മുട്ടിൽ മരം മുറി: എൻ.ടി സാജന് നൽകിയത് ചുമതല മാത്രമെന്ന് സർക്കാർ
text_fieldsകൊച്ചി: മുട്ടിൽ മരം മുറി കേസിൽ ആരോപണ വിധേയനായ വനം ഡെപ്യൂട്ടി കൺസർവേറ്റർ എൻ.ടി സാജനെ ചീഫ് കൺസർവേറ്റർ പദവിയിൽ നിയമിച്ചിട്ടില്ലെന്നും ചുമതല മാത്രമാണ് നൽകിയതെന്നും സംസ്ഥാന സർക്കാർ.
സുഗമമായ ഭരണ നിർവഹണത്തിന്റെ ഭാഗമായി ചുമതല ഏൽപ്പിക്കുന്നതിന് ഐ.എഫ്.എസ് (കേഡർ) റൂൾസ് ബാധകമല്ല. ഏത് സമയം വേണമെങ്കിലും നിയമനാധികാരിക്ക് ഈ ഉദ്യോഗസ്ഥരെ ചുമതല അധികാരത്തിൽനിന്ന് നീക്കാം. അതിനാൽ, ഇത്തരം സ്ഥലം മാറ്റങ്ങൾ സിവിൽ സർവിസ് ബോർഡിൽ വെക്കേണ്ടതില്ല. ഈ സാഹചര്യത്തിൽ എൻ.ടി സാജനെ ചീഫ് കൺസർവേറ്ററുടെ പൂർണ ചുമതല നൽകി സ്ഥലം മാറ്റിയതിൽ അപാകതയില്ലെന്നും സർക്കാർ കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിൽ (സി.എ.ടി) നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
കണ്ണൂർ വനം ചീഫ് കൺസർവേറ്റർ (സി.സി.എഫ്) കെ. വിനോദ് കുമാറിനെ സോഷ്യൽ ഫോറസ്ട്രി കൺസർവേറ്ററായി കൊല്ലത്തേക്ക് മാറ്റിയതും വനം ചീഫ് കൺസർവേറ്ററായിരുന്ന സഞ്ജയൻ കുമാറിനെ സി.സി.എഫ് (വർക്കിങ് പ്ലാൻ ആൻഡ് റിസർച്ച്) പദവിയിലേക്ക് മാറ്റിയതും ചോദ്യം ചെയ്ത് ഇരുവരും നൽകിയ ഹരജിയിലാണ് വിശദീകരണം. സ്ഥലം മാറ്റ നടപടികൾ കഴിഞ്ഞദിവസം സി.എ.ടി സ്റ്റേ ചെയ്തിരുന്നു. സത്യവാങ്മൂലം നൽകിയതിനെ തുടർന്ന് ഹരജി വീണ്ടും വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി.
അതേസമയം, മറ്റൊരു ഉത്തരവുണ്ടാകും വരെ സ്റ്റേ നിലനിൽക്കുമെന്ന് സി.എ.ടി വ്യക്തമാക്കി. ഡെപ്യൂട്ടി പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ തസ്തികയുണ്ടാക്കി നിലവിലെ ഡെപ്യൂട്ടി പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ (ഫിനാൻസ്, ബജറ്റ്, ഓഡിറ്റ്) പ്രമോദ് ജി. കൃഷ്ണന് അധിക ചുമതല നൽകാനും പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ശിപാർശ നൽകിയിരുന്നതായി സത്യവാങ്മൂലത്തിൽ പറയുന്നു. എന്നാൽ, ശിപാർശ ചെയ്യപ്പെട്ട ഉദ്യോഗസ്ഥൻ സുപ്രധാന പദവികളുടെ ചുമതല വഹിക്കുന്നതിനാൽ, അമിത ജോലി ഭാരം മുന്നിൽ കണ്ട് ഈ ശിപാർശ സർക്കാർ തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.