മുട്ടിൽ മരം കൊള്ള: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റരുതെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി
text_fieldsകൽപറ്റ: ഒരു വാർത്താ ചാനലിന്‍റെ ഉടമസ്ഥതയും ഗുണ്ടകളും രാഷ്ട്രീയ പിൻബലവും ഉണ്ടെങ്കിൽ എന്തു തെമ്മാടിത്തവും നടത്താമെന്നും കേസ്സുകൾ അട്ടിമറിക്കാമെന്നുള്ള മുട്ടിൽ വീട്ടിമരക്കൊള്ള പ്രതികളുടെ ധാർഷ്ട്യം അവസാനിപ്പിക്കാൻ കേരളീയ സമൂഹം ഒന്നടങ്കം ശബ്ദമുയർത്തണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി യോഗം ആവശ്യപ്പെട്ടു.
മുട്ടിൽ വീട്ടിമരം കൊള്ളക്കേസ്സിലെ അന്വേഷണച്ചുമതലയുള്ള ഡിവൈ.എസ്.പി ബെന്നിക്കെതിരെ താനൂർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പ്രതികളുടെ ഉടമസ്ഥതയിലുള്ള റിപ്പോർട്ടർ ചാനൽ ഗൂഢാലോചന നടത്തി നിരന്തരം കുപ്രചരണം അഴിച്ചുവിടുകയാണ്. ഇതെ തുടർന്നാണ് അദ്ദേഹം അന്വേഷണ ചുമതലയിൽ നിന്നും ഒഴിവാക്കണമെന്ന് പൊലീസ് മേധാവിക്ക് കത്ത് നൽകിയതെന്നും സമിതി ആരോപിച്ചു.
ഏറെ സമ്മർദ്ദത്തെയും ഭീഷണിയെയും അതിജീവിച്ചാണ് ഈ കേസ്സിന്റെ അന്വഷണം ബെന്നി പൂർത്തിയാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥരെ പാഠം പഠിപ്പിക്കുമെന്നും പച്ചക്ക് കത്തിക്കുമെന്നും പൊലീസ് കസ്റ്റഡിയിലായിരിക്കേ ഇവർ കോടതി വരാന്തയിൽ നിന്നു പോലും ആക്രോശിച്ചിരുന്നു. വീട്ടു വീഴ്ചയില്ലാതെ കേസ്സന്വേഷിച്ച ഡി.എഫ്.ഒ ധനേഷ്കുമാറിനെയും അഗസ്റ്റിൻ സഹോദരന്മാരും അവരുടെ ബിനാമികളും റിപ്പോർട്ടർ ചാനലും വിടാതെ പിൻതുടരുകയാണ്. ദൃശ്യമാധ്യമ രംഗത്തെ സത്യസന്ധരെന്നും നിർഭയരെന്നും പുറംപൂച്ച് നടിച്ച ചിലർ വളർത്തു നായ്ക്കളെപ്പോലെ മരം കൊള്ളക്കാർക്ക് വാലാട്ടുന്നത് ലജ്ജാകരമാണ്. കോഴിക്കോട്ടെ ഒരു കോൺഗ്രസ്സ് നേതാവിനെയാണ് അഗസ്റ്റിൻ സഹോദരന്മാർ രംഗത്തിറക്കിയിരിക്കുന്നത്.
1964ലെ ലാന്റ് അസൈമെന്റ് ആക്ട് പ്രകാരം പട്ടയം നൽകിയ ലക്ഷക്കണക്കിന് ഹെക്ടർ സർക്കാർ ഭൂമിയിലെ റിസർവ്വ് ചെയ്ത ദശലക്ഷക്കണക്കിന് രാജകീയ മരങ്ങൾ കൊള്ളയടിക്കാനുള്ള ഗൂഢോദ്ദേശ്യത്തിന്റെ ഭാഗമായിരുന്നു വയനാട്ടിലെ വീട്ടിമരം മുറി. ഈ ഗൂഢാലോചനയിൽ പങ്കാളികളായ ഉന്നത റവന്യൂ ഉദ്യാഗസ്ഥരും മന്ത്രിമാരും ഇപ്പോഴും അധികാരത്തിലിരിക്കുന്നതിനാൽ കേസ്സിന്റെ ഭാവിയെക്കുറിച്ച് വലിയ ആശങ്കകൾ നിലനിൽക്കുന്നുണ്ട്. കേസ്സ് അട്ടിമറിക്കുന്നതിന്റെ ഭാഗമായാണ് സത്യസന്ധരായ ഉദ്യോഗസ്ഥരെ നിഷ്ക്രിയരാക്കുന്നതിനും പുറത്തുചാടിക്കുന്നതിനുമുള്ള ശ്രമങ്ങൾ എന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആരോപിച്ചു.
സമിതി യോഗത്തിൽ എൻ. ബാദുഷ അധ്യക്ഷനായി. തോമസ് അമ്പലവയൽ, തച്ചമ്പത്ത് രാമകൃഷ്ണൻ, ബാബു മൈലമ്പാടി, എം. ഗംഗാധരൻ, സി.എ. ഗോപാലകൃഷ്ണൻ, സുലോചന രാമകൃഷ്ണൻ, സണ്ണി മരക്കടവ്, പി.എം. സുരേഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.