മുട്ടിൽ മരംമുറി കേസ്: പ്രതികളുടെ മുൻകൂർ ജാമ്യഹരജി ഹൈകോടതി തള്ളി
text_fieldsകൊച്ചി: വയനാട്ടിലെ വിവാദനായ മുട്ടിൽ മരംമുറി കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യഹരജി ഹൈകോടതി തള്ളി. വയനാട് വാഴവറ്റ മൂറ്റാനാനിയിൽ ആന്‍റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവരുടെ ഹരജികളാണ് കോടതി തള്ളിയത്.
റിസർവ് മരങ്ങളാണ് പ്രതികൾ മുറിച്ചു നീക്കിയതെന്നും കോടിക്കണക്കിനു രൂപയുടെ വനംകൊള്ള നടന്നിട്ടുണ്ടെന്ന സർക്കാർ വാദം അംഗീകരിച്ചാണ് ഹൈകോടതി നടപടി. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതിനാൽ മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് സർക്കാർ വാദിച്ചു.
വനം വകുപ്പ് റജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹരജി ഹൈകോടതി നേരത്തെ തള്ളിയിരുന്നു. സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമിയിലെ മരങ്ങളാണ് വെട്ടിയതെന്നും അത് വനഭൂമിയല്ലെന്നും ചൂണ്ടിക്കാട്ടി വില്ലേജ് ഓഫിസറുടെ രേഖകൾ പ്രതികൾ കോടതിയിൽ സമർപ്പിച്ചിരുന്നു.
വനം വകുപ്പിന്‍റെ അനുമതി വാങ്ങിയാണ് മരം മുറിച്ചത്. പട്ടയ ഭൂമിയിലെ മരംവെട്ടാൻ അനുമതി നൽകുന്ന 2020 മാർച്ച് 11ലെയും ഒക്ടോബർ 24ലെയും ഉത്തരവുകൾ പ്രകാരമാണ് മരം മുറിച്ചതെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.