Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുന്‍ഗണനാ...

മുന്‍ഗണനാ റേഷന്‍കാർഡുകാർക്കുള്ള മസ്റ്ററിങ് ഒക്ടോബർ 25 വരെ നീട്ടി - ജി.ആർ. അനില്‍

text_fields
bookmark_border
മുന്‍ഗണനാ റേഷന്‍കാർഡുകാർക്കുള്ള മസ്റ്ററിങ് ഒക്ടോബർ 25 വരെ നീട്ടി - ജി.ആർ. അനില്‍
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍കാർഡ് അംഗങ്ങളുടെ മസ്റ്ററിങ് നടപടികള്‍ ഒക്ടോബർ 25 വരെ ദീർഘിപ്പിച്ച് നല്‍കുന്നതായി മന്ത്രി ജി.ആർ. അനില്‍ നിയമസഭയെ അറിയിച്ചു. മുന്‍ഗണനാകാർഡുകളായ മഞ്ഞ, പിങ്ക് കാർഡംഗങ്ങള്‍ക്ക് മസ്റ്ററിങ് നടത്താനായി സർക്കാർ നിശ്ചയിച്ചിട്ടുള്ള സമയപരിധി അവസാനിച്ച സാഹചര്യത്തില്‍ ധാരാളം ആളുകള്‍ മസ്റ്ററിങ് പൂർത്തിയാക്കാനുള്ളതിനാല്‍ സമയപരിധി ദീർഘിപ്പിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇ.കെ.വിജയന്‍ എം.എല്‍.എ നല്‍കിയ ശ്രദ്ധക്ഷണിക്കല്‍ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.

ഇ-ശ്രം പോര്‍ട്ടല്‍ പ്രകാരമുള്ളവര്‍ക്ക് റേഷന്‍കാര്‍ഡ് അനുവദിച്ച് ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട്, സുപ്രീം കോടതിയുടെ വിധിന്യായത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര നിർദേശ പ്രകാരമാണ് സംസ്ഥാനത്തെ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട എ.എ.വൈ (മഞ്ഞ), പി.എച്ച്.എച്ച് (പിങ്ക്) ഗുണഭോക്താക്കളുടെ ഇ-കെ.വൈ.സി മസ്റ്ററിങ് ആരംഭിച്ചത്.

എൻ.എഫ്.എസ്.എ ഗുണഭോക്താക്കളുടെ ഇ-കെ.വൈ.സി അപ്ഡേഷന്‍ നടപടികളുടെ പ്രാരംഭ ഘട്ടത്തില്‍ നേരിട്ട തടസങ്ങള്‍ പരിഹരിക്കുന്നതിനായി എൻ.ഐ.സി യുടെ എ.യു.എ സെര്‍വറിന്റെ സേവനം പ്രയോജനപ്പെടുത്തി, റേഷന്‍കടകളില്‍ സ്ഥാപിച്ചിട്ടുളള ഇ-പോസ്‌ മെഷിന്‍ വഴി 2024 സെപ്റ്റംബര്‍ മാസം 18ന് ആരംഭിച്ച് ഒക്ടോബർ എട്ടിന് അവസാനിക്കുന്ന വിധത്തിലാണ് ഷെഡ്യൂള്‍ തയാറാക്കിയിരുന്നത്.

എന്നാല്‍ ഒക്ടോബർ എട്ട് വരെ 79.79 ശതമാനം മുന്‍ഗണനാ ഗുണഭോക്താക്കളുടെ അപ്ഡേഷന്‍ മാത്രമാണ് പൂര്‍ത്തിയായത്. മുന്‍ഗണാകാർഡിലെ 20ശതമാനത്തോളം അംഗങ്ങള്‍ക്ക് വിവിധ കാരണങ്ങളാല്‍ മസ്റ്ററിങിൽ പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല. മുന്‍ഗണനാകാർഡില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ പേർക്കും മസ്റ്ററിങിൽ പങ്കെടുക്കുവാനുള്ള അവസരം ഒരുക്കുവാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. എന്നാല്‍ ഈ പ്രക്രിയ സമയബന്ധിതമായി പൂർത്തിയാക്കണം. 19,84,134 എ.എ.വൈ(മഞ്ഞ) കാർഡ് അംഗങ്ങളില്‍ 16,09,794 പേരും (81.13 ശതമാനം) 1,33,92,566 പി.എച്ച്.എച്ച് (പിങ്ക്) കാർ‍ഡ് അംഗങ്ങളില്‍ 1,06,59,651 പേരും (79.59 ശതമാനം) മസ്റ്ററിങ് പൂർത്തിയാക്കി.

മസ്റ്ററിങ് പൂർത്തിയാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. മസ്റ്ററിംഗിനായി റേഷന്‍കടകളിലെത്താന്‍ കഴിയാത്ത കിടപ്പ്‌ രോഗികള്‍, ഇ-പോസില്‍ വിരലടയാളം പതിയാത്തവര്‍, പത്ത്‌ വയസില്‍ താഴെയുള്ള കുട്ടികള്‍ എന്നിവരെ മസ്റ്ററിന്റെ ആദ്യഘട്ടത്തില്‍ നിന്ന്‌ ഒഴിവാക്കിയിരുന്നു. രണ്ടാം ഘട്ടത്തില്‍, റേഷന്‍ വ്യാപാരികളുടെ സഹായത്തോടെ വീടുകളില്‍ നേരിട്ടെത്തി ഐറിസ്‌ സ്കാനര്‍ ഉപയോഗിച്ച്‌ അപ്ഡേഷന്‍ നടത്തുന്നതിനാവശ്യമായ നിര്‍ദ്ദേശം പൊതുവിതരണ ഉപഭോക്തൃകാര്യ കമീഷണർക്ക് നല്‍കി.

ഇ-കെ.വൈ.സി (ഇലക്ട്രോണിക് - നോ യുവർ കസ്റ്റമർ)അപ്ഡേറ്റ്‌ ചെയ്തിട്ടുള്ളതും റേഷന്‍ വിതരണം സംബന്ധിച്ച എ.ഇ പി.ഡി.എസ് പോര്‍ട്ടലില്‍ നിരസിച്ചിട്ടുള്ള ഗുണഭോക്താക്കളുമായി ബന്ധപ്പെട്ട്‌ റേഷന്‍കാര്‍ഡ് മാനേജ്മെന്റ് സിസ്റ്റത്തില്‍ (ആർ.സി.എം.എസ്) ആവശ്യമായ തിരുത്തലുകള്‍ വരുത്തിയ ശേഷം അത്തരക്കാരുടെ അപ്ഡേഷന്‍ പൂര്‍ത്തികരിക്കാനുള്ള നടപടി സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്. ആധാര്‍ നമ്പര്‍ പരസ്പരം മാറിപ്പോയതും എന്നാല്‍ എ.ഇ.പി.ഡി.എസ് ല്‍ അപ്രൂവ്‌ ചെയ്തതുമായ കേസുകള്‍ പരിഹരിക്കുവാനാവശ്യമായ നടപടികളും തുടങ്ങി.

പഠനാവശ്യം മറ്റ് സംസ്ഥാനങ്ങളില്‍ താമസിക്കുന്നവർക്ക് അതാത് സംസ്ഥാനങ്ങളിലെ പൊതുവിതരണ കേന്ദ്രങ്ങളില്‍ മസ്റ്ററിങ് നടത്താന്‍ കഴിയുമെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചു. ഇതിന് കഴിയാത്തവർക്ക് നിശ്ചിത സമയപരിധിക്കുള്ളില്‍ നാട്ടിലെത്തി മസ്റ്ററിങ് പൂർത്തിയാക്കാവുന്നതാണ്. ഇതിനായി പരമാവധി സമയം അനുവദിക്കുന്നതാണ്. തൊഴില്‍ ആവശ്യാർഥം വിദേശത്ത് താമസിക്കുന്നവർക്ക് എൻ.ആർ.കെ സ്റ്റാറ്റസ് (നോണ്‍ റസിഡന്റ് കേരള) നല്‍കി കാർഡില്‍ നിലനിർത്താനാണ് ഉദ്ദേശിക്കുന്നത്. അവർക്ക് അടിയന്തിരമായി മസ്റ്ററിങ് ചെയ്യാനായി സംസ്ഥാനത്ത് എത്തേണ്ടതില്ല.

മുന്‍ഗണനാപട്ടികയിലുള്ള മുഴുവന്‍ അംഗങ്ങളുടെയും മസ്റ്ററിങ് നടപടികള്‍ പൂർത്തിയാക്കുന്നതിന് രണ്ടുമാസത്തെ സമയം ദീർഘിപ്പിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്ത് നല്‍കുമെന്ന് മന്ത്രി സഭയെ അറിയിച്ചു. മുന്‍ഗണനാ കാര്‍ഡ് അംഗങ്ങളുടെ ഇ-കെ.വൈ.സി മസ്റ്ററിങ് പൂര്‍ത്തിയാകുമ്പോള്‍ ഉണ്ടാകുന്ന ഒഴിവിലേക്ക് അര്‍ഹരായവരെ പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Minister G.R.AnilMustering for priority ration card
News Summary - Mustering for priority ration card holders extended till October 25 - G.R.Anil
Next Story