കോവിഡ് ബാധിച്ച് മരിച്ച ഹൈന്ദവ വയോധികയുടെ അന്ത്യകർമം ചെയ്ത് മുസ്ലിം യുവാക്കൾ
text_fieldsആലപ്പുഴ: കോവിഡ് ബാധിച്ച് മരിച്ച വയോധികയുടെ വിദേശത്തുള്ള മകനും മറ്റും വന്നുചേരാനാകാത്ത സാഹചര്യത്തിൽ ഹൈന്ദവ ആചാരപ്രകാരമുള്ള അന്ത്യകർമങ്ങൾക്ക് നേതൃത്വം നൽകി മുസ്ലിം യുവാക്കൾ.
മാവേലിക്കര കൊച്ചാർകാവ് നന്ദനത്തിൽ പരേതനായ വേലപ്പെൻറ ഭാര്യ ശാന്തമ്മയുടെ (82) മൃതദേഹം ശനിയാഴ്ച ആലപ്പുഴ നഗരസഭയുടെ വലിയ ചുടുകാട് ശ്മശാനത്തിലാണ് സംസ്കരിച്ചത്.
സമസ്ത കേരള സുന്നി സ്റ്റുഡൻറ്സ് ഫെഡറേഷെൻറ സേവനവിഭാഗമായ വിഖായയുടെ വളൻറിയർമാരാണ് മെഡിക്കൽ കോളജിൽനിന്ന് മൃതദേഹം ഏറ്റുവാങ്ങി സംസ്കരിച്ചത്.
മുൻ എം.എൽ.എ എം. മുരളി വിളിച്ചുപറഞ്ഞതനുസരിച്ച് മുനിസിപ്പൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ എല്ലാം ഒരുക്കിയിരുന്നു. എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകരായ ഹാഷിം വണ്ടാനം, മാഹീൻ മണ്ണഞ്ചേരി, ഇലയിൽ അഹ്മദ് ഷാരിഖ് എന്നിവർ നേതൃത്വം നൽകി.
കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കുംനേരം വയോധികക്ക് കോവിഡ് നെഗറ്റിവായിരുന്നു. ഐ.സി.യുവിൽ കൂടെയുണ്ടായിരുന്ന രോഗി കോവിഡിനെ തുടന്ന് മരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പോസിറ്റിവാണെന്ന് തെളിഞ്ഞത്.
വെള്ളിയാഴ്ച ഉച്ചയോടെ മരണവും സംഭവിച്ചു. ശാന്തമ്മയുടെ മകൻ ബിനു ബഹ്റൈനിലാണ്. പെൺമക്കളായ ശൈലജയെ തൃശൂരിലേക്കും മോളിയെ പന്തളം പുന്നയിലേക്കുമാണ് വിവാഹം ചെയ്തിരിക്കുന്നത്.
നാട്ടിൽ ഉണ്ടായിരുന്ന മരുമകൾ ഷീബയും ഹോം നഴ്സും ശാന്തമ്മ കോവിഡ് പോസിറ്റിവ് ആയതോടെ ക്വാറൻറീനിൽ പോകേണ്ടിവന്നു. പരിമിതികൾ ബോധ്യപ്പെട്ട കുടുംബാംഗങ്ങൾ സുന്നി സ്റ്റുഡൻറ്സ് ഫെഡറേഷനുമായി ബന്ധപ്പെടുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി മാന്നാറിൽ കോവിഡ് ബാധിച്ചയാളെ ഖബറടക്കി പുലർച്ച തിരിച്ചെത്തിയ വിഖായ സ്റ്റേറ്റ് ജനറൽ കൺവീനർ കൂടിയായ അഹമ്മദ് ഷാരിഖിെൻറ നേതൃത്വത്തിലുള്ള സംഘം നഗരസഭ ചെയർമാെൻറ ഫോൺവിളി വന്നതോടെ ശാന്തമ്മയുടെ അന്ത്യകർമങ്ങൾക്ക് ഇറങ്ങിത്തിരിക്കുകയായിരുന്നു.
ആരോഗ്യമന്ത്രിയെ വെബ് യോഗത്തിൽ വിഷയം ധരിപ്പിച്ച് കടലാസ് ജോലികൾ മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. രാംലാൽ പെട്ടെന്ന് പൂർത്തിയാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.