കോടതി ഉത്തരവില്ലാതെ മുസ്ലിം സ്ത്രീക്ക് വിവാഹമോചനം രേഖപ്പെടുത്താൻ വ്യവസ്ഥയില്ല; പരിഹാരം ശിപാർശ ചെയ്ത് ഹൈകോടതി
text_fieldsകൊച്ചി: മുസ്ലിം വ്യക്തിനിയമ പ്രകാരം വിവാഹമോചനം നേടിയ സ്ത്രീക്ക് ഇക്കാര്യം തദ്ദേശ സ്ഥാപനങ്ങളിലെ വിവാഹ രജിസ്റ്ററിൽ രേഖപ്പെടുത്താൻ നിയമത്തിൽ പ്രത്യേക വ്യവസ്ഥയില്ലാത്തതിന് പരിഹാരം ശിപാർശ ചെയ്ത് ഹൈകോടതി. നിയമനിർമാണ സഭയാണ് ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യേണ്ടതെന്നും നിയമപരമായി സാധ്യമായ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ നിർദേശിച്ചു. വ്യക്തിനിയമ പ്രകാരം നടന്ന വിവാഹം രേഖപ്പെടുത്താൻ വ്യവസ്ഥയുണ്ടെങ്കിലും വിവാഹമോചനം രേഖപ്പെടുത്താൻ കോടതി ഉത്തരവിലൂടെ മാത്രമേ സാധ്യമാകൂവെന്ന സ്ഥിതി വിലയിരുത്തിയാണ് സിംഗിൾ ബെഞ്ചിന്റെ ഇടപെടൽ. കണ്ണൂർ തലശ്ശേരി സ്വദേശിനി നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
2012 ഡിസംബർ 20ന് ഹരജിക്കാരിയും മുഹമ്മദ് ഷമീർ എന്നയാളും വ്യക്തിനിയമപ്രകാരം വിവാഹിതരായശേഷം വടകര നഗരസഭയിൽ 2008ലെ കേരള രജിസ്ട്രേഷൻ ഓഫ് മാര്യേജസ് (കോമൺ) റൂൾസ് പ്രകാരം രജിസ്റ്റർ ചെയ്തു. പിന്നീട് 2014 ഒക്ടോബറിൽ സാക്ഷികളുടെ സാന്നിധ്യത്തിൽ ഭർത്താവ് ത്വലാഖ് ചൊല്ലി ബന്ധം വേർപെടുത്തി. തുടർന്ന് തലശ്ശേരി മഹല്ല് ഖാദി നൽകിയ വിവാഹമോചന സർട്ടിഫിക്കറ്റ് പ്രകാരം വിവാഹമോചനം രേഖപ്പെടുത്താൻ നഗരസഭയുടെ രജിസ്ട്രേഷൻ വിഭാഗത്തെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. വ്യക്തിനിയമ പ്രകാരം വിവാഹിതരായതിനാൽ വിവാഹമോചനം രേഖപ്പെടുത്താൻ അധികാരമില്ലെന്നും കോടതി ഉത്തരവുണ്ടെങ്കിലേ ഇത് സാധ്യമാകൂവെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. തുടർന്ന് ഹരജിക്കാരി ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
വ്യക്തിനിയമപ്രകാരം ഒന്നിലേറെ വിവാഹം സാധ്യമായതിനാൽ നഗരസഭയിലെ വിവാഹ രജിസ്റ്ററിൽനിന്ന് പേര് നീക്കാതെതന്നെ പുനർവിവാഹം ചെയ്യാൻ പുരുഷന് സാധ്യമാണെന്നും എന്നാൽ, കോടതി ഉത്തരവ് വാങ്ങി തദ്ദേശ സ്ഥാപനത്തിലെ രജിസ്റ്ററിൽനിന്ന് പേരുനീക്കാതെ സ്ത്രീക്ക് പുനർവിവാഹം സാധ്യമല്ലെന്നും ഹരജിക്കാരി ചൂണ്ടിക്കാട്ടി. വിവാഹമോചനം രേഖപ്പെടുത്താൻ പ്രത്യേക ചട്ടമില്ലെങ്കിലും വിവാഹമെന്ന പോലെ വിവാഹമോചനവും രേഖപ്പെടുത്താമെന്നത് നിയമത്തിൽ അന്തർലീനമാണെന്ന് കോടതി നിരീക്ഷിച്ചു. വിവാഹം രജിസ്റ്റർ ചെയ്യാൻ അധികാരമുണ്ടെങ്കിൽ, കോടതി ഉത്തരവിന് നിർബന്ധിക്കാതെതന്നെ വിവാഹമോചനം രേഖപ്പെടുത്താനും മാര്യേജ് ഓഫിസർക്ക് അധികാരമുണ്ട്. ഇതിന് അനുകൂല ഉത്തരവ് വാങ്ങാൻ സ്ത്രീയെ കോടതിയിലേക്ക് അയക്കേണ്ട ആവശ്യമില്ല. അതേസമയം, ഇതുമായി ബന്ധപ്പെട്ട് നിയമത്തിലുള്ള വിടവ് പരിഹരിക്കാൻ നിയമനിർമാണ സഭയാണ് ശ്രദ്ധ ചെലുത്തേണ്ടതെന്ന് കോടതി വിലയിരുത്തി. ഉത്തരവിന്റെ പകർപ്പ് ചീഫ് സെക്രട്ടറിക്ക് അയച്ചു കൊടുക്കാനും നിർദേശിച്ചു.
ഹരജിക്കാരിയുടെ അപേക്ഷ പരിഗണിച്ച് ത്വലാഖ് ചൊല്ലിയ ഭർത്താവിന് നോട്ടീസ് നൽകിയശേഷം ഉത്തരവ് കിട്ടി ഒരു മാസത്തിനകം രജിസ്റ്ററിൽ മാറ്റം വരുത്തണമെന്ന് കോടതി നിർദേശിച്ചു. വിവാഹമോചനത്തിന്റെ സാധുതയിൽ തർക്കമുണ്ടെങ്കിൽ കോടതി ഉത്തരവ് ആവശ്യപ്പെടാമെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.