മൂവാറ്റുപുഴ നഗരസഭ: വൈസ് ചെയർപേഴ്സൻ സ്ഥാനം വേണമെന്ന് ലീഗ് വനിത കൗൺസിലർ
text_fieldsമൂവാറ്റുപുഴ: വിവാദങ്ങൾക്കിടെ മൂവാറ്റുപുഴ നഗരസഭ വൈസ് ചെയർപേഴ്സൻ സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ച് ലീഗ് വനിത കൗൺസിലർ രംഗത്തുവന്നത് യു.ഡി.എഫ് നേതൃത്വത്തിന് തലവേദനയായി.11ാം വാർഡ് കൗൺസിലർ ലൈല ഹനീഫയാണ് ലീഗ് നിയോജക മണ്ഡലം നേതൃത്വത്തിന് ബുധനാഴ്ച വൈകീട്ട് കത്ത് നൽകിയത്. ക്ഷേമകാര്യ സമിതി അധ്യക്ഷ സ്ഥാനത്തുനിന്ന് അവിശ്വാസത്തിലൂടെ പുറത്താക്കപ്പെട്ട രാജശ്രീ രാജുവിനെ വൈസ് ചെയർപേഴ്സനാക്കി കൂടെ നിർത്താൻ യു.ഡി.എഫ് നീക്കം നടക്കുന്നതിനിടെയാണ് ലീഗ് കൗൺസിലർ അവകാശവാദവുമായി രംഗത്തെത്തിയത്.
യു.ഡി.എഫ് ഭരണത്തിൽ വൈസ് ചെയർപേഴ്സൻ സ്ഥാനം ലഭിക്കേണ്ടത് മുസ്ലിംലീഗിനാണെന്നും ഇത് അട്ടിമറിച്ചാണ് സ്ഥാനം കോൺഗ്രസ് ഏറ്റെടുത്തതെന്നും നേതൃത്വത്തിന് നൽകിയ കത്തിൽ ലൈല ചൂണ്ടിക്കാട്ടി. പുതിയ സാഹചര്യത്തിൽ നിലവിലെ വൈസ് ചെയർപേഴ്സൻ സിനി ബിജുവിനെ മാറ്റി പുതിയയാളെ തെരഞ്ഞെടുക്കുകയാണെങ്കിൽ ഇതു ലീഗ് തിരിച്ചുപിടിക്കണമെന്നാണ് നേതൃത്വത്തോട് ലൈല ആവശ്യപ്പെട്ടിരിക്കുന്നത്.
28 അംഗ നഗരസഭ ഭരണ സമിതിയിൽ മുസ്‌ലിംലീഗിന് രണ്ട് അംഗങ്ങളാണുള്ളത്. ലീഗിലെ മറ്റൊരു അംഗമായ പി.എം. അബ്ദുൽ സലാമാണ് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ. കോൺഗ്രസ് അംഗമായിരുന്ന പ്രമീള ഗിരീഷ് കുമാർ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ തുടർന്ന് പുറത്തായ രാജശ്രീ രാജുവിനെ ഒപ്പം നിർത്തിയാലെ യു.ഡി.എഫിന് സുഗമമായി ഭരണം മുന്നോട്ട് കൊണ്ടുപോകാനാകൂ.
അവിശ്വാസം പാസായി പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ പ്രമീള ഗിരീഷ് കുമാർ ഇടതു പിന്തുണയോടെ സ്ഥിരംസമിതി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇവർ നിലവിൽ ഇടതുപക്ഷത്തിനൊപ്പമാണ്.യു.ഡി.എഫ് ഭരണസമിതിയെ അട്ടിമറിച്ച് നഗരഭരണം എൽ.ഡി.എഫ് പിടിക്കാൻ ശ്രമിക്കുമെന്ന ആശങ്കയുയർന്നതോടെയാണ് ഭരണസമിതിയിൽ അഴിച്ചുപണി നടത്താൻ തീരുമാനിച്ചത്.
ഇതിനായി സ്വതന്ത്രയായി മത്സരിച്ച് വിജയിച്ച രാജശ്രീ രാജുവിനെ യു.ഡി.എഫിനൊപ്പം നിലനിർത്താൻ വൈസ് ചെയർപേഴ്സൻ സ്ഥാനം നൽകാനായിരുന്നു നീക്കം. കോൺഗ്രസ് അംഗമായ സിനി ബിജുവിനെ ഒഴിവാക്കിയാണ് രാജശ്രീ രാജുവിനെ കൊണ്ടുവരുന്നത്. ഇതിനിടെയാണ് പുതിയ ആവശ്യവുമായി മുന്നണിയിലെ പ്രധാന കക്ഷിയിലെ അംഗം തന്നെ രംഗപ്രവേശനം ചെയ്തത് എങ്ങനെ മറികടക്കുമെന്ന ആശങ്കയിലാണ് നേതൃത്വം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.