മോഷ്ടാവ് പുഴയിൽ ചാടി; വെള്ളമില്ലാത്തത് ‘ചതിച്ചു’
text_fieldsമൂവാറ്റുപുഴ: മോഷണശേഷം മുങ്ങി പിന്നീട് നാട്ടുകാരുടെ കണ്ണിൽപെട്ടപ്പോൾ പാലത്തിൽനിന്ന് പുഴയിൽ ചാടിയ മോഷ്ടാവ് ഡ്രാക്കുള സുരേഷിന് വെള്ളമില്ലാത്ത ഭാഗത്ത് വീണതോടെ ഗുരുതര പരിക്ക്. ഫയർഫോഴ്സ് സഹായത്തോടെ പൊലീസ് രക്ഷപ്പെടുത്തി മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച പുലർച്ച പെരുവംമൂഴി പാലത്തിൽനിന്നാണ് മോഷ്ടാവ് പുത്തൻകുരിശ് വടയമ്പാടി കുണ്ടേലിക്കുടിയിൽ സുരേഷ് (37) പുഴയിൽ ചാടിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവപരമ്പരകൾക്ക് തുടക്കം. പെരുവംമൂഴിയിൽ കെട്ടിടം പണിയുന്നിടത്ത് എത്തി പഴ്സുകൾ മോഷ്ടിച്ചത് തൊഴിലാളികൾ കണ്ടതോടെ ഇറങ്ങിയോടി പരിസരത്തെ കുറ്റിക്കാട്ടിൽ ഒളിച്ചു. നാട്ടുകാർ ഏറെ തിരഞ്ഞിട്ടും കണ്ടെത്തിയില്ല. പിന്നീട് പുറത്തു കടക്കാനുള്ള ശ്രമത്തിനിടെ നാട്ടുകാർ പിടികൂടിയെങ്കിലും രണ്ടുപേരുടെ കൈ കടിച്ചുമുറിച്ച് ഓടിമറഞ്ഞു. ഇതിനിടെ, ബൈക്ക് ശ്രദ്ധയിൽപെട്ട നാട്ടുകാർ അതിെൻറ ചോക്ക് ഊരിയിട്ട് കാത്തിരുന്നു. ശനിയാഴ്ച പുലർച്ച ബൈക്ക് എടുക്കാനെത്തിയപ്പോൾ നാട്ടുകാർ ഓടിയെത്തി. ഇതോടെ പെരുവംമൂഴി പാലത്തിൽനിന്ന് ചാടുകയായിരുന്നു. വെള്ളമില്ലാത്ത സ്ഥലത്ത് വീണതിനാൽ ഗുരുതര പരിക്കേറ്റു.
2018 ജൂലൈ 29ന് മൂവാറ്റുപുഴ കച്ചേരിത്താഴത്തെ പി.ബി. അജിത്കുമാറിെൻറ ആധാരമെഴുത്ത് ഓഫിസിൽനിന്ന് ഒന്നരലക്ഷം മോഷ്ടിച്ചതടക്കം 20ലേറെ കേസിൽ പ്രതിയാണ് സുരേഷ്. അഞ്ചുവർഷം മുമ്പ് കോലഞ്ചേരിയിൽ പള്ളിയിൽ മോഷ്ടിക്കാൻ കയറി വെൻറിലേറ്ററിൽ കുടുങ്ങി അവിടെയിരുന്ന് ഉറങ്ങിപ്പോയ സുരേഷിനെ ഒടുവിൽ പൊലീസാണ് പുറത്തെടുത്തത്. 2018ൽ ബൈക്കപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽനിന്ന് മുങ്ങി ഒളിവിൽ കഴിയുന്നതിനിടെയാണ് പൊലീസ് പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.