കെ.റെയിൽ: ജനകീയ സമരമാണ് വേണ്ടതെന്ന് മുസ്‍ലിം ലീഗ്
text_fieldsകോഴിക്കോട്: കെ.റെയിൽ വിരുദ്ധ സമരം ജനകീയമായി മുന്നോട്ടുപോകണമെന്ന് മുസ്‍ലിം ലീഗ്. സർവേ കല്ല് സ്ഥാപിക്കലുമായി ബന്ധപ്പെട്ട് വിവിധ പ്രദേശങ്ങളിലുണ്ടായ പ്രതിഷേധ സമരങ്ങൾ വിലയിരുത്തിയ മുസ്‍ലിം ലീഗ് ഭാരവാഹികളുടെയും എം.എൽ.എമാരുടെയും യോഗമാണ് സമരം ജനകീയമായി തുടരുകയാണ് വേണ്ടതെന്ന് വിലയിരുത്തിയത്.
സംസ്ഥാനത്ത് ഇപ്പോർ ദൃശ്യമായത് ഇരകളുടെ പ്രതിഷേധമാണ്. ഇതിന് മുസ്‍ലിം ലീഗ് ശക്തമായ പിന്തുണ നൽകും. യു.ഡി.എഫ് നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സമര പരിപാടികളിലും ലീഗിന്റെ സജീവ സാന്നിധ്യമുണ്ടാകും. എന്നാൽ, സമരത്തെ വഴിതിരിച്ചുവിടാൻ സി.പി.എമ്മിനും ഭരണകൂടത്തിനും അവസരം നൽകും വിധം മലപ്പുറത്തുപോലും സമരത്തെ പാർട്ടി ഹൈജാക്ക് ചെയ്യുന്ന അവസ്ഥ ഉണ്ടാകരുതെന്ന അഭിപ്രായമാണ് യോഗത്തിൽ ഉയർന്നത്.
കെ.റെയിൽ പ്രതിഷേധങ്ങളെ ലീഗ് ലാഘവത്തോടെ കാണുന്നുവെന്ന വിമർശനത്തിന്റെ പശ്ചാത്തലത്തിലാണ് ഭാരവാഹി യോഗത്തിൽ നിലപാട് വിശദീകരിക്കപ്പെട്ടത്. വലിയ സാമൂഹിക ആഘാതമാണ് കെ. റെയിൽ കേരളത്തിന് വരുത്തിവെക്കുകയെന്ന് യോഗം വിലയിരുത്തി.
വഖഫ് വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച മുസ്‍ലിം സംഘടനകളുടെ യോഗം ഏപ്രിൽ 20ന് നടക്കുന്ന പശ്ചാത്തലത്തിൽ സർക്കാർ നിലപാട് അറിഞ്ഞശേഷം സമരത്തിന്റെ അടുത്ത ഘട്ടം തീരുമാനിക്കും. വഖഫ് നിയമനം പി.എസ്.സിക്കു വിട്ട തീരുമാനത്തിൽ സർക്കാർ ഉറച്ചുനിൽക്കുകയാണെങ്കിൽ റമദാനുശേഷം സമരം ശക്തിപ്പെടുത്തും. വഖഫ് മന്ത്രിയുടെ നിയമസഭയിലെ പ്രഖ്യാപനത്തോടെ മുഖ്യമന്ത്രി നൽകിയ 'ഉറപ്പ്' കുറുപ്പിന്റെ ഉറപ്പായ സാഹചര്യത്തിൽ സമസ്ത അടക്കമുള്ള സംഘടനകൾ ലീഗിനൊപ്പമുണ്ടാകുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. എന്നാൽ, ലീഗ് നേരത്തേ പ്രഖ്യാപിച്ചപോലെ സ്വന്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകും.
പാർട്ടിയുടെ മുൻ അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങളുടെ വിയോഗത്തിൽ മത, കക്ഷി, രാഷ്ട്രീയ ഭേദമന്യെ നേതാക്കൾ സാന്ത്വനവുമായി പാണക്കാട്ട് എത്തിയത് പാർട്ടിയുടെ പൊതു സ്വീകാര്യതയാണ് പ്രകടമാക്കിയതെന്നും യോഗം വിലയിരുത്തി. 'എന്റെ പാർട്ടിക്ക് എന്റെ ഹദ്‍യ' ഡിജിറ്റൽ ഫണ്ട് പിരിവ് കാമ്പയിന് പ്രവർത്തകരിൽനിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്.
ഡിജിറ്റൽ പിരിവ് സുതാര്യത ഉറപ്പാക്കുന്നതാണ്. പാർട്ടി പത്രത്തിന്റെ ഉൾപ്പെടെ ബാധ്യതകൾ ഇതിലൂടെ തീർക്കാനാകുമെന്നാണ് പ്രതീക്ഷ. റമദാൻ കഴിഞ്ഞാൽ മെംബർഷിപ്പ് കാമ്പയിനും ഓൺലൈനായി നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.