ലീഗ് പ്രവർത്തക സമിതി നാളെ; സംഘടന ശാക്തീകരണം മുഖ്യവിഷയം; മുഖം മിനുക്കാൻ പദ്ധതി
text_fieldsകോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിനുശേഷമുള്ള മുസ്ലിം ലീഗ് ആദ്യപ്രവർത്തക സമിതി യോഗം നാളെ. നേരേത്ത അഞ്ചു തവണയായി മാറ്റിവെക്കപ്പെട്ട യോഗം മഞ്ചേരി യൂനിറ്റി കോളജിൽ രാവിലെ 10ന് തുടങ്ങും. പോഷക സംഘടന ഭാരവാഹികളടക്കം 130ഓളം പേർ പങ്കെടുക്കും. സംഘടന ശാക്തീകരണവും പാർട്ടിയിൽ വരുത്തേണ്ട മാറ്റങ്ങളുമടക്കം പത്തംഗ ഉപസമിതിയുടെ റിപ്പോർട്ടിന്മേലായിരിക്കും ചർച്ച. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ല കമ്മിറ്റികൾ നൽകിയ അവലോകന റിപ്പോർട്ടുകളും വെക്കുന്നതോടെ ചൂടേറിയ ചർച്ച നടക്കും. തെരഞ്ഞെടുപ്പ് ചർച്ചയിലുണ്ടായേക്കാവുന്ന പൊട്ടിത്തെറി ഒഴിവാക്കാനാണ് പ്രവർത്തക സമിതി യോഗം വൈകിച്ചതെന്ന ആക്ഷേപവും ഉയർന്നിരുന്നു.
ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ലോക്സഭ അംഗത്വം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിച്ചതിനെതിരെ സമൂഹ മാധ്യമങ്ങളിലും പാർട്ടി വേദികളിലും പ്രവർത്തകർ കടുത്ത വിമർശനം ഉയർത്തിയിരുന്നു. ഭരണഘടനയിൽ പോലുമില്ലാത്ത ഉന്നതാധികാര സമിതിയെക്കുറിച്ചും സമിതിയിലെ അംഗങ്ങൾ അധികാരം പങ്കിടുന്നതിനെക്കുറിച്ചും സംസ്ഥാന ഭാരവാഹി യോഗത്തിൽ കെ.എം. ഷാജി ഉൾപ്പെടെയുള്ളവർ തുറന്നടിച്ചു. ഇതിനിടയിലാണ് 'ചന്ദ്രിക'ഫണ്ട് വിവാദവും 'ഹരിത'പ്രശ്നവും എ.ആർ. നഗർ ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണങ്ങളും പാർട്ടിയെ പിടിച്ചുലച്ചത്.
ചന്ദ്രിക ഫണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർട്ടിയുടെ പ്രതിച്ഛായക്ക് ഭംഗമേൽപിച്ചിരുന്നു. സാമുദായിക വിഷയങ്ങൾ ശക്തമായി ഏറ്റെടുക്കുന്നതിലെ വിമുഖതയും നാളെ ചർച്ചയാകും.
ജില്ല കമ്മിറ്റി മുതൽ ശാഖതലം വരെ പാർട്ടിയിലെ കെട്ടുറപ്പില്ലായ്മ പത്തംഗ സമിതി റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്. ഈ ഭിന്നതകൾ പരിഹരിച്ചാൽ മാത്രമേ മെംബർഷിപ് കാമ്പയിൻ തുടങ്ങാനാകൂ എന്നതാണ് സാഹചര്യം. പാർട്ടിയുടെ ജനകീയാടിത്തറ തകരുന്നു എന്ന സമിതിയുടെ സ്വയം വിമർശനം ഉൾക്കൊണ്ട് കാലാനുസൃതമായ മാറ്റത്തിന് പദ്ധതി തയാറാക്കും. സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകൾ സക്രിയമാക്കാൻ പ്രത്യേക സംവിധാനം രൂപവത്കരിക്കാനും പദ്ധതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.