മുസ്ലിം പ്രാതിനിധ്യം: കോൺഗ്രസിനുമേൽ സമ്മർദം മുറുകുന്നു
text_fieldsകോഴിക്കോട്: ലോക്സഭയിലേക്ക് സി.പി.എം നാലും മുസ്ലിം ലീഗ് രണ്ടും ബി.ജെ.പി ഒന്നും മുസ്ലിം സ്ഥാനാർഥികളെ മത്സരിപ്പിക്കുമ്പോൾ സംസ്ഥാനത്ത് കോൺഗ്രസിന്റെ മുസ്ലിം പ്രാതിനിധ്യത്തെക്കുറിച്ച് ചർച്ചകൾ സജീവം.
മുഴുവൻ മണ്ഡലങ്ങളിലും സിറ്റിങ് എം.പിമാർതന്നെ മത്സരിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ആശയക്കുഴപ്പത്തിലുള്ള മണ്ഡലങ്ങളിൽ മാത്രമാണ് ഇനി പ്രതീക്ഷ. അതിൽതന്നെ വിജയസാധ്യത ഉറപ്പിക്കാവുന്ന മണ്ഡലം വയനാട് മാത്രവും. ഇവിടെ രാഹുൽ ഗാന്ധി മത്സരിക്കാൻ സാധ്യതയില്ലെന്ന സൂചനകൾ പുറത്തുവന്നതോടെയാണ് മുസ്ലിം സ്ഥാനാർഥിക്കായി സമ്മർദം ശക്തമായത്. ചില പ്രബല മുസ്ലിം സംഘടന നേതാക്കൾ കോൺഗ്രസ് ദേശീയ നേതൃത്വത്തിന് മുന്നിൽ ഇക്കാര്യം അവതരിപ്പിച്ചതായാണ് വിവരം.
പേരിനൊരു മുസ്ലിം സ്ഥാനാർഥിയെ അവതരിപ്പിക്കുക എന്നതിനപ്പുറം, സമുദായത്തിന്റെ താൽപര്യമറിഞ്ഞുള്ള സ്ഥാനാർഥിയെ പരിഗണിക്കണമെന്നാണ് മുസ്ലിം സംഘടന നേതാക്കൾ നൽകിയ സന്ദേശം. പാർലമെന്റിൽ ന്യൂനപക്ഷ വിഷയങ്ങൾ ഉയർത്തിക്കാട്ടുന്ന വിഷയത്തിൽ നിലവിലെ ചില കോൺഗ്രസ് എം.പിമാരുടെ സമീപനത്തിൽ സമുദായ സംഘടനകൾ തൃപ്തരല്ല. അതേസമയം, സി.പി.എമ്മിലെ പാർലമെന്റ് അംഗങ്ങൾ ഇക്കാര്യത്തിൽ ഏറെ മുന്നിലാണുതാനും.
ദേശീയതലത്തിൽ ന്യൂനപക്ഷ വിരുദ്ധത അജണ്ടയാക്കി സംഘ്പരിവാർ തെരഞ്ഞെടുപ്പ് അഭിമുഖീകരിക്കുമ്പോൾ അതിനെതിരെ ശബ്ദിക്കാൻ, നിലപാടുള്ള മുസ്ലിം എം.പിമാരെ പാർലമെന്റിലെത്തിക്കുന്നതിന് കോൺഗ്രസ് താൽപര്യമെടുക്കണമെന്നതാണ് സംഘടനകളുടെ ആവശ്യം. വയനാട്ടിൽ മികച്ച സ്ഥാനാർഥിയെയാണ് എൽ.ഡി.എഫ് രംഗത്തിറിക്കിയിരിക്കുന്നത്.
ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ ദേശീയതലത്തിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന ആനിരാജ ആയതിനാൽ സമുദായ താൽപര്യം മാനിക്കാതെയുള്ള സ്ഥാനാർഥി നിർണയുമുണ്ടായാൽ അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന സൂചനയും ചില നേതാക്കൾ കോൺഗ്രസ് നേതൃത്വത്തോട് തുറന്നുപറഞ്ഞിട്ടുണ്ട്. വയനാട്ടിൽ രാഹുൽ മത്സരിക്കുന്നില്ലെങ്കിൽ ഇക്കാര്യം പരിഗണിക്കുമെന്നാണ് എ.ഐ.സി.സി നേതൃത്വം സംഘടന നേതാക്കളോട് പ്രതികരിച്ചത്.
ആലപ്പുഴയിൽ കെ.സി. വേണുഗോപാൽ മത്സരിക്കുന്നില്ലെങ്കിൽ മുസ്ലിം സ്ഥാനാർഥിയെ പരിഗണിച്ചാലും വയനാടിനെ അപേക്ഷിച്ച് വിജയസാധ്യത കുറവാണെന്നതും സമുദായ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. കണ്ണൂരിൽ സാമുദായിക പ്രാതിനിധ്യ അനുപാതം നോക്കിയാലും അത്ര അനുകൂല സാഹചര്യമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.