മുട്ടിൽ മരം മുറി: റോജിയുടെ അറസ്റ്റ് അട്ടിമറിച്ചത് റവന്യൂവകുപ്പ്
text_fieldsതിരുവനന്തപുരം: മുട്ടിൽ കേസിലെ പ്രതി റോജി അഗസ്റ്റിെൻറ അറസ്റ്റ് ഒഴിവാക്കാൻ റവന്യൂ രേഖകളും നശിപ്പിച്ചു. വനംവകുപ്പ് എടുത്ത കേസിൽ കോടതിയിൽനിന്ന് അനുകൂല ഉത്തരവ് സമ്പാദിക്കാനാണ് രേഖകൾ റവന്യൂ വകുപ്പിൽ നശിപ്പിച്ചത്. കൂടാതെ, വനംവകുപ്പ് അന്വേഷണം വഴിതിരിച്ചുവിട്ട് റോജിയെ രക്ഷിക്കാൻ ഒരു കൺസർവേറ്റർ വ്യാജ റിപ്പോർട്ടും നൽകി. സി.പി.െഎയുടെ കീഴിലായിരുന്നു മുൻ എൽ.ഡി.എഫ് സർക്കാറിൽ ഇരു വകുപ്പും.
വ്യാജരേഖ ഉപയോഗിച്ച് മരങ്ങൾ മുറിച്ചുകടത്തിയതിന് റോജി അഗസ്റ്റിന് വനം വകുപ്പ് കുരുക്ക് മുറുക്കിയപ്പോഴായിരുന്നു റവന്യൂ വകുപ്പ് 'ഇടപെടൽ'. റോജിയുടെ ഉടമസ്ഥതയിലെ സൂര്യ ടിംേബഴ്സ് റെയ്ഡ് ചെയ്ത വനംവകുപ്പ് ഉദ്യോഗസ്ഥർക്കുമുന്നിൽ രേഖകൾ ഹാജരാക്കാൻ ഇയാൾക്ക് കഴിഞ്ഞിരുന്നില്ല. കടുത്ത ശിക്ഷ ലഭിക്കുന്ന കേരള വനം നിയമം പ്രകാരം കേസെടുത്തു.
വനംവകുപ്പിെൻറ മഹസർ അട്ടിമറിക്കാൻ ഒരു സീനിയർ സൂപ്രണ്ട് വഴി നടത്തിയ തിരിമറിയും വകുപ്പ് വിജിലൻസ് ഫ്ലൈയിങ് സ്ക്വാഡ് പൊളിച്ചു. ഇതിനിടെയാണ് കോഴിക്കോട് കൺസർവേറ്റർ എൻ.ടി. സാജൻ അധികാരപരിധിക്ക് പുറത്തുള്ള കേസിലെ പ്രതികൾക്കുവേണ്ടി ഇടപെട്ടത്. നിലവിലെ ഉദ്യോഗസ്ഥെൻറ അവധിയുടെ മറവിലായിരുന്നു ഇത്.
മുട്ടിൽ മരംമുറിയുമായി ബന്ധമില്ലാത്ത, 1975ൽ വനം വകുപ്പ് വനപ്രദേശമല്ലെന്ന് തിട്ടപ്പെടുത്തിയ മണിക്കുന്നിൽ 200 ഏക്കർ ഏറ്റെടുക്കണമെന്ന് സാജൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. 1200 ഒാളം മനുഷ്യർ താമസിക്കുന്ന പ്രദേശത്ത് നടപടി ആരംഭിച്ചിരുന്നെങ്കിൽ വൻ ജനകീയ പ്രക്ഷോഭം തന്നെ ഉണ്ടാകുമായിരുന്നു. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുംമുമ്പ് സ്വകാര്യ ചാനലിലൂടെ വാർത്ത പുറത്തുവിട്ടു. മുട്ടിൽ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധ മുഴുവൻ റോജിയുടെ അറസ്റ്റിൽനിന്ന് മാറ്റാനായിരുന്നു ഇത്. ഒപ്പം, അന്വേഷണ ഉദ്യോഗസ്ഥനായ റേഞ്ച് ഒാഫിസറെ അവധിയിൽ പ്രവേശിപ്പിക്കുന്ന വിധം സമ്മർദത്തിൽ ആഴ്ത്തുകയും ചെയ്തു. സാജനെ വകുപ്പ് തിരിച്ചുവിളിക്കുേമ്പാഴേക്കും അവസരം മുതലാക്കിയ റോജി ഹൈകോടതിയിൽനിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ചിരുന്നു. സാജനെതിരെ കടുത്ത അച്ചടക്ക നടപടിയാണ് സി.സി.എഫ് ഡി.കെ. വിനോദ് കുമാർ ശിപാർശ ചെയ്തിരിക്കുന്നത്.
പക്ഷേ, അപ്പോഴും റവന്യൂ വകുപ്പ് ഒരു കേസ് പോലും ഇയാൾക്കെതിരെ എടുത്തില്ല. റോജിക്കും സഹോദരൻ ആേൻറാ അഗസ്റ്റിനും മരങ്ങൾ മുറിക്കാൻ 14 കർഷകരുടെ പേരിൽ സമർപ്പിച്ച 13 അപേക്ഷയും തള്ളി എന്നതല്ലാതെ മറ്റ് നിയമ നടപടിയെടുക്കാൻ റവന്യൂ രേഖകൾ ലഭിച്ചില്ല. തുടർന്ന്, വയനാട് കലക്ടർ നിയോഗിച്ച സ്പെഷൽ ടീം വില്ലേജ്, തഹസിൽദാർ ഒാഫിസുകളിൽനിന്ന് കേസുമായി ബന്ധപ്പെട്ട രേഖകൾ മുഴുവൻ നശിപ്പിക്കപ്പെട്ടതായി കണ്ടെത്തി. റെേക്കാഡ് റൂമിൽനിന്നാണ് പിന്നീട് രേഖകൾ സമാഹരിച്ചത്.
റവന്യൂവകുപ്പ് പ്രതിക്കൂട്ടിലല്ലെന്ന് മന്ത്രി
തിരുവനന്തപുരം: മരം മുറി ഉത്തരവില്‍ റവന്യൂവകുപ്പ് പ്രതിക്കൂട്ടിലല്ലെന്ന് മന്ത്രി കെ. രാജൻ. മന്ത്രിമാരോ വകുപ്പുകളോ തമ്മിൽ ഭിന്നതയില്ല. എല്ലാ വകുപ്പുകൾക്കും ഇക്കാര്യത്തിൽ കൂട്ടുത്തരവാദിത്തമാണ്. റവന്യൂവകുപ്പ് മാത്രമായി മുൾമുനയിൽ നിൽക്കേണ്ട സാഹചര്യമില്ല. കര്‍ഷകര്‍ക്കുവേണ്ടി ഇറക്കിയ ഉത്തരവ് ദുരുപയോഗം ചെയ്യപ്പെട്ടു. വിഷയത്തില്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കൊള്ളയടിക്ക് കൂട്ടുനിന്നവരെയെല്ലാം പുറത്തുകൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.