ഇന്ത്യ ഫലസ്തീൻ ജനതക്കൊപ്പം നിൽക്കണമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ
text_fieldsതിരുവനന്തപുരം: അന്താരാഷ്ട്ര മര്യാദകൾ ലംഘിച്ചു കൊണ്ട് ഫലസ്തീൻ ജനതയെ നര നായാട്ടു നടത്തുന്ന ഇസ്രായേലിനു ഏകപക്ഷീയ പിന്തുണ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിലപാട് പുനഃപരിശോധിക്കണമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ ആവശ്യപ്പെട്ടു,
ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ തിരുവനന്തപുരം, നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്ക് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ രാജ്ഭവനിലേക്ക് പ്രകടനം നടത്തി.
ജനാധിപത്യത്തിന്റെ ഈറ്റില്ലമായി അറിയപ്പെടുന്ന ഇന്ത്യ ഉയര്‍ത്തിപ്പിടിച്ചിട്ടുളള ധാർമിക മൂല്യങ്ങളുടെ ഔന്നിത്യത്തെ പൂർണമായും നിരാകരിക്കുന്ന മനുഷ്യത്വരഹിതമായ നിലപാടാണ് പ്രധാനമന്ത്രി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആഗോള സമൂഹത്തിനു മുന്നിലും വിശിഷ്യാ അറബ് ലോകത്തും ഈ നിലപാട് ഇന്ത്യയുടെ പ്രതിഛായക്ക് മങ്ങലേൽപ്പിക്കുമെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.
ഇസ്രയേലി ഭീകരതക്കെതിരെ പ്രതിഷേധിക്കാന്‍ മുഴുവന്‍ മനുഷ്യ സ്നേഹികളും രംഗത്തിറങ്ങണമെന്നും ആവശ്യപ്പെട്ടു. പാളയം രക്തസാക്ഷി മണ്ഡപത്തിനു സമീപത്ത്നിന്ന് ആരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന് പണ്ഡിതര്‍ പങ്കെടുത്തു. ജംഇയ്യത്തുൽ ഉലമയുടെ മുതിർന്ന നേതാക്കൾ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.