അതിതീവ്ര കോവിഡ് കേരളത്തിലും; രോഗം സ്ഥിരീകരിച്ചത് വിദേശത്തുനിന്ന് വന്നവർക്ക്
text_fieldsതിരുവനന്തപുരം: ജനിതക മാറ്റം വന്ന കോവിഡ് വൈറസ് കേരളത്തിൽ ആറുപേർക്ക് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. യു.കെയിൽ നിന്നെത്തിയവരിലാണ് വൈറസ് സ്ഥിരീകരിച്ചത്. കോഴിക്കോട്ടെ ഒരു കുടുംബത്തിലെ രണ്ടുപേർക്കും ആലപ്പുഴയിൽ ഒരു കുടുംബത്തിലെ രണ്ടുപേർക്കും കോട്ടയത്തും കണ്ണൂരിലും ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
കോഴിക്കോട് സ്വദേശി (35), കോഴിക്കോട് സ്വദേശിനി (2), ആലപ്പുഴ സ്വദേശിനി (30), ആലപ്പുഴ സ്വദേശി (36), കോട്ടയം സ്വദേശിനി (20), കണ്ണൂർ സ്വദേശി (29) എന്നിവർക്കാണ് സ്ഥിരീകരിച്ചത്.
പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. രോഗബാധിതരെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. ഇവരുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിലാണ്.
ജനിതക മാറ്റം വന്ന വൈറസ് ശരീരത്തിൽ പെട്ടെന്ന് പെരുകുകയും മറ്റുള്ളവരിലേക്ക് വേഗം പകരുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. വിദേശത്തുനിന്ന് വരുന്നവർ വിവരം ആരോഗ്യവകുപ്പിനെ അറിയിക്കണം. ഇവരുമായി സമ്പർക്കത്തിൽ വരുന്നവരും അറിയിക്കണം.
പുതിയ വൈറസിനെ കണ്ട സ്ഥിതിക്ക് നിരീക്ഷണം ശക്തിപ്പെടുത്തും. എയർപോർട്ടിലും സീപോർട്ടിലും നിരീക്ഷണം ശക്തമാക്കി. എയർപോട്ടിനോടനുബന്ധിച്ചുള്ള കോവിഡ് പരിശോധനാ സംവിധാനം ശക്തിപ്പെടുത്തി. യൂറോപ്യൻ രാജ്യങ്ങളിൽനിന്നും വന്നവരെ കണ്ടെത്തി നിരീക്ഷിച്ചുവരുന്നു. എല്ലാവരും സ്വയം ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം.
രോഗം റിപ്പോർട്ട് ചെയ്ത ജില്ലകളിൽ ആരോഗ്യവകുപ്പിന് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഭയപ്പെടേണ്ടതില്ലെന്നും ജാഗ്രത പുലർത്തിയാൽ മതിയെന്നും മന്ത്രി പറഞ്ഞു. റിവേഴ്‌സ് ക്വാറൻറീൻ കൂടുതൽ കർശനമായി പാലിക്കണം. മാസ്‌ക്ക് ധരിക്കുകയും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുദ്ധിയാക്കുകയും ശാരീരികാകലം പാലിക്കുകയും വേണമെന്ന് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.