മലപ്പുറത്ത് മുസ് ലിം ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു
text_fieldsമലപ്പുറം: മലപ്പുറത്ത് പാണ്ടിക്കാടിനടുത്ത് മുസ് ലിം ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. ആര്യാടൻ വീട്ടിൽ മുഹമ്മദ് സമീർ (26) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 11 മണിയോടെ ഉണ്ടായ സംഘർഷത്തിൽ ഗുരുതര പരിക്കേറ്റ സമീറിനെ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. പുലർച്ചെ മൂന്നു മണിയോടെയാണ് മരിച്ചത്.
പാണ്ടിക്കാടിനടുത്ത് ഒറവമ്പുറത്ത് അങ്ങാടിയാണ് സംഭവം. ബുധനാഴ്ച രാത്രിയിലുണ്ടായ അടിപിടിയിൽ ലീഗ് പ്രവർത്തകനായ ഹംസക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഇതേതുടർന്ന് സമീപത്തെ കടയിലുണ്ടായിരുന്ന സമീർ പിടിച്ചുമാറ്റാൻ ശ്രമിച്ചു. ഇതിനിടെ സമീറിന് കുത്തേൽക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
സംഘർഷത്തിൽ ഒറവമ്പുറം സ്വദേശികളായ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിസാം, അബ്ദുൽ മജീദ്, മൊയിൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കുടുംബവഴക്കിനെ തുടർന്നുള്ള സംഘർഷത്തിനിടെയാണ് കൊലപാതകമെന്ന് പൊലീസ് അറിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശത്ത് സി.പി.എം -യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷങ്ങൾ നിലനിന്നിരുന്നു. മുതിർന്ന നേതാക്കളും പൊലീസും ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്തു.
രാഷ്ട്രീയ കൊലപാതകമാണെന്നും സംഭവത്തിന് പിന്നിൽ സി.പി.എം ആണെന്നും യു.ഡി.എഫ് ആരോപിച്ചു. എന്നാൽ, രാഷ്ട്രീയ സംഘർഷമല്ലെന്നും രണ്ട് കുടുംബങ്ങൾ തമ്മിലുള്ള തർക്കമാണെന്നും സി.പി.എം വ്യക്തമാക്കി.
മഞ്ചേരി മണ്ഡലത്തിൽ ഉച്ചക്ക് രണ്ട് മുതൽ വൈകീട്ട് ആറ് വരെ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.