വിവാദ പരാമർശം: മുസ്തഫൽ ഫൈസിയെ സമസ്ത സസ്പെന്ഡ് ചെയ്തു
text_fieldsമുസ്തഫൽ ഫൈസി
കോഴിക്കോട്: സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരെ വിവാദപരാമർശം നടത്തിയെന്ന ആരോപണത്തിൽ മുശാവറ അംഗം മുസ്തഫൽ ഫൈസിയെ സമസ്ത സസ്പെന്ഡ് ചെയ്തു. വ്യാഴാഴ്ച കോഴിക്കോട്ട് ചേർന്ന പ്രത്യേക മുശാവറ യോഗത്തിലാണ് തീരുമാനം. കഴിഞ്ഞദിവസം മലപ്പുറത്ത് ലീഗ് അനുകൂലികൾ നടത്തിയ നവോത്ഥാന സമ്മേളനത്തിൽ മുസ്തഫൽ ഫൈസിയുടെ പ്രസംഗം വിവാദമായിരുന്നു. ലീഗിനെ പുകഴ്ത്തിയുള്ള പ്രസംഗത്തിൽ മുസ്തഫൽ ഫൈസി സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളെയാണ് ലക്ഷ്യംവെച്ചതെന്നാണ് ആരോപണം. വിശദീകരണം ചോദിക്കാതെയുള്ള ഏകപക്ഷീയ നടപടിയിൽ പ്രതിഷേധിച്ച് മുസ്തഫൽ ഫൈസി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി.
മുസ്തഫൽ ഫൈസിക്കെതിരായ നടപടിയിൽ പ്രതിഷേധിച്ച് സമസ്തയുടെ 100ാം വാർഷിക ആഘോഷ സ്വാഗതസംഘം രൂപവത്കരണ യോഗത്തിൽനിന്ന് സാദിഖലി തങ്ങൾ, ബഹാവുദ്ദീൻ നദ്വി കൂരിയാട് അടക്കമുള്ളവർ വിട്ടുനിന്നു. നടപടി വിവരം പുറത്തുവന്നതോടെ അബ്ബാസലി തങ്ങൾ, ഹമീദലി തങ്ങൾ, റഷീദലി തങ്ങൾ, എം.സി. മായിൻ ഹാജി, ഷാഫി ഹാജി, അബുസ്സമദ് പൂക്കോട്ടൂർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തില്ല. തുടർന്ന് ലീഗ് അനുകൂലികൾ ഭാവികാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി കോഴിക്കോട്ട് യോഗം ചേർന്നു.
നിലവിലെ സാഹചര്യത്തിൽ നൂറാം വാർഷിക സ്വാഗതസംഘവുമായി സഹകരിക്കേണ്ടതില്ലെന്ന് തീരുമനിച്ചു. അടുത്ത ദിവസം വിപുലമായ യോഗം ചേർന്ന് തുടർപ്രവർത്തനങ്ങൾ ചർച്ച ചെയ്യും.‘‘മുസ്ലിം കേരളത്തിന്റെ രാഷ്ട്രീയപുരോഗതിക്കും സമുദായ പുരോഗതിക്കുംവേണ്ടി നിലകൊള്ളുന്നത് മുസ്ലിംലീഗാണ്. അവരെ മാറ്റിനിർത്തി സമസ്തക്ക് നിലനിൽപുണ്ടാവില്ല. വളരെ വൈകിവന്നവർക്കിതൊന്നും അറിയില്ല. വണ്ടിയിൽ വൈകി കയറിയവരല്ല വിധിനിർണയിക്കേണ്ടത്.
ആദ്യം കയറിവർ പറയുന്നിടത്തേക്കാണ് വണ്ടി വിടേണ്ടത്’’ -മുസ്തഫൽ ഫൈസിയുടെ ഈ പരാമർശമാണ് വിവാദമായത്. ഇത് വാട്സ്ആപ് ഗ്രൂപ്പുകളിൽ വൻതോതിൽ പ്രചരിച്ചു.
പ്രസംഗത്തിന് ശേഷം വാട്സ്ആപ് ഗ്രൂപ്പുകളിൽ വന്ന ചർച്ചകളിൽ മുസ്തഫൽ ഫൈസി ജിഫ്രി തങ്ങളെ മോശമായി ചിത്രീകരിച്ച് ഓഡിയോ ക്ലിപ് പുറത്തുവിട്ടെന്നും മറുവിഭാഗം ആരോപിക്കുന്നു. ഇത് രണ്ടാം തവണയാണ് മുസ്തഫൽ ഫൈസിക്കെതിരെ നടപടി സ്വീകരിക്കുന്നത്. പലിശയുമായി ബന്ധപ്പെട്ട പുസ്തകം എഴുതിയതിനായിരുന്നു ആദ്യ നടപടി.
മുസ്തഫൽ ഫൈസിക്കെതിരായ നടപടി മുസ്ലിം ലീഗിലെ സമസ്ത പ്രവർത്തകർക്കിടയിൽ കടുത്ത പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്. സാദിഖലി തങ്ങളെ പരസ്യമായി അപമാനിച്ച് പ്രസംഗിച്ച സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരെ നടപടി സ്വീകരിക്കാതെ, ആരെയും പേരെടുത്ത് വിമർശിക്കാത്ത മുസ്തഫൽ ഫൈസിക്കെതിരെ നടപടിയെടുത്ത നിലപാട് ഇരട്ടത്താപ്പാണെന്ന് അവർ കുറ്റപ്പെടുത്തുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.