സി.എ.എക്കെതിരെ പോരാട്ടം തുടരും -യൂത്ത് ലീഗ്
text_fieldsന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സി.എ.എ നടപ്പാക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിച്ച കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ഏതറ്റം വരെയും പൊരുതുമെന്ന് മുസ്‍ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി. വെറുപ്പിന്റെയും വിഭാഗീയതയുടെയും അജണ്ടകളല്ലാതെ മറ്റൊന്നും ബി.ജെ പിയുടെ കൈയിലില്ല എന്ന് തെളിയുകയാണെന്നും ദേശീയ പ്രസിഡന്റ് ആസിഫ് അൻസാരി, ജന. സെക്രട്ടറി അഡ്വ. വി.കെ. ഫൈസൽ ബാബു എന്നിവർ പറഞ്ഞു.
10 വർഷം രാജ്യം ഭരിച്ചിട്ടും പൗരാവകാശങ്ങൾക്ക് മതം മാനദണ്ഡമാക്കുന്ന കരിനിയമം തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നത് ബി.ജെ.പിയുടെ ഗതികേടിനെയാണ് കാണിക്കുന്നത്. മുസ്‍ലിം ജനവിഭാഗത്തെ ഭയപ്പെടുത്താനുള്ള ശ്രമത്തിനു മുന്നിൽ കീഴടങ്ങില്ല. ജനാധിപത്യ നിയമ പോരാട്ടം തുടരും. സുപ്രീം കോടതിയിൽ മുസ്‍ലിം ലീഗ് നൽകിയ കേസിൽ പൗരത്വ നിയമം ഉടൻ നടപ്പാക്കില്ല എന്ന നിലപാട് സ്വീകരിച്ച കേന്ദ്ര സർക്കാർ കാണിക്കുന്ന ഇരട്ടത്താപ്പ് കോടതിയിൽ അടിയന്തിരമായി ഉന്നയിക്കും. അപകടകരമായ ഈ നിയമം രാജ്യത്തെയാകെ അപകടത്തിലാക്കുമെന്നും ഇതിനെതിരെ ജാതി മത രാഷ്ട്രീയ ഭേദമന്യേ പോരാട്ടങ്ങൾ നടക്കണമെന്നും ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.