കൈയടി വാങ്ങാൻ മുസ്ലിം ക്ഷേമ പദ്ധതികളുടെ പേര് മാറ്റി
text_fieldsതിരുവനന്തപുരം: മുസ്ലിം സമുദായത്തിെൻറ പിന്നാക്കാവസ്ഥ പരിഹരിക്കാൻ നടപ്പാക്കിയ പദ്ധതികളെ വിവാദത്തിൽ മുക്കുന്നതിൽ സർക്കാർ നടപ്പാക്കിയ നാമകരണവും വഴിവെച്ചെന്ന് ആക്ഷേപം. നഴ്സിങ്/പാരാമെഡിക്കൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി ഏർപ്പെടുത്തിയ സ്കോളർഷിപ്പാണ് ഏറെ വിവാദമുണ്ടാക്കിയത്.
കഴിഞ്ഞ സർക്കാർ വന്ന ശേഷം പുതിയ പദ്ധതികൾ നടപ്പാക്കുന്നതിനുപകരം നിലവിലുള്ള പദ്ധതികൾക്ക് പേരിടൽ യജ്ഞമാണ് പ്രധാനമായും നടത്തിയത്. നഴ്സിങ്/പാരാമെഡിക്കൽ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിന് മദർ തെരേസയുടെ േപരാണ് നൽകിയത്. എന്നാൽ, മദർ തെരേസയുടെ പേരിലുള്ള സ്കോളർഷിപ്പിൽ 80 ശതമാനവും മുസ്ലിം സമുദായത്തിന് നൽകുന്നെന്ന വാദമാണ് പിന്നീട്, ക്രിസ്ത്യൻ സംഘടനകൾ ഉന്നയിച്ചത്. തങ്ങൾക്ക് 20 ശതമാനം മാത്രമാണ് മദർ തെേരസ സ്കോളർഷിപ്പിൽനിന്ന് ലഭിക്കുന്നതെന്ന ക്രിസ്ത്യൻ സംഘടനകളുടെ പ്രചാരണത്തിനുമുന്നിൽ സർക്കാർ മൗനം പാലിക്കുകയായിരുന്നു. സംഘ്പരിവാർ കേന്ദ്രങ്ങൾ കൂടി ഇതിെൻറ ഭാഗമായതോടെ ആരോപണങ്ങൾക്ക് പ്രചാരണം ലഭിച്ചു.
ന്യൂനപക്ഷ വകുപ്പ് മന്ത്രിയായിരുന്ന കെ.ടി. ജലീലോ മുഖ്യമന്ത്രിയോ സ്കോളർഷിപ് നടപ്പാക്കിയതിെൻറയും നാമകരണം നടത്തിയതിെൻറയും സാഹചര്യം വിശദീകരിക്കാൻ തയാറായതുമില്ല. കൈയടി ലഭിക്കാൻ സർക്കാർ നടത്തിയ പേരിടൽ പരിപാടി മുസ്ലിം ക്ഷേമ പദ്ധതികളെ ഒന്നടങ്കം ആരോപണങ്ങളുടെ പുകമറയിൽ നിർത്താനാണ് വഴിവെച്ചത്. എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ, ബിരുദ, ബിരുദാനന്തര തലത്തിൽ ഉന്നത വിജയം നേടിയവർക്കുള്ള സ്കോളർഷിപ്പിന് ജോസഫ് മുണ്ടശ്ശേരിയുടെ പേര് നൽകിയതും പിന്നീട്, തെറ്റായ പ്രചാരണം നടത്തിയവർക്ക് ആയുധമായി മാറി.
മുസ്ലിം സമുദായത്തിലെ യുവതീ യുവാക്കൾക്കുള്ള മത്സരപ്പരീക്ഷ പരിശീലന കേന്ദ്രങ്ങളുടെ പേരും ഇതെ രീതിയിൽ സർക്കാർ മാറ്റി. 20 ശതമാനം സീറ്റുകളിൽ മറ്റ് പിന്നാക്ക സമുദായത്തിലുള്ളവർക്ക് പ്രവേശനം നൽകുന്നെന്ന പേരിലാണ് സർക്കാർ ന്യൂനപക്ഷ യുവജനങ്ങൾക്കുള്ള മത്സരപ്പരീക്ഷ പരിശീലന കേന്ദ്രമെന്ന രീതിയിൽ പേര് മാറ്റിയത്.
സർക്കാർ നിയോഗിച്ച പാലോളി കമ്മിറ്റിയുടെ ശിപാർശ പ്രകാരം മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാൻ നടപ്പാക്കിയ പദ്ധതികൾക്കെതിരെ ആരോപണമുന്നയിച്ച് ഹൈജാക്ക് ചെയ്യുന്നതിന് പദ്ധതികളുടെ പേര് മാറ്റവും വഴിവെച്ചെന്നാണ് വിലയിരുത്തൽ. ഇതിനെതിരെ കോടതിയെ സമീപിച്ച സംഘടനകൾ വരെ പദ്ധതികളുടെ പേര് ഉയർത്തിയാണ് പ്രചാരണം നടത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.