മുട്ടിൽ കേസ് പ്രതികൾക്ക് ജാമ്യം ലഭിച്ചത് സർക്കാർ ഒത്താശയോടെയെന്ന് പ്രകൃതി സംരക്ഷണ സമിതി
text_fieldsകൽപ്പറ്റ: മുട്ടിൽ മരംമുറി കുംഭകോണത്തിലെ പ്രതികൾക്ക് ജാമ്യം ലഭിച്ചത് കേസ് അട്ടിമറിക്കാൻ തുടക്കം മുതൽ തന്നെ തീരുമാനമെടുത്ത സർക്കാർ അജണ്ടയുടെ ഭാഗമാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി. കേസ് റജിസ്റ്റർ ചെയ്ത് 60 ദിവസത്തിനുള്ളിൽ കുറ്റപത്രം കോടതിയിൽ നൽകിയില്ലെങ്കിൽ പ്രതികൾക്ക് ജാമ്യത്തിനർഹതയുണ്ട് എന്ന് അറിയാമെന്നിരിക്കെ അന്വേഷണച്ചുമതലയുള്ള ബത്തേരി ഡി.വൈ.എസ് .പിയെ തിരൂരിലേക്ക് മാറ്റിയതും പുതിയ ആൾക്ക് ചുമതല നൽകാതിരുന്നതും ബോധപൂർവമാണ്. ഈ കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങളെയും ഡ്രൈവറെയും അറസ്റ്റ് ചെയ്തത് ഹൈകോടതിയുടെ കടുത്ത വിമർശനത്തെ തുടർന്നാണ്. അന്വേഷണം പാതിവഴിയിൽ എത്തിയപ്പോൾ ഡി.വൈ.എസ്.പി. ബെന്നിയെ മാറ്റിയത് പ്രതികളെ സഹായിക്കാനാണെന്നും സമിതി കുറ്റപ്പെടുത്തി.
പൊതുമുതൽ നശിപ്പിക്കൽ, മോഷണം തുടങ്ങിയ വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. പൊതുമുതൽ നശിപ്പിച്ചാൽ നഷ്ടമുണ്ടായ തുക കോടതിയിൽ കെട്ടിവെച്ചാലേ ജാമ്യം ലഭിക്കൂ. ഇതുപ്രകാരം അഗസ്റ്റിൻ സഹോദരന്മാർ കോടിക്കണക്കിനു രൂപ കോടതിയിൽ കെട്ടിവെക്കേണ്ടി വരുമായിരുന്നു. ഇതൊഴിവാക്കിയതും ഒത്തുകളിയുടെ ഭാഗമായാണ്.
കേസിൽ ഇതുവരെ ആരെയെങ്കിലും അറസ്റ്റ് ചെയ്യുകയോ സസ്പെൻഡ് ചെയ്യുകയാ ചെയ്തിട്ടില്ല. മരം മുറിക്കാൻ മറയാക്കിയ റവന്യൂ ഉത്തരവുകളെക്കുറിച്ചോ അതിനു പിന്നിലുള്ള ഗൂഢാലോചനയെക്കുറിച്ചോ പണമിടപാടുകളെക്കുറിച്ചോ അന്വേഷിക്കുന്നില്ല. ഉത്തരവാദികളായ ഉന്നത ഉദ്യോഗസ്ഥരെയോ മുൻമന്ത്രിമാരെയോ ചോദ്യം ചെയ്തിട്ടില്ല. രേഖകൾ കസ്റ്റഡിയിൽ എടുത്തിട്ടില്ല. മന്ത്രിമാർ അടക്കമുള്ള ഉന്നതരുടെ ഗൂഢാലോചന അന്വേഷണ പരിധിയിൽ ഇല്ല .
സി.ബി.ഐയോ ഹൈക്കോടതി നിയന്ത്രണത്തിൽ വിജിലൻസോ കേസ് അന്വേഷിച്ചാൽ മാത്രമേ യഥാർഥ വസ്തുതകൾ പുറത്തു വരികയും ഉത്തരവാദികൾ ശിക്ഷിക്കപ്പെടുകയും ചെയ്യൂ. അനേകായിരം കൊടിയുടെ പൊതുമുതൽ കൊള്ള ചെയ്യാൻ വേണ്ടി നടത്തിയ ഞെട്ടിപ്പിക്കുന്ന ഗൂഢാലോചനയുടെ നേരെ സർക്കാർ കാണിക്കുന്ന നിലപാടും അലംഭാവവും അപലപനീയമാണെന്ന് സമിതിയോഗം അഭിപ്രായപ്പെട്ടു.
യോഗത്തിൽ എൻ. ബാദുഷ, തോമസ് അമ്പലവയൽ, സി.എ ഗോപാലകൃഷണൻ, ബാബു മൈലമ്പാടി, എം.ഗംഗാധരൻ, യു.സി. ഹുസൈൻ, എ.വി. മനോജ്, സണ്ണി മരക്കടവ്, പി.എം. സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.