‘ഒരു സുപ്രഭാതത്തിൽ വെളിപാടുണ്ടായതല്ല, കൃത്യമായ രാഷ്ട്രീയ ധാരണയുടെ അടിസ്ഥാനത്തിൽ പറഞ്ഞത്’ -മദ്യപാന വിലക്കിനെ കുറിച്ച് എം.വി. ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: പാർട്ടി അംഗങ്ങൾ മദ്യപിക്കരുതെന്നും കുടിച്ചാൽ പാർട്ടിയിൽനിന്ന് പുറത്താക്കുമെന്നും പറഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, അനുഭാവികൾക്ക് മദ്യപിക്കാൻ അനുവാദം നൽകിയതിനെ ന്യായീകരിച്ചു. പാർട്ടി നേതൃസ്ഥാനത്തുള്ളവർക്കും അണികൾക്കും മാത്രമാണ് മദ്യവിലക്കെന്നും പാർട്ടി അംഗങ്ങളല്ലാത്ത അനുഭാവികൾ, പാർട്ടി ബന്ധുക്കൾ എന്നിവർ മദ്യപിക്കുന്നതിൽ എതിർപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങൾ ഒരു സുപ്രഭാതത്തിൽ വെളിപാടുണ്ടായിട്ട് പറഞ്ഞതല്ലെന്നും കൃത്യമായ രാഷ്ട്രീയ ധാരണയുടെ അടിസ്ഥാനത്തിൽ പറഞ്ഞതാണെന്നും പാർട്ടി സെക്രട്ടറി വ്യക്തമാക്കി.
എം.വി. ഗോവിന്ദൻ ഇന്നലെ പറഞ്ഞത്:
“പാർട്ടി അംഗങ്ങൾ മദ്യപിക്കാൻ പാടില്ല. മദ്യപിക്കരുതെന്ന് ഭരണഘടനാപരമായി തന്നെ പറയുന്നുണ്ട്. ഞങ്ങളാരും ഇന്നുവരെ ഒരുതുള്ളി കുടിച്ചിട്ടില്ല. മദ്യപിക്കില്ല, സിഗരറ്റ് വലിക്കില്ല, അങ്ങനെ വലിക്കാൻ പാടില്ല എന്ന ദാർശനിക കാഴ്ചപ്പാടിൽ വളർന്നുവന്നവരാണ് ഞങ്ങൾ. ആരെങ്കിലും മദ്യപിക്കുന്നതായി നിങ്ങൾ പറഞ്ഞാൽ ഞങ്ങൾ അപ്പോൾ തന്നെ അവരെ പുറത്താക്കും. കുട്ടികളിലെ അക്രമ വാസന വളർത്തുന്ന നിലയിൽ മയക്കുമരുന്നിന്റെ ഉപയോഗം വ്യാപിക്കുന്നുണ്ട്. ലഹരിയുടെ വിപണനവും ഉപയോഗവും കേരളത്തിലും സജീവമാകുന്നുണ്ട്. അതിന്റെ തെളിവുകളാണ് അടുത്തിടെ ഉണ്ടായ സംഭവങ്ങൾ. അതിനെതിരെ കക്ഷി രാഷ്ട്രീയം നോക്കാതെ ഒന്നിക്കണം. സർക്കാർ സംവിധാനം സ്കൂളുകളിൽ ഉൾപ്പെടെ ഇടപെടൽ നടത്തും’
ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്:
“മദ്യപിക്കുന്നവർ പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിൽ യാതൊരു പ്രശ്നവുമില്ല. പാർട്ടി അംഗങ്ങളല്ലാത്ത അനുഭാവികൾ, പാർട്ടി ബന്ധുക്കൾ എന്നിവർ മദ്യപിക്കുന്നതിൽ എതിർപ്പില്ല. മദ്യപിക്കുന്നവർക്ക് പാർട്ടിയുമായി ബന്ധം പാടില്ലെന്ന് ഞാൻ പറഞ്ഞിട്ടില്ല. പാർട്ടി സംഘടനാ രംഗത്ത് നിൽക്കുന്ന സഖാക്കൾ, പാർട്ടി അംഗങ്ങൾ മദ്യപിക്കരുതെന്നാണ് ഞാൻ പറഞ്ഞത്. ഒരു സുപ്രഭാതത്തിൽ വെളിപാടുണ്ടായിട്ട് പറഞ്ഞതല്ല. കൃത്യമായ രാഷ്ട്രീയ ധാരണയുടെ അടിസ്ഥാനത്തിൽ പറഞ്ഞതാണ്. അതിലേക്കാണ് നമ്മൾ എത്തേണ്ടത്. ലഹരിയെക്കുറിച്ചാണ് ഇപ്പോൾ ചർച്ച നടക്കുന്നത്. ഇക്കാര്യങ്ങളിലെല്ലാം സഖാക്കൾക്ക് അവബോധം ഉണ്ടാകണമെന്നാണ് പാർട്ടി നിലപാട്”
പാർട്ടി അംഗങ്ങൾക്കും മദ്യപിക്കാമെന്ന് സി.പി.ഐ; ‘മദ്യപിച്ച് ജനങ്ങൾക്ക് മുന്നിൽ നാലുകാലിൽ വരരുത്’
പാർട്ടി അംഗങ്ങൾക്ക് വേണെമങ്കിൽ മദ്യപിക്കാമെന്നും എന്നാൽ, മദ്യപിച്ച് ജനങ്ങൾക്ക് മുന്നിൽ നാലുകാലിൽ വരരുതെന്നുമാണ് തങ്ങളുടെ നിലപാടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു. മദ്യപാനശീലമുണ്ടെങ്കിൽ അത് വീട്ടിൽ വച്ചായിക്കോയെന്നും പാർട്ടി പ്രവർത്തന രേഖയിൽ അംഗങ്ങൾക്കുള്ള മദ്യപാന നിയന്ത്രണം സംബന്ധിച്ച ഭേദഗതിയെക്കുറിച്ച് വിശദീകരിക്കവെ അദ്ദേഹം പറഞ്ഞു.
‘പാർട്ടിയുടെ നയം മദ്യവർജനമാണ്, നിരോധനമല്ല. കമ്യൂണിസ്റ്റുകാർ പരസ്യമായി മദ്യപിച്ച് ജനമധ്യത്തിൽ വരാൻ പാടില്ല. അവരെ ജനങ്ങൾ നാലുകാലിൽ കാണാൻ പാടില്ല. കള്ളുകുടിക്കാൻ വേണ്ടിയുള്ള കമ്പനിയിൽ പെടാൻ പാടില്ല. പ്രമാണിമാരുടെയും കള്ളൻമാരുടെയും കൈയിൽനിന്ന് പണം വാങ്ങി കള്ളുകുടിക്കാൻ പാടില്ല. പാർട്ടി അംഗങ്ങൾക്ക് മദ്യപാന ശീലമുണ്ടെങ്കിൽ വീട്ടിൽ വെച്ചായിക്കോ.. മദ്യപാന ശീലം ഉണ്ടെങ്കിൽ അതിനെ തടയാൻ പാർട്ടി ആരുമല്ല. പക്ഷേ ഉത്തരവാദിത്തതോടെ പൊതുസമൂഹത്തിൽ ഇടപെടണം. മദ്യപാനം ഒരു ശലീമാക്കുകയോ, പൊതുസ്ഥലങ്ങളിൽ മദ്യപിച്ച് പാർട്ടിയുടെ യശസ്സിന് കളങ്കമുണ്ടാക്കുകയോ ചെയ്യരുത്. സമൂഹം ഉയർത്തിപ്പിടിക്കുന്ന സദാചാര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും തന്റെ വ്യക്തി ജീവിതത്തിൽ കൂടി മറ്റുള്ളവർക്ക് കൂടി മാതൃകയാവുകയും വേണം’ -മാർഗരേഖ വായിച്ച് ബിനോയിവിശ്വം വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.