മുതലപ്പൊഴി, റഷ്യ, ന്യൂനപക്ഷം അങ്ങനെ പലവിധം
text_fieldsആറ്റിങ്ങൽ: തീരദേശ നിയോജകമണ്ഡലമാണ് ചിറയിൻകീഴ്. 25 കിലോമീറ്റർ കടൽത്തീരമുള്ള ഭൂപ്രദേശം വിശാലമായ കായൽപരപ്പുകൾ ഉൾക്കൊള്ളുന്നതാണ്. കയർ, മത്സ്യ, കാർഷിക മേഖലകൾക്ക് പ്രാമുഖ്യമുള്ള മണ്ഡലം. വ്യവസായിക പാർക്കുകൾ ഉണ്ടെങ്കിലും പരമ്പരാഗത തൊഴിൽ മേഖലയാണ് നിർണായകം.
പൊതുവിൽ ഇടത് അടിത്തറയുള്ള നിയോജകമണ്ഡലം ആണെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ വലതുപക്ഷ ആഭിമുഖ്യവും പുലർത്തിയിട്ടുണ്ട്. അതു പ്രധാനമായും ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണംകൊണ്ടുണ്ടായിരുന്നു. നിലവിൽ നിയോജകമണ്ഡലത്തിലെ എട്ട് ഗ്രാമപഞ്ചായത്തുകളും ഇടതു ഭരണത്തിലാണ്.
റഷ്യ- യുക്രെയ്ൻ യുദ്ധമുഖത്തുപെട്ടുപോയ യുവാക്കൾ, മുതലപ്പൊഴി ഹാർബർ ഉയർത്തുന്ന അപകട ഭീഷണികൾ, പരമ്പരാഗത തൊഴിൽ മേഖലകൾ നേടുന്ന പ്രതിസന്ധി, റെയിൽവേ യാത്രക്കാരുടെ പ്രശ്നങ്ങൾ, ചിറയിൻകീഴ് റെയിൽവേ മേൽപാലം അനന്തമായി നീളുന്നത് തുടങ്ങി നിരവധി പ്രശ്നങ്ങൾ ഈ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ചർച്ച ചെയ്യപ്പെടുന്നുണ്ട്.
തൊഴിൽ തേടിപോയി റഷ്യയിൽ യുദ്ധമുഖത്ത് സൈനികരാവേണ്ടി വന്ന അഞ്ചുതെങ്ങ് സ്വദേശികളായ ചെറുപ്പക്കാരുടെ രക്ഷപ്പെടൽ അനന്തമായി നീളുകയാണ്. മത്സ്യമേഖലക്ക് പ്രാധാന്യമുള്ള തീരദേശമണ്ഡലത്തിൽ പ്രധാന മത്സ്യതുറമുഖമായ മുതലപ്പൊഴി നിരന്തരം അപകടങ്ങളുടെ വേദിയാകുന്നത് പ്രധാന പ്രശ്നമാണ്.
ഈ പ്രശ്ന പരിഹാരത്തിന് കേന്ദ്രസഹായത്തോടെയുള്ള വിപുല വികസന പദ്ധതി തയാറാക്കിയിട്ടുണ്ടെങ്കിലും അതിന്റെ നിർമാണ ഘട്ടത്തിലേക്ക് കടന്നിട്ടില്ല. മുതലപ്പൊഴി പ്രശ്നത്തിൽ ക്രിസ്ത്യൻ സഭകളുടെ വിരോധം എൽ.ഡി.എഫ് നേരിടുന്ന പ്രതിസന്ധികളിൽ ഒന്നാണ്. 2019 ലെ പാർലമെൻറ് തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകൾ യു.ഡി.എഫിന് അനുകൂലമായി ഏകീകരിക്കപ്പെട്ടിരുന്നു.
ഇതാണ് മണ്ഡലത്തിൽ അന്ന് യു.ഡിഎഫിന് അനുകൂല ഘടകമായതും. ക്രിസ്ത്യൻ, മുസ്ലിം ന്യൂനപക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന കഠിനംകുളം ഗ്രാമപഞ്ചായത്തിൽ മാത്രം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 4000 വോട്ടിന്റെ ലീഡ് യു.ഡി.എഫ് നേടി. അത്തരമൊരു സാഹചര്യം ഈ വർഷം ഉണ്ടാകില്ല എന്നാണ് എൽ.ഡി.എഫ് വിലയിരുത്തൽ. കാരണം സി.എ.എ വിഷയത്തിൽ ഉൾപ്പെടെയുള്ള നിലപാടുകൾ തങ്ങൾക്ക് അനുകൂലമാണെന്ന് അവർ അവകാശപ്പെടുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ വന്ന തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പുകളിൽ എല്ലാം എൽ.ഡി.എഫ് വ്യക്തമായ മേൽക്കൈ നേടിയിട്ടുണ്ട്. സ്ഥാനാർഥി വി. ജോയിയുടെ നാട് ആയതിനാൽ കൂടുതൽ വോട്ട് എൽ.ഡി.എഫ് ഇവിടെനിന്ന് പ്രതീക്ഷിക്കുന്നുണ്ട്.
സംഘടനാ ദൗർബല്യങ്ങളും തർക്കങ്ങളുമാണ് യു.ഡി.എഫ് നേരിടുന്ന പ്രധാന പ്രതിസന്ധി. മുൻ തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിന്റെ പ്രചാരണത്തിന് നേതൃത്വം നൽകിയ കെ.പി.സി.സി സെക്രട്ടറി എം.എ. ലത്തീഫിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം പ്രവർത്തകർ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നുണ്ട്. ന്യൂനപക്ഷ വോട്ടുകളുടെ പിന്തുണയിൽ പ്രതീക്ഷയർപ്പിക്കുന്ന യു.ഡി.എഫിന് ഇതു പ്രതിസന്ധി സൃഷ്ടിക്കുന്നു.
അതേസമയം, എൻ.ഡി.എയെ നേരിടാൻ കെൽപുള്ള പ്രധാന പ്രതിപക്ഷ പാർട്ടി എന്ന നിലയിൽ ന്യൂനപക്ഷ വോട്ടുകൾ തങ്ങളിലേക്ക് എത്തിച്ചേരും എന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. ഒപ്പം നിലവിലെ എം.പി എന്നനിലയിൽ അടൂർ പ്രകാശ് നടത്തിയിട്ടുള്ള ഇടപെടലുകളും വികസന പ്രവർത്തനങ്ങളും ഗുണകരമാകും എന്നും വിലയിരുത്തുന്നു.
പഞ്ചായത്തുകൾ, ഭരണം
അഞ്ചുതെങ്ങ് : എൽ.ഡി.എഫ്
കടയ്ക്കാവൂർ : എൽ.ഡി.എഫ്
ചിറയിൻകീഴ് : എൽ.ഡി.എഫ്
അഴൂർ : എൽ.ഡി.എഫ്
കിഴുവിലം : എൽ.ഡി.എഫ്
മുദാക്കൽ : എൽ.ഡി.എഫ്
മംഗലപുരം : എൽ.ഡി.എഫ്
കഠിനംകുളം : എൽ.ഡി.എഫ്
2019 ലോക്സഭാ തെരഞ്ഞെടുപ്പ്:
മുന്നണി, വോട്ട്, ശതമാനം:
എൽ.ഡി.എഫ്, 47750, 33.59
യു.ഡി.എഫ്, 56314, 39.62
എൻ.ഡി.എ, 32829, 23.11
യു.ഡി.എഫ് ലീഡ് : 8564
2021ലെ നിയമസഭാ തെരഞ്ഞെടുപ്പ്:
മുന്നണി, വോട്ട് ശതമാനം
എൽ.ഡി.എഫ്- 62634, 43.17
യു.ഡി.എഫ്- 48617, 33.51
എൻ.ഡി.എ- 30986, 21.35
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.