പരിക്കേറ്റ അപൂർവ ഇനം ഫാൽക്കണിന് കാവലായി മുസ്തഫ, സഹായഹസ്തം നീട്ടി സുബൈർ മേടമ്മൽ
text_fieldsപരിക്കേറ്റ നിലയിൽ ലഭിച്ച പെരിഗ്രീൻ ഫാൽക്കണിനെ മുസ്തഫയും ഫൈസലും ഡോക്ടർ സുബൈർ മേടമ്മലിന് കൈമാറുന്നു
തേഞ്ഞിപ്പലം: പരിക്കേറ്റ അപൂർവ ഇനം ഫാൽക്കണിന് സഹായഹസ്തം നീട്ടി മുസ്തഫ. മലപ്പുറം കോട്ടപ്പടിയിലെ മച്ചിങ്ങൽ മുസ്തഫയുടെ വീട്ടിലാണ് അതിഥിയായി പെരിഗ്രീൻ അഥവാ ഷഹീൻ ഫാൽക്കൺ എത്തുന്നത്, അതും ലോക വന ദിനത്തിൽ.
വർഷങ്ങൾക്കുശേഷമാണ് കേരളത്തിൽ ഈ വിഭാഗത്തിലുള്ള ഫാൽക്കണിനെ കണ്ടെത്തുന്നത്. ഉടൻ തന്നെ പ്രശസ്ത ഫാൽക്കൺ ഗവേഷകനും കാലിക്കറ്റ് യൂനിവേഴ്സിറ്റി ജന്തു ശാസ്ത്ര വിഭാഗം അസി. പ്രഫസറുമായ ഡോ. സുബൈർ മേടമ്മലിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശമനു സരിച്ച് യൂനിവേഴ്സിറ്റിയിലേക്ക് എത്തിക്കുകയും ചെയ്തു.
ഒക്ടോബർ, മാർച്ച് മാസങ്ങളിൽ ഫാൽക്കണുകളുടെ ദേശാടനം നടക്കാറുണ്ടെന്നും അക്കൂട്ടത്തിൽ മലപ്പുറത്ത് എത്തിയതായിരിക്കും ഈ പക്ഷി എന്നും സുബൈർ പറഞ്ഞു. നേരത്തെ, 2013ൽ നെല്ലിയാമ്പതിയിലും 199ൽ സൈലന്റ് വാലിയിലെ നീലിക്കൽ ഡാം സൈറ്റിലും പെരിഗ്രീൻ ഫാൽക്കണെ സുബൈർ കണ്ടെത്തിയിരുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഷഹീൻ അഥവാ പെരിഗ്രീൻ ഫാൽക്കണുകളാണ്. വടക്കേ ഇന്ത്യയിൽ ചിലയിടങ്ങളിൽ കാണുന്ന ഫാൽക്കണുകൾ ദക്ഷിണേന്ത്യയിൽ അപൂർവമായാണ് എത്തുന്നത്.
അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഷഹീൻ ഫാൽക്കണുകൾ വനനശീകരണവും മറ്റു കാലാവസ്ഥ വ്യതിയാനങ്ങളും മൂലം വംശനാശം നേരിട്ടുകൊണ്ടിരിക്കുകയാണെന്നും സുബൈർ പറഞ്ഞു. രണ്ടു വയസ്സ് പ്രായം തോന്നിക്കുന്ന ഈ പെരിഗ്രീൻ ഫാൽക്കണിനെ പ്രഥമ ശുശ്രൂഷ നൽകി ഭക്ഷണം കൊടുത്ത് സംരക്ഷിക്കുകയാണ് സുബൈറിപ്പോൾ. പൂർണ ആരോഗ്യവാനായി പറക്കാൻ കഴിയുമ്പോൾ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.