മരംമുറി മാഫിയ ലക്ഷ്യമിട്ടത് വനപാലകനെ
text_fieldsകോഴിക്കോട്: മുട്ടിൽ മരംമുറിക്കേസിൽ പ്രതികളും കൂട്ടുകാരും കുടുക്കാൻ ശ്രമിച്ചത് വനംകൊള്ളക്കാർക്കും ൈകയേറ്റക്കാർക്കുമെതിരെ നടപടിയെടുക്കുന്ന വനപാലകനെ. കോഴിക്കോട് ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒ പി. ധനേഷ് കുമാറിനെ അഴിമതിക്കാരനാക്കാനാണ് ശ്രമം നടന്നത്.
ധനേഷ് കുമാർ മുട്ടിൽ മരംമുറിക്കേസിൽ കൈക്കൂലി വാങ്ങിയെന്നായിരുന്നു പ്രതി റോജി അഗസ്റ്റിെൻറ അടിസ്ഥാന രഹിതമായ ആരോപണം. ആലുവയിൽ ചോദ്യംചെയ്യലിന് കൊണ്ടുവന്നപ്പോൾ പ്രതികൾ ധനേഷിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ധനേഷും മേപ്പാടി റേഞ്ച് ഓഫിസർ എം.കെ. സമീറും നിർഭയരായി നിന്നില്ലായിരുന്നെങ്കിൽ കോടികളുടെ മരംമുറി വിസ്മൃതിയിലാകുമായിരുന്നു.
ആരോപണ വിധേയനായ ദൃശ്യമാധ്യമ പ്രവർത്തകൻ ദീപക് ധർമടവും ധനേഷ് കുമാറിനെ വിളിച്ച് സമ്മർദം ചെലുത്തിയിരുന്നു. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ ധനേഷ് 2000ത്തിലാണ് റേഞ്ച് ഓഫിസറായത്. 2006 ൽ ചാലക്കുടിയിലായിരുന്നപ്പോൾ ആന, കടുവ വേട്ടക്കാരെ പിടികൂടിയതോടെ അന്തർസംസ്ഥാന നായാട്ട് സംഘങ്ങൾക്ക് നോട്ടപ്പുള്ളിയായി.
കർണാടകയിൽ 12ഉം കേരളത്തിൽ രണ്ടും കടുവകളെ വേട്ടയാടി കൊന്ന തട്ടകം ഡേവിസിനെയും രണ്ടു ഡസനിലേറെ ആനകളെ കൊന്ന കുഞ്ഞോം വർക്കിയെയും അക്കാലത്ത് അറസ്റ്റ് ചെയ്തിരുന്നു. മധുര ജോളി എന്ന കാട്ടുകള്ളനെ പിടികൂടിയപ്പോൾ കൂട്ടാളികൾ ധനേഷ് കുമാറിനെ കൊല്ലാനും ശ്രമിച്ചു. അന്നത്തെ വിജിലൻസ് ഡയറക്ടർ ഉപേന്ദ്രവർമയുടെ നിർദേശത്തെ തുടർന്ന് ധനേഷിനും കുടുംബാംഗങ്ങൾക്കും പൊലീസ് സംരക്ഷണമേർപ്പെടുത്തിയിരുന്നു.
2008ൽ ഡി.എഫ്.ഒയായതോടെ നെന്മാറയിലായിരുന്നു നിയമനം. ' ഓപറേഷൻ ക്ലീൻ നെല്ലിയാമ്പതി' യിലൂടെ 6000 ഏക്കറാണ് അന്ന് തിരിച്ചുപിടിച്ചത്. വയനാട്ടിൽ ബ്രഹ്മഗിരി മലനിരകളടക്കം ആയിരം ഏക്കർ പരിസ്ഥിതിലോല, നിക്ഷിപ്ത വനഭൂമിയും തിരിച്ചെടുക്കാനായി. വയനാട്ടിലും അട്ടപ്പാടിയിലും മറയൂരിലും വനംകൊള്ളക്കാരും കഞ്ചാവ് കൃഷിക്കാരും ധനേഷ് കുമാറിനെ ആക്രമിച്ചിരുന്നു.
2007 ൽ വൈൽഡ്ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിെൻറ മികച്ച വൈൽഡ് ലൈഫ് മാനേജ്മെൻ്റ് ട്രെയിനി അവാർഡ് ലഭിച്ചിട്ടുണ്ട്. സാക്ച്വറി ഏഷ്യ അവാർഡും വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ വൈൽഡ് ലൈഫ് സർവിസ് അവാർഡും നേടി. 2007 ൽ മുഖ്യമന്ത്രിയുടെ മെഡലും ലഭിച്ചു. നിലവിൽ കാസർകോട് ഡി.എഫ്.ഒ യായി സ്ഥലംമാറ്റം കിട്ടിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.