പി.വി. അൻവറിനെ സ്വാഗതം ചെയ്ത് മുസ്‌ലിം ലീഗ്; ‘നാടിന്‍റെ നന്മക്കായി ഒന്നിച്ച് പോരാടാം’
text_fieldsമലപ്പുറം: ഇടത് എം.എൽ.എ പി.വി. അൻവറെ സ്വാഗതം ചെയ്ത് മുസ്‌ലിം ലീഗ് നിലമ്പൂർ നേതൃത്വം. ലീഗ് നിലമ്പൂർ മണ്ഡലം പ്രസിഡന്‍റ് ഇക്ബാൽ മുണ്ടേരി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അൻവർ പറയുന്ന പല കാര്യങ്ങളും സത്യമാണെന്നും നാടിന്‍റെ നന്മക്കായി ഒന്നിച്ച് പോരാടാമെന്നും ഇക്ബാൽ മുണ്ടേരി പോസ്റ്റിൽ വ്യക്തമാക്കുന്നു.
മുഖ്യമന്ത്രി വിശ്വാസത്തിലെടുക്കാത്തതിൽ അൻവറിന് നിരാശയുണ്ട്. സ്വാതന്ത്ര്യ സമരസേനാനി ഷൗക്കത്തലി സാഹിബിന്‍റെ മകനായ പി.വി അൻവറിന്‍റെ യഥാർഥ മുഖമാണ് പിണറായി വിജയൻ കാണേണ്ടത്. ഈ ദുഷ്ടശക്തികൾക്കെതിരെ, നാടിന്‍റെ നന്മക്ക് വേണ്ടി നമുക്ക് ഒരുമിച്ച് പോരാടാമെന്നും ഇക്ബാൽ മുണ്ടേരി പറയുന്നു.
ഈ ഭരണം സംഘ് പരിവാറിന് കുടപിടിക്കുകയാണെന്നും മുഖ്യമന്ത്രിയും അദ്ദേഹത്തിന്‍റെ ഓഫീസും എല്ലാതരം അഴിമതികളുടെയും കൂത്തരങ്ങായി മാറിയിട്ടുണ്ടെന്നും വർഷങ്ങളായി മുസ് ലിം ലീഗും യു.ഡി.എഫും പറഞ്ഞ് കൊണ്ടിരിക്കുന്നതാണ്. ഈ നിലപാടാണ് സത്യമെന്ന് തിരിച്ചറിഞ്ഞ് അതിന്‍റെ കൂടെ നിൽക്കാൻ പഴയ കോൺഗ്രസുകാരനായ അൻവർ തയാറാവുന്ന ഘട്ടത്തിന് സമയമാവുകയാണെന്നും ഇക്ബാൽ മുണ്ടേരി എഫ്.ബി പോസ്റ്റിൽ വ്യക്തമാക്കുന്നു.
അൻവറിനെ സ്വാഗതം ചെയ്തുള്ള പോസ്റ്റ് വാർത്തയായതിന് പിന്നാലെ ഇക്ബാൽ മുണ്ടേരി എഫ്.ബി പോസ്റ്റ് പിൻവലിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം:
PV അൻവർ പറയുന്ന പല കാര്യങ്ങളും സത്യമാണ്. പക്ഷേ അത് അംഗീകരിക്കാൻ പിണറായി വിജയന് കഴിയില്ല. അതിന് പല കാരണങ്ങളും ഉണ്ട്.
അൻവർ പെട്ടെന്ന് ആർക്ക് മുന്നിലും വഴങ്ങുന്ന പ്രകൃതക്കാരനല്ല. പിണറായിക്കാണെങ്കിൽ തന്‍റെ മുന്നിൽ വഴങ്ങാത്തവനോട് കട്ടക്കലിപ്പുമാണ്.
ഇപ്പോ രണ്ട് ഘട്ടം കഴിഞ്ഞു.
1. മുഖ്യമന്ത്രിയിൽ വലിയ വിശ്വാസമുണ്ടായിരുന്ന അൻവറിന്‍റെ യുദ്ധപ്രഖ്യാപന ഘട്ടം.
2. മുഖ്യമന്ത്രിയെ മറ്റുള്ളവർ വല്ലാതെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു എന്ന് കരുതുന്ന ഘട്ടം. മുഖ്യമന്ത്രി തന്നെ തീരെ വിശ്വാസത്തിലെടുക്കുന്നില്ല എന്നതിൽ അൻവറിന് ചെറിയ നിരാശ തോന്നുന്നുണ്ട്.
ഇനി മൂന്നാം ഘട്ടത്തിലേക്ക് കടക്കണം.
യഥാർത്ഥ പിണറായി വിജയൻ ആരാണെന്ന് കൃത്യമായി മനസിലാക്കുന്ന പ്രധാന ഘട്ടമാണത്.
പിണറായിയും, ശശിയും, MR അജിത് കുമാറും മൂന്നല്ല അതൊന്നാണെന്ന് ബോധ്യപ്പെടുന്ന നിമിഷം.
പിന്നെയാണ് സ്വാതന്ത്ര്യ സമര സേനാനിയായ ഷൗക്കത്തലി സാഹിബിൻ്റെ മകൻ പി.വി.അൻവറിന്‍റെ യഥാർത്ഥ മുഖം പിണറായി കാണേണ്ടത്.
ഈ ഭരണം സംഘ്പരിവാറിന് കുടപിടിക്കുകയാണ് എന്നും, മുഖ്യമന്ത്രിയും അദ്ദേഹത്തിന്‍റെ ഓഫീസും എല്ലാ തരം അഴിമതികളുടെയും കൂത്തരങ്ങായി മാറിയിട്ടുണ്ടെന്നും വർഷങ്ങളായി പറഞ്ഞ് കൊണ്ടിരിക്കുന്ന മുസ്ലിം ലീഗിന്‍റെയും യു.ഡി എഫിന്‍റെയും നിലപാടാണ് സത്യമെന്ന് തിരിച്ചറിഞ്ഞ് അതിന്‍റെ കൂടെ നിൽക്കാൻ പഴയ കോൺഗ്രസ് കാരനായ അൻവർ തയ്യാറാവുന്ന ഘട്ടത്തിന് അപ്പോഴാണ് സമയമാവുക.
ഈ ദുഷ്ടശക്തികൾക്കെതിരെ, നാടിന്‍റെ നന്മക്ക് വേണ്ടി നമുക്ക് ഒരുമിച്ച് പോരാടാം, !
അതേസമയം, പി.വി അൻവറെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത ഇക്ബാൽ മുണ്ടേരിയെ തള്ളി ലീഗ് സംസ്ഥാന നേതൃത്വം. അൻവറിനെ ലീഗ് നേതാവ് ക്ഷണിച്ചതിനെ കുറിച്ച് അറിയില്ലെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. അൻവർ ലീഗിലേക്ക് വരുമോ എന്ന ചോദ്യം തന്നെ അപ്രസക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങൾക്ക് മറുപടി പറയാനില്ലെന്ന് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീറും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.