ഫാത്തിമ തഹ്ലിയ അടക്കം എം.എസ്.എഫ്-ഹരിത നേതാക്കൾക്കെതിരായ അച്ചടക്ക നടപടി പിൻവലിച്ച് ലീഗ്
text_fieldsകോഴിക്കോട്: എം.എസ്.എഫ്, ഹരിത നേതാക്കൾക്കെതിരായ അച്ചടക്ക നടപടി മുസ്‍ലിംലീഗ് പിൻവലിച്ചു. എം.എസ്.എഫ് മുൻ ദേശീയ വൈസ് പ്രസിഡന്‍റ് അഡ്വ. ഫാത്തിമ തഹ് ലിയ, ഹരിത മുൻ പ്രസിഡന്‍റ് മുഫീദ തസ്നി, മുൻ ജനറൽ സെക്രട്ടറി അഡ്വ. നജ്മ തബ്ഷീറ, എം.എസ്.എഫ് സംസ്ഥാന ഭാരവാഹികളായ ലത്തീഫ് തുറയൂർ, കെ.എം. ഫവാസ് എന്നിവർക്കെതിരായ നടപടിയാണ് അവസാനിപ്പിച്ചത്. മുൻ ഹരിത നേതാക്കൾ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിനെതിരെ ഫയൽ ചെയ്ത കേസ് പിൻവലിക്കാനും ധാരണയായിട്ടുണ്ട്.
നടപടികൾ പിൻവലിച്ച സാഹചര്യത്തിൽ ഇവരുടെ പ്രവർത്തന മേഖലകൾ ബന്ധപ്പെട്ട ഘടകങ്ങൾ തീരുമാനിക്കും. നടപടികൾക്ക് വിധേയരായവർ സംസ്ഥാന നേതൃത്വത്തിന് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റിനെതിരെ ആരോപണം ഉന്നയിച്ച ഹരിത നേതാക്കൾക്കൊപ്പം നിലകൊണ്ടതിന്റെ പേരിലായിരുന്നു ലത്തീഫ് തുറയൂരിനെതിരെയും കെ.എം. ഫവാസിനെതിരെയും നടപടിയെടുത്തത്. പാർട്ടി നടപടി നേരിട്ടശേഷം ലീഗ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനമുന്നയിച്ച ഇവർ പിന്നീട് പാർട്ടിക്ക് മാപ്പപേക്ഷ നൽകിയതും പരിഗണിച്ചാണ് തിരിച്ചെടുത്തത്.
2021 ജൂൺ 22ന് എം.എസ്.എഫിന്റെ കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫിസായ വെള്ളയിൽ ഹബീബ് സെൻററിൽ നടന്ന യോഗത്തിൽ ലൈംഗികമായി അധിക്ഷേപിച്ച് സംസാരിച്ചതായി ചൂണ്ടിക്കാട്ടി പി.കെ. നവാസിനെതിരെയാണ് ഹരിത നേതാക്കൾ സംസ്ഥാന വനിത കമീഷന് പരാതി നൽകിയത്.
കമീഷന് ലഭിച്ച പരാതി പൊലീസിന് കൈമാറിയതിനെ തുടർന്ന് ചെമ്മങ്ങാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. ഇതിനിടയിൽ മുസ്ലിം ലീഗ് നേതൃത്വം ഇടപെട്ട് പ്രശ്നം ഒതുക്കിത്തീർക്കാൻ ശ്രമിച്ചെങ്കിലും ഹരിത നേതാക്കൾ വഴങ്ങിയില്ല.
തുടർന്ന് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട് പുതിയ കമ്മിറ്റിയെ ലീഗ് പ്രഖ്യാപിക്കുകയും ഹരിതയെ പിന്തുണച്ച ഫാത്തിമ തഹ്ലിയയെ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡൻറ് സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തു. നടപടി വകവെക്കാതെ പരാതിയിൽ ഉറച്ചുനിൽക്കുകയാണ് ഹരിത ഭാരവാഹികൾ അന്ന് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.