റേഷൻ കാർഡുകളുടെ മസ്റ്ററിങ്: 13,62,302 പേരുടെ ഇനിയും പൂർത്തിയാക്കാനുണ്ട്- ജി.ആർ. അനിൽ
text_fieldsതിരുവനന്തപുരം: റേഷൻ കാർഡുകളുടെ മസ്റ്ററിങ്ങിൽ 13,62,302 പേരുടെ ഇനിയും പൂർത്തിയാക്കാനുണ്ടെന്ന് മന്ത്രി ജി.ആർ. അനിൽ. 2024 സെപ്റ്റംബർ 18 മുതലാണ് റേഷൻ ഗുണഭോക്താക്കളുടെ ഇ-കെ.വൈ.സി അപ്ഡേഷൻ ആരംഭിച്ചത്. 2025 ജനുവരി 20 വരെ ആകെ 1, 35, 24, 931 റേഷൻഗുണഭോക്താക്കളുടെ മസ്റ്ററിങ് പൂർത്തിയാക്കി.
ഇ-കെ.വൈ.സി അപ്ഡേഷൻ പൂർത്തിയാക്കാൻ സാധിക്കാത്തവരുടെ ലിസ്റ്റ് എല്ലാ താലൂക്ക് സപ്ലൈ ഓഫീസിലും നൽകി. ഈ ലിസ്റ്റിലുള്ള ഗുണഭോക്താക്കളെ കണ്ടെത്തി മസ്റ്ററിങ് നടത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കുന്നതിന് എല്ലാ താലൂക്ക് സപ്ലൈ ഓഫീസർമാർക്കും റേഷൻ ഇൻസ്പെക്ടർമാർക്കും നിർദേശം നൽകി.
എസ്.ടി വിഭാഗത്തിൽ വസിക്കുന്ന മേഖലകളിൽ ഈ വിഭാഗത്തിൽപ്പെട്ട ഇ-കെ.വൈ.സി അപ്ഡേഷൻ ചെയ്യാൻ ആവശ്യമായ ബോധവൽക്കരണം ഫീൽഡ് തലത്തിൽ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് അടിയന്തരമായി നടത്തുന്ന ആവശ്യമായ നടപടി സ്വീകരിക്കാൻ പട്ടികവർഗ വകുപ്പിനെ അറിയിച്ചു.
മഞ്ഞ കാർഡിൽ ഉൾപ്പെട്ട 1,58,458 പേർ പിങ്ക് കാർഡിൽ ഉൾപ്പെട്ട 12,03,844 പേരും ചേർത്ത് മസ്റ്ററിങ് പൂർത്തിയാക്കാത്തതായി ആകെ 13,62,32 പേരുണ്ട്. സംസ്ഥാനത്ത് ഇപ്പോഴും മാസ്റ്ററിങ് തുടരുകയാണ്.
ഇതര സംസ്ഥാനത്തുള്ള 928 കേരളീയർ ഇതുവരെ മസ്റ്ററിങ് ചെയ്തിട്ടുണ്ട്. ഇതിൽ ആരും തന്നെ ഫേസ് ആപ്പ് മുഖേന മസ്റ്ററിങ് ചെയ്തിട്ടില്ല. കേരളത്തിനകത്തു താമസിക്കുന്ന റേഷൻ ഗുണഭോക്താക്കൾക്ക് മാത്രം ഫേസ് ആപ്പ് മുഖേന അപ്ഡേഷൻ നടത്താവുന്ന രീതിയിലുള്ള നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി ജി.ആർ. അനിൽ രേഖാമൂലം നിയമസഭയിൽ മാത്യുകുഴൽനാടന് മറുപടി നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.