32,000 പേരെ മതംമാറ്റി സിറിയയിലേക്ക് കടത്തി എന്നതിന് തെളിവ് തന്നാൽ ഒരുകോടി രൂപ ഇനാം -യൂത്ത് ലീഗ്
text_fieldsകോഴിക്കോട്: 32,000 പേരെ ലൗ ജിഹാദ് വഴി മതംമാറ്റി സിറിയയിലേക്ക് കടത്തി എന്ന പ്രചരണത്തിന് തെളിവ് തന്നാൽ ഒരുകോടി രൂപ ഇനാം നൽകുമെന്ന് യൂത്ത് ലീഗ്. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തെളിവുകൾ കൈയിലുള്ള ആർക്കും മുസ്‌ലിം യൂത്ത് ലീഗിന്റെ ജില്ല കേന്ദ്രങ്ങളിലെ കൗണ്ടറിൽ അത് സമർപ്പിച്ച് ഒരുകോടി നേടാവുന്നതാണെന്ന് അദ്ദേഹം പറയുന്നു.
കേരളത്തിൽ 32,000 പേരെ ഇവ്വിധം മാറ്റി എന്ന് സംഘ് സ്പോൺസേർഡ് സിനിമ ആധികാരിക കണക്കുകൾ കൈയിലുണ്ടെന്ന വാദത്തോടെ പറയുമ്പോൾ ഒരു പഞ്ചായത്തിൽ ശരാശരി 30 പേരെങ്കിലും ഉണ്ടാവുമല്ലോ. പക്ഷേ, ഒരാളുടെയെങ്കിലും അഡ്രസ് ചോദിക്കുമ്പോൾ ഒന്നും കേൾക്കാത്ത പോലെ തലതാഴ്ത്തി ഇരിപ്പാണെന്നും പി.കെ ഫിറോസ് പറയുന്നു.
‘ദ കേരള സ്റ്റോറി’ സിനിമക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് നിർമിച്ച ഹിന്ദി സിനിമയെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കള്ളിയിൽപെടുത്തി ന്യായീകരിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു. സമൂഹവിരുദ്ധ നീക്കങ്ങൾക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം:
രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി നുണകൾ മാത്രം പറയുന്ന സംഘ് പരിവാർ ഫാക്ടറിയിലെ ഏറ്റവും വലിയ നുണകളിൽ ഒന്നാണ് ലൗ ജിഹാദ് വഴി മതം മാറ്റി സിറിയയിലേക്ക് കടത്തി എന്ന ആരോപണം. കേരളത്തിൽ 32000 പേരെ ഇവ്വിധം മാറ്റി എന്ന് സംഘ് സ്പോൺസേർഡ് സിനിമ ആധികാരിക കണക്കുകൾ കയ്യിലുണ്ടെന്ന വാദത്തോടെ പറയുമ്പോൾ ഒരു പഞ്ചായത്തിൽ ശരാശരി 30 പേരെങ്കിലും ഉണ്ടാവുമല്ലോ. പക്ഷേ, ഒരാളുടെയെങ്കിലും അഡ്രസ് ചോദിക്കുമ്പോൾ ഒന്നും കേൾക്കാത്ത പോലെ തലതാഴ്ത്തി ഇരിപ്പാണ്.
അതുകൊണ്ട്, തെളിവ് കൊണ്ടുവരുന്നവർക്ക് ഒരുകോടി രൂപ മുസ്‌ലിം യൂത്ത് ലീഗ് ഇനാം നൽകുമെന്ന് പ്രഖ്യാപിക്കുകയാണ്. അങ്ങനെ തെളിവുകൾ കയ്യിലുള്ള ആർക്കും മുസ്‌ലിം യൂത്ത് ലീഗിന്റെ ജില്ലാ കേന്ദ്രങ്ങളിലെ കൗണ്ടറിൽ അത് സമർപ്പിച്ച് മെനക്കേടില്ലാതെ ഒരുകോടി നേടാവുന്നതാണ്...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.