പുലിഭീതിയിൽ മുത്തപ്പൻപുഴ
text_fieldsതിരുവമ്പാടി: പുള്ളിപ്പുലിയെ ചത്തനിലയിൽ കണ്ടെത്തിയ മുത്തപ്പൻപുഴ പ്രദേശം ഭീതിയിൽ. മുത്തപ്പൻപുഴ മൈനാവളവിലെ റോഡിൽ നടുവിലാമാക്കൽ ബേബിയുടെ വീടിനു സമീപമാണ് പുലിയെ ചത്തനിലയിൽ കണ്ടത്.
കാട്ടാന, കാട്ടുപന്നി ആക്രമണത്തിൽ പൊറുതിമുട്ടിയ കർഷകരാണ് പുലിഭീതിയിൽ ആശങ്കയിലായത്. ഒക്ടോബർ 29നാണ് മുത്തപ്പൻപുഴ കൊച്ചുപ്ലാക്കൽ തോമസിന്റെ കൃഷിയിടത്തിൽ വളർത്തുകാളയെ അജ്ഞാതജീവി ആക്രമിച്ച് കൊന്നത്. കൃഷിയിടത്തിൽ രാത്രിയായിരുന്നു സംഭവം. കാളയുടെ ശരീരത്തിലെ മുറിവുകൾ ചൂണ്ടികാട്ടി ആക്രമണം നടത്തിയത് പുലിയാണെന്ന് അന്ന് നാട്ടുകാർ പറഞ്ഞിരുന്നെങ്കിലും വനംവകുപ്പ് അധികൃതർ സ്ഥിരീകരിച്ചിരുന്നില്ല.
നിരവധി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശമാണ് മുത്തപ്പൻപുഴ. പുലിസാന്നിധ്യം സ്ഥിരീകരിച്ചതോടെ കൃഷിയിടങ്ങളിൽ സുരക്ഷിതമായി ജോലി ചെയ്യാനാകുമോയെന്ന ആശങ്ക പ്രകടിപ്പിക്കുകയാണ് കർഷകർ. കണിയാട് വനമേഖലയുടെ അതിർത്തി പ്രദേശമാണ് മുത്തപ്പൻപുഴ. ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ വനംവകുപ്പ് നടപടി സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണെന്ന് പൊതുപ്രവർത്തകനായ ടോമി കൊന്നക്കൽ പറഞ്ഞു.
പ്രദേശത്ത് പുലിസാന്നിധ്യം വനംവകുപ്പ് അധികൃതർ ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല. ചത്തനിലയിൽ കണ്ടെത്തിയ പുലി പ്രദേശത്ത് യാദൃച്ഛികമായി എത്തിയതാകാമെന്നാണ് വനംവകുപ്പ് അധികൃതർ നൽകുന്ന സൂചന.
അടിയന്തര നടപടി സ്വീകരിക്കണം -കർഷക സംഘം
തിരുവമ്പാടി: മുത്തപ്പൻപുഴയിലെ വന്യമൃഗ ആക്രമണത്തിനെതിരെ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കർഷക സംഘം തിരുവമ്പാടി ഏരിയ കമ്മറ്റി ആവശ്യപ്പെട്ടു. കാട്ടാനയും കാട്ടുപന്നിയും നാശം വിതക്കുന്ന പ്രദേശം പുലിഭീതിയിലായിരിക്കുകയാണ്. കർഷക സംഘം ഏരിയ കമ്മിറ്റി നേതാക്കൾ പ്രദേശം സന്ദർശിച്ചു.
കർഷക സംഘം തിരുവമ്പാടി ഏരിയ സെക്രട്ടറി ജോളി ജോസഫ്, സി.എൻ. പുരുഷോത്തമൻ, കെ.എം. ബേബി, ഇ.കെ. സാജു, തോമസ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
വനംവകുപ്പ് ഓഫിസ് മാർച്ച് 19ന്
തിരുവമ്പാടി: രൂക്ഷമായ വന്യമൃഗ ആക്രമണങ്ങൾക്കെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് കർഷക സംഘം തിരുവമ്പാടി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ 19ന് താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫിസ് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.