ഇത് ഐക്യത്തിന്റെ പൊന്‍കണി; മുതുവല്ലൂരിന്റെ ഹൃദയേക്ഷത്രം തുടിക്കുന്നു; മതാതീത ഒരുമയാൽ
text_fieldsകൊണ്ടോട്ടി: ഐശ്വര്യത്തിന്റെ കണിക്കാഴ്ചയൊരുക്കി വിഷുവെത്തുമ്പോള്‍ പാരസ്പര്യത്തിന്റെ സൗഹൃദഗാഥ രചിക്കുകയാണ് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്തുള്ള മുതുവല്ലൂര്‍ ഗ്രാമം. നാല് നൂറ്റാണ്ടിലേറെയായി ജീർണാവസ്ഥയിലായിരുന്ന ദുര്‍ഗ ക്ഷേത്രത്തെ വീണ്ടെടുക്കാന്‍ ജാതിമത ഭേദമില്ലാതെ നാടൊരുമിച്ചിരിക്കുകയാണ് ഇവിടെ. ഐക്യവും സൗഹൃദവും ഹൃദയത്തില്‍ ചേര്‍ത്ത് ക്ഷേത്രപുനരുദ്ധാരണത്തിനായി മുസ്ലിംകള് ഏറെയുള്ള ഗ്രാമവാസികള്‍ ഒന്നടങ്കം രംഗത്തെത്തുകയായിരുന്നു.
2015ല്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ക്ഷേത്രത്തിലെ പ്രവൃത്തികള്‍ ഇപ്പോള്‍ അന്തിമ ഘട്ടത്തിലാണ്. 40 ലക്ഷം രൂപ ചെലവഴിച്ച് ശ്രീകോവില്‍, നമസ്കാര മണ്ഡപം, മൂന്ന് ഉപ ദേവന്മാരുടെ ക്ഷേത്രങ്ങള്‍ എന്നിവയെല്ലാം പൂര്‍ത്തിയായപ്പോള്‍ ശ്രീ കോവിലിന് മുകളിലുള്ള താഴികക്കുടത്തിന് ചെമ്പ് പൂശാനുള്ള തുകയുമായി സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗമെത്തിയത് നാട്ടൊരുമയുടെ കണിക്കാഴ്ചയായി.
ക്ഷേത്ര പുനരുദ്ധാരണത്തിന് തുക കണ്ടെത്താനുള്ള യത്നത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും നൂറിലധികം മഹല്ലുകളുടെ ഖാദിയുമായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടും ഒരുമിച്ച് പങ്കുചേര്‍ന്നതോടെ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. ഇരുവരുടെയും പേര് വെച്ചുള്ള ക്ഷണപത്രത്തിന്റെ അടിസ്ഥാനത്തില്‍ ‘സമന്വയം’ എന്ന പേരില്‍ നടന്ന യോഗത്തില്‍ രൂപവത്കരിച്ച പുനരുദ്ധാരണ സമിതിയിലും മതവ്യത്യാസമില്ലാത്ത ഐക്യം പ്രകടമാണ്. മേയ് ഏഴുമുതൽ ഒമ്പതുവരെ നീളുന്ന പ്രതിഷ്ഠ ചടങ്ങുകളോടെ ക്ഷേത്ര നവീകരണം പൂർത്തിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.