് ജില്ല ഭാരവാഹിയോഗം അംഗീകരിച്ചെങ്കിലും മണ്ഡലം കമ്മിറ്റി നടപ്പാക്കുന്നില്ലെന്നതാണ് അണികളിലെ ആശങ്ക. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ശത്രുതയിൽ നീങ്ങുന്ന നേതൃത്വത്തിെൻറ നടപടികൾ പാർട്ടിക്ക് തിരിച്ചടി ഉണ്ടാക്കുമെന്നാണ് പാർട്ടി പ്രവർത്തകരുടെ വേവലാതി. സമാന്തര പ്രവർത്തനം നടത്തിയെന്ന പരാതിയിൽ നിയോജകമണ്ഡലം ഭാരവാഹിത്വത്തിൽനിന്ന് ഒഴിവാക്കിയ പി. ഇസ്മായിലിനെതിരെ സ്വീകരിച്ച നടപടി റദ്ദ് ചെയ്ത് തിരിച്ചെടുക്കാൻ തീരുമാനിച്ചിരുന്നു.
ഇസ്മായിലിന്, സമാന്തര പ്രവർത്തനം നടത്താൻ പാടില്ലെന്ന താക്കീതും നൽകിയിരുന്നു. എന്നാൽ, ഒരു വിഭാഗം തീരുമാനം അംഗീകരിക്കുകയോ യോഗനടപടികളിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുകയോ ചെയ്യുന്നില്ലെന്നാണ് ആക്ഷേപം. മണ്ഡലം ഭാരവാഹിത്വത്തിൽ നിന്ന് രാജിവെച്ച ടി.കെ. ലത്തീഫ്ഹാജി, എൻ.പി. റഫീഖ് എന്നിവരെ രാജി പിൻവലിച്ച് ഭാരവാഹിത്വത്തിൽ തുടരാനും ജില്ല കമ്മിറ്റി തീരുമാനമായതാണ്.
വിദേശത്തായതിനാൽ ദീർഘകാലമായി യോഗങ്ങളിൽ പങ്കെടുക്കാത്ത പി.എം. കോയയെ വൈസ് പ്രസിഡൻറ് സ്ഥാനത്തു നിന്ന് മാറ്റി പകരം പാളയം മമ്മദ്കോയയെ നിയമിച്ചും തീരുമാനമായി. ജില്ല കമ്മിറ്റിയുടെ ഇൗ തീരുമാനങ്ങളൊന്നും നടപ്പാക്കാൻ ചിലർ കൂട്ടാക്കുന്നില്ലെന്നും പൊതുപരിപാടികൾ നടത്തുന്നതു സംബന്ധിച്ച് അറിയിക്കുന്നില്ലെന്നുമാണ് പരാതി. മൂഴിക്കൽ ശാഖ പിരിച്ചുവിട്ട കത്തിൽ മണ്ഡലം കമ്മിറ്റി നടത്തിയ പരാമർശങ്ങളിൽ വീഴ്ച വന്നതായും ജില്ല കമ്മിറ്റി വിലയിരുത്തിയിട്ടുണ്ട്.
പിഴവുകൾ പരിഗണിച്ച് മണ്ഡലം കമ്മിറ്റിയുടെ നടപടി റദ്ദാക്കി നിലവിലെ കമ്മിറ്റി തുടരാനും തീരുമാനിച്ചിരുന്നു. എന്നാൽ, ജൂൺ ആറിെൻറ ജില്ല കമ്മിറ്റിയുടെ ഉത്തരവ് മണ്ഡലം കമ്മിറ്റിയിലെ പലരെയും ബന്ധപ്പെട്ടവർ അറിയിച്ചില്ലെന്നാണ് പരാതി. എന്നാൽ, ജില്ല കമ്മിറ്റി തീരുമാനം നടപ്പാക്കാൻ മണ്ഡലം കമ്മിറ്റി ബാധ്യസ്ഥമാണെന്നും യോഗത്തിനു വിളിക്കേണ്ടവരെ തക്ക സമയത്തുതന്നെ വിളിക്കുമെന്നും അറിയിക്കേണ്ടവരെ അറിയിക്കാതെ പൊതുപരിപാടികൾ നടത്തിയിട്ടില്ലെന്നും മണ്ഡലം ഭാരവാഹി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.