രാജ്യരക്ഷക്കായി പൗരസമൂഹം രംഗത്തിറങ്ങണമെന്ന് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
text_fieldsതിരുവനന്തപുരം: രാജ്യരക്ഷക്കായി പൗരസമൂഹം രംഗത്തിറങ്ങണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി 'സ്വാതന്ത്ര്യം അടിയറവെക്കില്ല' എന്ന മുദ്രാവാക്യമുയര്‍ത്തി തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ആസാദി സംഗമത്തിൽ സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യം, നീതി, ഐക്യം, അഖണ്ഡത തുടങ്ങിയ മഹത്തായ മൂല്യങ്ങളുടെ വീണ്ടെടുപ്പിനും സംരക്ഷണത്തിനും വേണ്ടി പൗരസമൂഹം ജാഗ്രതയോടെ നിലപാട് സ്വീകരിക്കണം. രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക രംഗങ്ങളില്‍ നീതി ഉറപ്പാക്കാന്‍ സ്വാതന്ത്ര്യം നേടി എഴുപത്തിയഞ്ച് വര്‍ഷം പിന്നിട്ടിട്ടും സാധ്യമായിട്ടില്ല. ഉപരി വര്‍ഗത്തിന്റെ ചാതുര്‍വര്‍ണ്യ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് പൗരസ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയും കവര്‍ന്നെടുക്കുകയും ചെയ്യുന്നു.
അടിസ്ഥാന ജനവിഭാഗങ്ങൾക്ക് നിഷേധിക്കപ്പെട്ടിരുന്ന വിശ്വാസ, സംസ്‌കാര, ഭക്ഷണ, സഞ്ചാരമുള്‍പ്പെടെയുള്ള സ്വാതന്ത്ര്യം നാം പൊരുതി നേടിയതാണ്. നിയമനിര്‍മാണങ്ങളിലൂടെ ഭരണകൂടം തന്നെ ആ സ്വാതന്ത്ര്യം വീണ്ടും കവര്‍ന്നെടുക്കുകയാണ്. നിഷേധിക്കപ്പെട്ടു കൊണ്ടിരിക്കുന്ന സ്വാതന്ത്ര്യത്തിന്റെ വീണ്ടെടുപ്പിന് വീണ്ടും സമരരംഗത്തിറങ്ങേണ്ടിയിരിക്കുന്നു. വൈവിധ്യങ്ങളുടെ സംഗമഭൂമിയായ ഇന്ത്യയില്‍ രാജ്യം ഭരിക്കുന്നവരുടെ സങ്കുചിത താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഐക്യവും സാഹോദര്യവും തകര്‍ക്കുന്നു.
രാഷ്ട്രപുരോഗതിക്ക് നിയമനിര്‍മാണം നടത്തേണ്ട പാര്‍ലമെന്റ് 'പൗരാവകാശങ്ങളും സ്വാന്ത്ര്യവും നിഷേധിക്കുന്നതിനുള്ള നിയമനിര്‍മാണങ്ങള്‍ നടത്താനുള്ള വേദിയായി മാറിയിരിക്കുന്നു. രാജ്യത്തിന്റെ ഫെഡറല്‍ താല്‍പര്യങ്ങള്‍ നിഷേധിച്ച് അഖണ്ഡത തകര്‍ക്കാന്‍ ഭരണകൂടം തന്നെ ശ്രമിക്കുകയാണ്. ഭയവും ദാരിദ്ര്യവും രാഷ്ട്രപുരോഗതിക്ക് തടസമായി മാറിയിരിക്കുന്നു. പൊരുതി നേടിയ സ്വാതന്ത്ര്യം ആരുടെ മുമ്പിലും അടിയറ വെക്കില്ല. ഫാഷിസ്റ്റ് തേര്‍വാഴ്ചക്കെതിരേ ഭരണഘടന മുറുകെ പിടിച്ച് മുന്നേറാന്‍ നാം തയാറാവണമെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.