മുതലപ്പൊഴിയിലെ സർക്കാർ നിഷ്ക്രിയത്വം: വെൽഫെയർ പാർട്ടി സമര സംഗമം നാളെ
text_fieldsതിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികൾ മരിച്ചുവീഴുന്നത് നോക്കിനിൽക്കുന്ന സർക്കാർ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി നാളെ മുതലപ്പൊഴിയിൽ സമര സംഗമം നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ് അറിയിച്ചു.
പ്രളയകാലത്ത് കേരളത്തിന്റെ സൈന്യം എന്ന് സർക്കാർ വിശേഷിപ്പിച്ച മത്സ്യത്തൊഴിലാളികളിൽ 73 പേർ ഇതിനകം മുതലപ്പൊഴിയിൽ മരിച്ചുകഴിഞ്ഞു. ഇന്ന് അഞ്ചുതെങ്ങ് സ്വദേശി വിക്ടർ അപകടത്തിൽ മരിച്ചു. ഇത്രയധികം ദുരന്തങ്ങൾ ആവർത്തിച്ചിട്ടും ശാശ്വത പരിഹാരം ഉണ്ടാക്കാതെ സർക്കാർ ഒളിച്ചുകളിക്കുകയാണ്. ദൈനംദിന ജീവിതത്തിന് മറ്റൊരു മാർഗവുമില്ലാത്തത് കൊണ്ടാണ് ഈ അപകട മുനമ്പിലൂടെ മത്സ്യബന്ധനത്തിന് പോകാൻ തൊഴിലാളികൾ നിർബന്ധിതരാകുന്നത്. എന്നാൽ, ദുരന്തം ആവർത്തിക്കാതിരിക്കാൻ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന ഒരു കാര്യവും സർക്കാർ ചെയ്യുന്നില്ല. ഇത് അപമാനകരമാണ്. ഇനിയും ജനങ്ങളുടെ ആവശ്യത്തോട് പുറംതിരിഞ്ഞു നിൽക്കാനാണ് സർക്കാർ തീരുമാനിക്കുന്നതെങ്കിൽ വലിയ ബഹുജന പ്രക്ഷോഭത്തെ നേരിടേണ്ടി വരുമെന്നും അവർ മുന്നറിയിപ്പ് നൽകി.
ദുരന്തങ്ങളിൽ മരിച്ചവരുടെ ബന്ധുക്കൾ പങ്കെടുക്കുന്ന സമരസംഗമം സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ, തീര ഭൂ സംരക്ഷണ സമിതി കൺവീനർ മാഗ്ലിൻ ഫിലോമിന, കെ.ആർ.എൽ.സി.സി ജനറൽ സെക്രട്ടറി പാട്രിക് മിഖായേൽ, താങ്ങുവില അസോസിയേഷൻ പ്രസിഡന്റ് സജീവ്, സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ നേതാവ് ആന്റോ ഏലിയാസ് തുടങ്ങിയവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.